സങ്കീർത്തനങ്ങൾ 110 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരൻ തിരഞ്ഞെടുത്ത രാജാവ് ദാവീദിന്റെ സങ്കീർത്തനം 1 സർവേശ്വരൻ എന്റെ കർത്താവായ രാജാവിനോട് അരുളിച്ചെയ്തു: “നീ എന്റെ വലത്തുഭാഗത്തിരിക്ക; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴിലാക്കും.” 2 സർവേശ്വരൻ നിന്റെ ബലമുള്ള ചെങ്കോൽ സീയോനിൽനിന്നു നീട്ടും. 3 നിന്റെ ശത്രുക്കളുടെ മധ്യേ നീ വാഴുക. നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്റെ ജനം മടികൂടാതെ ആത്മസമർപ്പണം ചെയ്യും. ഉഷസ്സിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്റെ യുവാക്കൾ നിന്റെ അടുക്കൽ വരും. 4 സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അവിടുന്നു വാക്കു മാറുകയില്ല. “നീ മൽക്കീസേദെക്കിന്റെ പരമ്പരയിൽ, എന്നേക്കും പുരോഹിതനായിരിക്കും.” 5 സർവേശ്വരൻ അങ്ങയുടെ വലത്തുഭാഗത്തുണ്ട്. തന്റെ ക്രോധത്തിന്റെ ദിവസത്തിൽ അവിടുന്നു രാജാക്കന്മാരെ തകർക്കും. 6 ജനതകളെ അവിടുന്നു ന്യായം വിധിക്കും. അവരുടെ ദേശം മൃതശരീരങ്ങൾകൊണ്ടു നിറയ്‍ക്കും. അവിടുന്നു ഭൂമിയിലെ ഭരണാധികാരികളെ തകർക്കും. 7 വഴിയരികിലുള്ള നീർച്ചാലിൽനിന്നു രാജാവു പാനംചെയ്യും. അദ്ദേഹം ശിരസ്സുയർത്തി നില്‌ക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India