സങ്കീർത്തനങ്ങൾ 107 - സത്യവേദപുസ്തകം C.L. (BSI)അഞ്ചാം പുസ്‍തകം ദൈവത്തിന്റെ പരിപാലനം 1 സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ, അവിടുന്നു നല്ലവനല്ലോ. 2-3 അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാണെന്ന് അവിടുന്നു വീണ്ടെടുത്തവർ പറയട്ടെ. സർവേശ്വരൻ ശത്രുക്കളിൽനിന്നു വിടുവിച്ച്, കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള ദേശങ്ങളിൽനിന്ന്, മടക്കിക്കൊണ്ടു വന്നവർ തന്നെ ഇങ്ങനെ പറയട്ടെ. 4 പാർക്കാൻ പട്ടണം കാണാതെ അവരിൽ ചിലർ മരുഭൂമിയിൽ അലഞ്ഞു നടന്നു. 5 വിശന്നും ദാഹിച്ചും അവർ തളർന്നു. അവർ ആശയറ്റവരായി. 6 അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. 7 വാസയോഗ്യമായ പട്ടണത്തിലെത്തുന്നതുവരെ അവിടുന്ന് അവർക്ക് നേർവഴി കാട്ടി. 8 സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ; 9 അവിടുന്നു ദാഹാർത്തനു തൃപ്തി വരുത്തുന്നു. വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങൾ നല്‌കി സംതൃപ്തനാക്കുന്നു. 10 ചിലർ ദൈവത്തിന്റെ വാക്കു ധിക്കരിക്കുകയും അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്തു; അവർ അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്നു. 11 അവർ പീഡിപ്പിക്കപ്പെടുകയും ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും ചെയ്തു. 12 കഠിനാധ്വാനംകൊണ്ട് അവരുടെ മനസ്സിടിഞ്ഞു, അവർ വീണപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല. 13 അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. 14 അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു. അവരുടെ ചങ്ങലകൾ അവിടുന്നു പൊട്ടിച്ചെറിഞ്ഞു. 15 സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. 16 അവിടുന്നു ശത്രുക്കളുടെ താമ്രവാതിലുകൾ തകർത്തു. ഇരുമ്പ് ഓടാമ്പലുകൾ ഒടിച്ചു. 17 ഭോഷന്മാർ തങ്ങളുടെ പാപകരമായ വഴികളും അകൃത്യങ്ങളും നിമിത്തം കഷ്ടതയിലായി. 18 അവർ ഭക്ഷണത്തെ വെറുത്തു. മൃത്യുകവാടത്തോട് അവർ അടുത്തു. 19 അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്നു അവരെ രക്ഷിച്ചു. 20 അവിടുത്തെ കല്പനയാൽ അവർ സൗഖ്യം പ്രാപിച്ചു. വിനാശത്തിൽനിന്ന് അവിടുന്ന് അവരെ വിടുവിച്ചു. 21 സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങൾക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും മനുഷ്യർ സ്തോത്രം ചെയ്യട്ടെ. 22 അവർ സ്തോത്രയാഗങ്ങൾ അർപ്പിക്കട്ടെ. ആനന്ദഗീതത്തോടെ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കട്ടെ. 23 ചിലർ വ്യാപാരം ചെയ്യാൻ കപ്പലുകളിൽ സമുദ്രയാത്ര ചെയ്തു. 24 അവർ സർവേശ്വരന്റെ പ്രവൃത്തികൾ കണ്ടു. സമുദ്രത്തിൽ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ തന്നെ. 25 അവിടുന്നു കല്പിച്ചപ്പോൾ കൊടുങ്കാറ്റടിച്ചു. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു. 26 തിരമാലകൾ കപ്പലുകളെ ആകാശത്തോളം ഉയർത്തുകയും ആഴത്തിലേക്കു താഴ്ത്തുകയും ചെയ്തു. ഈ കഷ്ടസ്ഥിതിയിൽ അവരുടെ ധൈര്യം ഉരുകിപ്പോയി. 27 ഉന്മത്തരെപ്പോലെ അവർ ആടിയുലഞ്ഞു, എന്തു ചെയ്യണമെന്ന് അവർക്ക് അറിഞ്ഞു കൂടായിരുന്നു. 28 അപ്പോൾ, അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. യാതനകളിൽനിന്ന് അവിടുന്നു അവരെ വിടുവിച്ചു. 29 അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരമാലകൾ അടങ്ങി. 30 കാറ്റും കോളും അടങ്ങിയതുകൊണ്ട് അവർ സന്തോഷിച്ചു. അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. 31 സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങൾക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. 32 ജനങ്ങൾ ഒത്തുകൂടുന്നിടത്ത് അവർ സർവേശ്വരനെ വാഴ്ത്തട്ടെ; നേതാക്കളുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കട്ടെ. 33 അവിടുന്നു നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവുമാക്കുന്നു. 34 അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു. അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ. 35 അവിടുന്നു മരുഭൂമിയെ ജലാശയമാക്കി, വരണ്ടഭൂമിയെ നീരുറവുകളുള്ള പ്രദേശമാക്കി മാറ്റുന്നു. 36 വിശന്നു വലഞ്ഞവരെ അവിടുന്ന് അവിടെ പാർപ്പിച്ചു. തങ്ങൾക്കു വസിക്കാൻ അവർ അവിടെ ഒരു നഗരം നിർമ്മിച്ചു. 37 അവർ വയലുകളിൽ ധാന്യം വിതച്ചു. മുന്തിരിത്തോട്ടങ്ങൾ നട്ടു പിടിപ്പിച്ചു. സമൃദ്ധമായ വിളവെടുക്കുകയും ചെയ്തു. 38 അവിടുന്ന് അവരെ അനുഗ്രഹിച്ചു. അവരുടെ സംഖ്യ വർധിച്ചു. അവരുടെ കന്നുകാലികൾ കുറഞ്ഞുപോകാൻ അവിടുന്ന് ഇടയാക്കിയില്ല. 39 പീഡനവും കഷ്ടതയും സങ്കടവുംകൊണ്ടു, അവർ എണ്ണത്തിൽ കുറയുകയും ലജ്ജിതരാവുകയും ചെയ്തപ്പോൾ, 40 അവരെ മർദിച്ചവരുടെമേൽ അവിടുന്നു നിന്ദ ചൊരിഞ്ഞു. വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലഞ്ഞുതിരിയാൻ ഇടയാക്കി. 41 എന്നാൽ, അവിടുന്നു ദരിദ്രനെ കഷ്ടതയിൽ നിന്നു വിടുവിച്ചു. ആട്ടിൻപറ്റത്തെപ്പോലെ അവരുടെ കുടുംബങ്ങളെ വർധിപ്പിച്ചു. 42 നിഷ്കളങ്കർ അതു കണ്ടു സന്തോഷിക്കും, ദുഷ്ടർ മൗനമായിരിക്കും. 43 വിവേകശാലികൾ ഇവ ശ്രദ്ധിക്കട്ടെ. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തെ അവർ ധ്യാനിക്കട്ടെ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India