Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 118 - സത്യവേദപുസ്തകം C.L. (BSI)


വിജയം നല്‌കിയതിനു സ്തോത്രം

1 സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ! അവിടുന്നു നല്ലവനല്ലോ!

2 അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.

3 അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണെന്ന് ഇസ്രായേൽജനം പറയട്ടെ.

4 അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് അഹരോൻവംശജർ പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് സർവേശ്വരന്റെ ഭക്തന്മാർ പറയട്ടെ.

5 എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, അവിടുന്ന് എനിക്കുത്തരമരുളി, എന്നെ വിടുവിച്ചു.

6 സർവേശ്വരൻ എന്റെ കൂടെയുണ്ട്, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?

7 എന്നെ സഹായിക്കാൻ സർവേശ്വരൻ എന്റെ കൂടെയുണ്ട്. എന്റെ ശത്രുക്കളുടെ പതനം ഞാൻ കാണും.

8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്.

9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്.

10 ജനതകൾ എന്നെ വളഞ്ഞു, സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചു.

11 അവർ എന്നെ വളഞ്ഞു. എല്ലാ വശത്തുനിന്നും അവർ എന്നെ വലയം ചെയ്തു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു.

12 തേനീച്ചപോലെ അവർ എന്നെ പൊതിഞ്ഞെങ്കിലും, മുൾപ്പടർപ്പു കത്തി വെണ്ണീറാകുന്നതുപോലെ അവർ നശിച്ചു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു.

13 വീണു പോകത്തക്കവിധം അവർ എന്നെ ആഞ്ഞുതള്ളി; എങ്കിലും സർവേശ്വരൻ എന്നെ സഹായിച്ചു.

14 സർവേശ്വരൻ എന്റെ ബലം, അവിടുന്നാണ് എന്റെ ആനന്ദകീർത്തനം; അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.

15 ഇതാ, നീതിമാന്മാരുടെ കൂടാരങ്ങളിൽ ജയഘോഷം ഉയരുന്നു; സർവേശ്വരന്റെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു.

16 സർവേശ്വരന്റെ വലങ്കൈ ഉയർന്നിരിക്കുന്നു; അവിടുത്തെ വലങ്കൈ അവർക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു.

17 ഞാൻ മരിക്കുകയില്ല; ഞാൻ ജീവിച്ചിരുന്ന് സർവേശ്വരന്റെ പ്രവൃത്തികൾ വർണിക്കും.

18 അവിടുന്ന് എന്നെ കഠിനമായി ശിക്ഷിച്ചു, എങ്കിലും അവിടുന്ന് എന്നെ മരിക്കാൻ ഇടയാക്കിയില്ല.

19 നീതിയുടെ വാതിലുകൾ തുറന്നുതരിക, ഞാനവയിലൂടെ പ്രവേശിച്ചു സർവേശ്വരനു സ്തോത്രം അർപ്പിക്കട്ടെ.

20 സർവേശ്വരന്റെ കവാടം ഇതുതന്നെ, നീതിമാന്മാർ ഇതിലൂടെ പ്രവേശിക്കും. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും.

21 അവിടുന്ന് എന്റെ അപേക്ഷ കേട്ട് എന്നെ വിടുവിച്ചുവല്ലോ.

22 പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.

23 ഇതു സർവേശ്വരന്റെ പ്രവൃത്തിയാകുന്നു. ഇത് എത്ര വിസ്മയകരം!

24 ഇതു സർവേശ്വരൻ പ്രവർത്തിച്ച ദിവസമാണ്. നമുക്ക് ആനന്ദിച്ചുല്ലസിക്കാം.

25 സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അവിടുന്നു ഞങ്ങൾക്കു വിജയം നല്‌കണമേ.

26 സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്നു നിങ്ങളെ ആശീർവദിക്കുന്നു.

27 സർവേശ്വരനാണ് ദൈവം; അവിടുന്നു നമ്മുടെമേൽ പ്രകാശം ചൊരിഞ്ഞിരിക്കുന്നു. പ്രദക്ഷിണത്തിനായി ഇളംചില്ലകളേന്തി നില്‌ക്കുന്ന തീർഥാടകരെ യാഗപീഠത്തിന്റെ കൊമ്പുകളോളം അണിയണിയായി നിർത്തുവിൻ.

28 അവിടുന്നാണ് എന്റെ ദൈവം. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്നാണ് എന്റെ ദൈവം, ഞാൻ അങ്ങയെ വാഴ്ത്തും.

29 സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ. അവിടുന്നു നല്ലവനല്ലോ. അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan