Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 103 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരനെ വാഴ്ത്തുക
ദാവീദിന്റെ സങ്കീർത്തനം

1 എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക.

2 എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്.

3 അവിടുന്ന് എന്റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു.

4 അവിടുന്നു എന്റെ ജീവനെ മരണത്തിൽ നിന്നു വിടുവിക്കുന്നു. ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു.

5 എന്റെ യൗവനം കഴുകൻറേതുപോലെ പുതുക്കപ്പെടാൻ വേണ്ടി, ആയുഷ്കാലം മുഴുവൻ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു.

6 സർവേശ്വരൻ സകല പീഡിതർക്കും നീതിയും ന്യായവും നടത്തിക്കൊടുക്കുന്നു.

7 അവിടുന്നു തന്റെ വഴികൾ മോശയ്‍ക്കും തന്റെ പ്രവൃത്തികൾ ഇസ്രായേൽജനത്തിനും വെളിപ്പെടുത്തി.

8 സർവേശ്വരൻ കാരുണ്യവാനും കൃപാലുവും ആകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.

9 അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല. കോപം മനസ്സിൽ വച്ചുകൊണ്ടിരിക്കുകയുമില്ല.

10 നമ്മുടെ പാപങ്ങൾക്കൊത്തവിധം അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല. നമ്മുടെ അകൃത്യങ്ങൾക്ക് അനുസൃതമായി പകരം ചെയ്യുന്നുമില്ല.

11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ, തന്റെ ഭക്തന്മാരോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം ഉന്നതമായിരിക്കുന്നു.

12 ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ, അവിടുന്നു നമ്മുടെ അപരാധങ്ങൾ അകറ്റിയിരിക്കുന്നു.

13 പിതാവിനു മക്കളോടെന്നപോലെ, സർവേശ്വരനു തന്റെ ഭക്തന്മാരോടു കനിവു തോന്നുന്നു.

14 നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓർക്കുന്നു.

15 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അതു വിടരുന്നു.

16 കാറ്റടിക്കുമ്പോൾ അതു കൊഴിഞ്ഞുപോകുന്നു. അതു നിന്നിരുന്ന സ്ഥാനംപോലും ആരും അറിയുകയില്ല.

17 എന്നാൽ സർവേശ്വരനു തന്റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‌ക്കുന്നു.

18 അവിടുത്തെ ഉടമ്പടി പാലിക്കുന്നവർക്കും കല്പനകൾ ശ്രദ്ധാപൂർവം അനുസരിക്കുന്നവർക്കും തന്നെ.

19 സർവേശ്വരൻ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. സമസ്തവും അവിടുത്തേക്കു കീഴ്പെട്ടിരിക്കുന്നു.

20 അവിടുത്തെ ശബ്ദം കേൾക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതന്മാരേ, സർവേശ്വരനെ വാഴ്ത്തുവിൻ!

21 തിരുഹിതം നിറവേറ്റുന്ന അവിടുത്തെ ശുശ്രൂഷകരുടെ സൈന്യമേ, സർവേശ്വരനെ വാഴ്ത്തുവിൻ.

22 അവിടുത്തെ ആധിപത്യത്തിൻ കീഴിലുള്ള സമസ്ത സൃഷ്‍ടികളുമേ, സർവേശ്വരനെ വാഴ്ത്തുവിൻ! എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക!

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan