സങ്കീർത്തനങ്ങൾ 112 - സത്യവേദപുസ്തകം C.L. (BSI)ദൈവഭക്തന്റെ സന്തോഷം 1 സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകൾ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. 2 അവന്റെ സന്തതി ഭൂമിയിൽ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും. 3 അവന്റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂർണവും ആയിരിക്കും. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും. 4 പരമാർഥഹൃദയമുള്ളവന് അന്ധകാരത്തിൽ പ്രകാശം ഉദിക്കും. സർവേശ്വരൻ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു. 5 ഔദാര്യപൂർവം വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും. 6 നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻ വിസ്മരിക്കപ്പെടുകയില്ല. 7 ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം സർവേശ്വരനിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 8 അവൻ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല. അവൻ തന്റെ ശത്രുക്കളുടെ പരാജയം കാണും. 9 അവൻ ദരിദ്രർക്ക് ഉദാരമായി കൊടുക്കുന്നു. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കുന്നു. അവന്റെ ശക്തിയും ബഹുമാനവും വർധിക്കും. 10 ദുഷ്ടൻ അതു കണ്ടു കോപിക്കുന്നു; അവൻ പല്ലു കടിക്കുന്നു; അവന്റെ ഉള്ളുരുകുന്നു. ദുഷ്ടന്റെ ആശകൾ നിഷ്ഫലമാകും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India