Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 105 - സത്യവേദപുസ്തകം C.L. (BSI)


ദൈവത്തിന്റെ ജനം

1 സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ.

2 അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിൻ; അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ.

3 അവിടുത്തെ വിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ. സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.

4 സർവേശ്വരനെ ആരാധിക്കുവിൻ; അവിടുത്തെ ബലത്തിൽ ആശ്രയിക്കുവിൻ. അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ.

5-6 അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ, അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓർക്കുവിൻ. അവിടുത്തെ അടയാളങ്ങളും അവിടുത്തെ ന്യായവിധികളും തന്നെ.

7 സർവേശ്വരനാണു നമ്മുടെ ദൈവം; അവിടുത്തെ ന്യായവിധികൾ ഭൂമി മുഴുവനും ബാധകമാണ്.

8 അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും, തന്റെ വാഗ്ദാനം ഒരിക്കലും മറക്കയില്ല.

9 അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ,

10 യാക്കോബിന് ഒരു ചട്ടമായി സർവേശ്വരൻ അതു സ്ഥാപിച്ചു. ഇസ്രായേലിനുള്ള ശാശ്വത ഉടമ്പടിയായിത്തന്നെ.

11 ഞാൻ നിനക്കു കനാൻദേശം നല്‌കും. അത് നിനക്കുള്ള അവകാശമായിരിക്കും.

12 അന്ന് അവർ എണ്ണത്തിൽ കുറഞ്ഞ വളരെ ചെറിയ കൂട്ടമായിരുന്നു. അവർ കനാൻദേശത്തു പരദേശികളായിരുന്നു.

13 അവർ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ അലഞ്ഞുനടന്നു.

14 അവരെ പീഡിപ്പിക്കാൻ ആരെയും അവിടുന്നു അനുവദിച്ചില്ല. അവരെ സംരക്ഷിക്കാൻവേണ്ടി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു.

15 “എന്റെ അഭിഷിക്തരെ തൊടരുത്. എന്റെ പ്രവാചകന്മാർക്ക് ഒരുപദ്രവവും ചെയ്യരുത്.”

16 അവിടുന്നു കനാൻദേശത്തു ക്ഷാമം വരുത്തി. അവരുടെ ആഹാരത്തെ നിശ്ശേഷം ഇല്ലാതാക്കി.

17 അവരെ രക്ഷിക്കാൻ അവിടുന്ന് അവർക്കു മുമ്പായി ഒരാളെ ഈജിപ്തിലേക്കയച്ചു; അടിമയായി വില്‌ക്കപ്പെട്ട യോസേഫിനെ തന്നെ.

18 കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ട അയാളുടെ കാലുകളിൽ വിലങ്ങു വച്ചു. കഴുത്തിൽ ഇരുമ്പു പട്ട ധരിപ്പിച്ചു.

19 അയാൾ പ്രവചിച്ചതു നിറവേറുന്നതുവരെ, സർവേശ്വരൻ യോസേഫിനോടറിയിച്ചതു സത്യമെന്നു തെളിയുന്നതുവരെ തന്നെ.

20 ഈജിപ്തിലെ രാജാവ് ആളയച്ചു യോസേഫിനെ മോചിപ്പിച്ചു, അന്യജനതയുടെ അധിപതി അയാളെ സ്വതന്ത്രനാക്കി.

21 രാജാവ് അയാളെ കൊട്ടാരത്തിന്റെ അധികാരിയും തന്റെ സർവസമ്പത്തിന്റെയും മേൽവിചാരകനായും നിയമിച്ചു.

22 പ്രഭുക്കന്മാർക്ക് ശിക്ഷണം നല്‌കാനും ഉപദേഷ്ടാക്കൾക്ക് ജ്ഞാനം ഉപദേശിക്കാനും അയാൾക്ക് അധികാരം നല്‌കി.

23 അപ്പോൾ ഇസ്രായേൽ ഈജിപ്തിലേക്കു വന്നു അതെ, യാക്കോബ് ഹാമിന്റെ ദേശത്ത് ചെന്നു പാർത്തു.

24 ദൈവം തന്റെ ജനത്തെ വളരെ വർധിപ്പിച്ചു. അവരുടെ വൈരികളെക്കാൾ അവരെ പ്രബലരാക്കി.

25 തന്റെ ജനത്തെ വെറുക്കാനും, തന്റെ ദാസരായ ഇസ്രായേല്യരോടു വഞ്ചനാപൂർവം വർത്തിക്കാനും, അവിടുന്ന് ഈജിപ്തുകാർക്ക് ഇടവരുത്തി.

26 അവിടുന്നു തന്റെ ദാസനായ മോശയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.

27 അവർ ഈജിപ്തുകാരുടെ ഇടയിൽ അടയാളങ്ങൾ കാണിച്ചു. അവർ ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങൾ പ്രവർത്തിച്ചു.

28 ദൈവം അന്ധകാരം അയച്ചു ദേശത്തെ ഇരുളിലാഴ്ത്തി. ഈജിപ്തുകാർ അവിടുത്തെ വാക്കു കേട്ടില്ല.

29 അവിടുന്ന് അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങൾ ചത്തൊടുങ്ങി.

30 തവളകൾ അവരുടെ ദേശത്തെ മൂടി. രാജാക്കന്മാരുടെ പള്ളിയറകളിൽപോലും തവളകൾ നിറഞ്ഞു.

31 അവിടുന്നു കല്പിച്ചപ്പോൾ അവരുടെ ദേശത്ത് ഈച്ചയും പേനും നിറഞ്ഞു.

32 അവിടുന്ന് അവർക്കു മഴയ്‍ക്കു പകരം കന്മഴ പെയ്യിച്ചു. ദേശത്തെങ്ങും മിന്നൽപ്പിണരുകൾ അയച്ചു.

33 അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും തകർത്തു; അവരുടെ വൃക്ഷങ്ങൾ നശിപ്പിച്ചു.

34 അവിടുന്നു കല്പിച്ചപ്പോൾ വെട്ടുക്കിളികൾ വന്നു. അവ സംഖ്യയില്ലാതെ വന്നു.

35 അവരുടെ ദേശത്തിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളകളും അവ തിന്നൊടുക്കി.

36 അവിടുന്ന് ഈജിപ്തിലെ സകല ആദ്യജാതന്മാരെയും സംഹരിച്ചു; അവരുടെ കടിഞ്ഞൂലുകളെ തന്നെ.

37 പിന്നീട് അവിടുന്ന് ഇസ്രായേല്യരെ സ്വർണത്തോടും വെള്ളിയോടും കൂടി, ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു. അവരിൽ ഒരുവന്റെയും കാൽ ഇടറിയില്ല.

38 അവർ പോയപ്പോൾ ഈജിപ്തുകാർ സന്തോഷിച്ചു. അവരെക്കുറിച്ച് ഈജിപ്തു ഭീതി പൂണ്ടിരുന്നല്ലോ.

39 അവിടുന്ന് അവർക്കു തണലിനായി മേഘത്തെ മേല്‌ക്കട്ടിയാക്കി. രാത്രിയിൽ അവർക്കു വെളിച്ചം നല്‌കാൻ അഗ്നി ജ്വലിപ്പിച്ചു.

40 അവർ ചോദിച്ചപ്പോൾ അവിടുന്നു കാടപ്പക്ഷികളെ നല്‌കി. അവർക്കുവേണ്ടി ആകാശത്തിൽനിന്നു സമൃദ്ധമായി അപ്പം വർഷിച്ചു.

41 അവിടുന്നു പാറയെ പിളർന്നു, വെള്ളം കുതിച്ചു ചാടി. മരുഭൂമിയിൽ അതു നദിപോലെ ഒഴുകി.

42 അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും, തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു.

43 അങ്ങനെ തന്റെ ജനത്തെ അവിടുന്നു നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനം ഗാനം ആലപിച്ചു.

44 അവിടുന്ന് അന്യജനതകളുടെ ദേശം അവർക്കു നല്‌കി. ജനതകളുടെ അധ്വാനഫലം അവർ കൈവശമാക്കി.

45 അവർ അവിടുത്തെ ചട്ടങ്ങൾ പാലിക്കാനും, അവിടുത്തെ നിയമങ്ങൾ അനുസരിക്കാനും വേണ്ടിത്തന്നെ. സർവേശ്വരനെ സ്തുതിക്കുവിൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan