Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 8 - സത്യവേദപുസ്തകം C.L. (BSI)


ജ്ഞാനത്തെ പ്രകീർത്തിക്കുന്നു

1 ജ്ഞാനം ഉച്ചത്തിൽ വിളിച്ചു പറയുന്നതു കേൾക്കുന്നില്ലേ? വിവേകം ശബ്ദം ഉയർത്തുന്നതു നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ?

2 വഴിയരികിലുള്ള കുന്നുകളുടെ മുകളിലും വീഥികളിലും അവൾ നില ഉറപ്പിക്കുന്നു.

3 നഗരകവാടത്തിൽ വാതിലിനരികെ നിന്നുകൊണ്ട് അവൾ വിളിച്ചുപറയുന്നു:

4 അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോടു ഉദ്ഘോഷിക്കുന്നു; ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

5 അപക്വമതികളേ, വിവേകം തേടുവിൻ, ഭോഷന്മാരേ, ജ്ഞാനം ഉൾക്കൊള്ളുവിൻ.

6 ശ്രേഷ്ഠമായ കാര്യങ്ങൾ ഞാൻ പറയാൻ പോകുന്നു; നേരായുള്ളതേ എന്റെ അധരങ്ങളിൽനിന്നു പുറപ്പെടൂ.

7 ഞാൻ സത്യം സംസാരിക്കും; ദുർഭാഷണം ഞാൻ വെറുക്കുന്നു.

8 എന്റെ എല്ലാ വചനങ്ങളും നീതിയുക്തമാണ്. അവയിൽ വളവും വക്രതയും ഇല്ല, ഗ്രഹിക്കാൻ കെല്പുള്ളവന് അതു ഋജുവുമാണ്.

9 അറിവു നേടുന്നവർക്ക് അതു നേരായത്.

10 വെള്ളിക്കു പകരം പ്രബോധനവും വിശിഷ്ടമായ സ്വർണത്തിനു പകരം ജ്ഞാനവും സ്വീകരിക്കൂ.

11 ജ്ഞാനം രത്നത്തെക്കാൾ മികച്ചത് നീ ആഗ്രഹിക്കുന്ന മറ്റെല്ലാത്തിനെക്കാളും അത് ശ്രേഷ്ഠവുമാണ്.

12 ജ്ഞാനമാകുന്ന ഞാൻ വിവേകത്തിൽ വസിക്കുന്നു; എന്നിൽ പരിജ്ഞാനവും വിവേചനാശക്തിയും ഉണ്ട്.

13 ദൈവഭക്തി തിന്മയോടുള്ള വെറുപ്പാണ്; അഹന്തയും ദുർമാർഗവും ദുർഭാഷണവും ഞാൻ വെറുക്കുന്നു.

14 നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്; എന്നിൽ ഉൾക്കാഴ്ചയും ശക്തിയുമുണ്ട്.

15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; ഭരണാധിപന്മാർ നീതി നടത്തുന്നു.

16 ഞാൻ മുഖേന പ്രഭുക്കന്മാർ ഭരിക്കുന്നു; നാടുവാഴികൾ ആധിപത്യം പുലർത്തുന്നു.

17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; ശ്രദ്ധയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു.

18 ധനവും മാനവും അനശ്വരസമ്പത്തും ഐശ്വര്യവും എന്റെ പക്കലുണ്ട്.

19 എന്നിൽനിന്നു ലഭിക്കുന്നത് പൊന്നിലും തങ്കത്തിലും മികച്ചത്. എന്നിൽനിന്നുള്ള ആദായം മേൽത്തരം വെള്ളിയെക്കാൾ മേന്മയുള്ളത്.

20 ഞാൻ നീതിയുടെ വഴിയിൽ, ന്യായത്തിന്റെ പാതകളിൽ നടക്കുന്നു.

21 എന്നെ സ്നേഹിക്കുന്നവരുടെ ഭണ്ഡാരം ഞാൻ നിറയ്‍ക്കുകയും അവരെ സമ്പന്നരാക്കുകയും ചെയ്യുന്നു.

22 സർവേശ്വരൻ സർവസൃഷ്‍ടികൾക്കും മുമ്പായി സൃഷ്‍ടികളിൽ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു.

23 യുഗങ്ങൾക്കു മുമ്പ്, ഭൂമിയുടെ ഉൽപത്തിക്കു മുമ്പുതന്നെ ഞാൻ സൃഷ്‍ടിക്കപ്പെട്ടു.

24 ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു.

25 ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാൻ സൃഷ്‍ടിക്കപ്പെട്ടു.

26 അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്.

27 അവിടുന്ന് ആകാശത്തെ സ്ഥാപിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അവിടുന്ന് ആഴിയുടെ മീതെ ചക്രവാളം വരച്ചപ്പോഴും

28 ഉയരത്തിൽ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴിയിൽ ഉറവകൾ തുറന്നപ്പോഴും

29 ജലം തന്റെ ആജ്ഞ ലംഘിക്കാതിരിക്കാൻ അവിടുന്ന് സമുദ്രത്തിന് അതിര് നിശ്ചയിച്ചപ്പോഴും ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോഴും

30 ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ഞാൻ അവിടുത്തെ സമീപത്തുണ്ടായിരുന്നു. ഞാൻ അവിടുത്തേക്ക് ദിനംതോറും പ്രമോദം നല്‌കി; ഞാൻ തിരുമുമ്പിൽ എപ്പോഴും ആനന്ദിച്ചിരുന്നു.

31 സൃഷ്‍ടികൾ അധിവസിക്കുന്ന അവിടുത്തെ ലോകത്തിൽ ഞാൻ ആനന്ദിക്കുകയും മനുഷ്യജാതിയിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു.

32 മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക; എന്റെ വഴികൾ അനുസരിക്കുന്നവർ ഭാഗ്യശാലികൾ.

33 പ്രബോധനം കേട്ടു വിജ്ഞാനികളാകുവിൻ; അതിനെ അവഗണിക്കരുത്.

34 ദിവസേന എന്റെ പടിവാതില്‌ക്കൽ കാത്തുനിന്ന് ശ്രദ്ധയോടെ എന്റെ വാക്കു കേൾക്കുന്നവൻ ധന്യനാകുന്നു.

35 എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തുന്നുവല്ലോ, അവനു സർവേശ്വരന്റെ പ്രീതി ലഭിക്കുന്നു.

36 എന്നാൽ എന്നെ ഉപേക്ഷിക്കുന്നവൻ തനിക്കുതന്നെ ദ്രോഹം വരുത്തുന്നു. എന്നെ ദ്വേഷിക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan