സങ്കീർത്തനങ്ങൾ 101 - സത്യവേദപുസ്തകം C.L. (BSI)രാജാവിന്റെ പ്രതിജ്ഞ ദാവീദിന്റെ സങ്കീർത്തനം 1 ഞാൻ കരുണയെയും നീതിയെയും കുറിച്ചു പാടും, സർവേശ്വരാ, ഞാൻ അങ്ങേക്കു കീർത്തനം പാടും. 2 ഞാൻ നിഷ്കളങ്കമാർഗത്തിൽ നടക്കും; എപ്പോഴാണ് അവിടുന്ന് എന്റെ അടുക്കൽ വരിക? ഞാൻ എന്റെ ഭവനത്തിൽ പരമാർഥഹൃദയത്തോടെ ജീവിക്കും. 3 നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു. ഞാനതിൽ പങ്കു ചേരുകയില്ല. 4 വക്രതയെ ഞാൻ അകറ്റിനിർത്തും, തിന്മയോട് എനിക്കു ബന്ധമില്ല. 5 അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും. ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല. 6 ദേശത്തെ വിശ്വസ്തരെ ഞാൻ ആദരിക്കും; അവർ എന്നോടൊത്തു വസിക്കും. നിഷ്കളങ്കർ എന്റെ സേവകരായിരിക്കും. 7 ഒരു വഞ്ചകനും എന്റെ ഭവനത്തിൽ പാർക്കുകയില്ല. വ്യാജം പറയുന്നവനെ ഞാൻ എന്റെ മുമ്പിൽ നിന്ന് ഓടിക്കും. 8 ദേശത്തുള്ള ദുഷ്ടരെ ഞാൻ ദിനംപ്രതി നശിപ്പിക്കും. സർവേശ്വരന്റെ നഗരത്തിൽനിന്നു ഞാൻ ദുഷ്കർമികളെ നിർമ്മാർജനം ചെയ്യും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India