സങ്കീർത്തനങ്ങൾ 111 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരന്റെ പ്രവൃത്തികൾ 1 സർവേശ്വരനെ സ്തുതിക്കുവിൻ! പൂർണഹൃദയത്തോടെ നീതിനിഷ്ഠരുടെ ആരാധനാസഭയിൽ ഞാൻ സർവേശ്വരനു സ്തോത്രം അർപ്പിക്കും. 2 സർവേശ്വരന്റെ പ്രവൃത്തികൾ എത്ര മഹത്തരം! അതിൽ ആനന്ദിക്കുന്നവർ അവയെക്കുറിച്ചു ധ്യാനിക്കുന്നു. 3 അവിടുത്തെ പ്രവൃത്തികൾ മഹത്തും തേജസ്സുറ്റതുമാണ്. അവിടുത്തെ നീതി ശാശ്വതമത്രേ. 4 തന്റെ അദ്ഭുതപ്രവൃത്തികൾ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു. അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു. 5 അവിടുന്നു തന്റെ ഭക്തന്മാർക്ക് ആഹാരം നല്‌കുന്നു. അവിടുന്നു തന്റെ ഉടമ്പടി എപ്പോഴും ഓർക്കുന്നു. 6 അന്യജനതകളുടെ ദേശം അവിടുന്നു സ്വജനത്തിനു നല്‌കി. അവിടുന്നു തന്റെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു. 7 അവിടുത്തെ പ്രവൃത്തികൾ വിശ്വസ്തവും നീതിയുക്തവുമാകുന്നു. അവിടുത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യം തന്നെ. 8 അവ എന്നേക്കും നിലനില്‌ക്കുന്നു. സത്യസന്ധമായും വിശ്വസ്തമായും അവ അനുഷ്ഠിക്കപ്പെടേണ്ടതിനു തന്നെ. 9 അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു. അവിടുന്ന് അവരോടു ശാശ്വതമായ ഉടമ്പടി ചെയ്തു. വിശുദ്ധവും ഭീതിദവുമാണ് അവിടുത്തെ നാമം. 10 സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം. അതു പരിശീലിക്കുന്നവർ വിവേകികളാകും. അവിടുന്ന് എന്നേക്കും പ്രകീർത്തിക്കപ്പെടും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India