സദൃശവാക്യങ്ങൾ 31 - സത്യവേദപുസ്തകം C.L. (BSI)ഒരു രാജാവിനുള്ള ഉപദേശം 1 മസ്സായിലെ ലെമൂവേൽ രാജാവിന്റെ വചനങ്ങൾ: ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്. 2 എന്റെ പ്രാർഥനയ്‍ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ, എന്താണു ഞാൻ നിന്നോടു പറയേണ്ടത്? 3 സ്‍ത്രീകൾക്ക് നിന്റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്‍ത്രീകൾക്കു നിന്റെ കഴിവുകളും നല്‌കരുത്. 4 വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല. ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല; മദ്യാസക്തി ഭരണാധിപന്മാർക്ക് ഉചിതമല്ല. 5 അവർ മദ്യപിച്ചു കല്പനകൾ വിസ്മരിക്കുകയും പീഡിതന്റെ ന്യായമായ അവകാശങ്ങൾ അവഗണിക്കുകയും ചെയ്യും. 6 നശിക്കാൻ പോകുന്നവനു മദ്യവും കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക. 7 അവർ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ. 8 മൂകനുവേണ്ടിയും അഗതിയുടെ അവകാശങ്ങൾക്കുവേണ്ടിയും നീ സംസാരിക്കുക. 9 നീ നീതിപൂർവം വിധി കല്പിക്കുക; എളിയവന്റെയും ദരിദ്രന്റെയും അവകാശം സംരക്ഷിക്കുക. സാമർഥ്യമുള്ള ഭാര്യ 10 ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും? അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ. 11 ഭർത്താവ് അവളെ പൂർണമായി വിശ്വസിക്കുന്നു. അയാളുടെ നേട്ടങ്ങൾ വർധിക്കും. 12 അവൾ ആജീവനാന്തം തന്റെ ഭർത്താവിനു നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല. 13 അവൾ ആട്ടിൻരോമവും ചണവും ശേഖരിച്ച് ഉത്സാഹത്തോടെ പണിയെടുക്കുന്നു. 14 അവൾ വ്യാപാരിയുടെ കപ്പൽപോലെ വിദൂരത്തുനിന്ന് ആഹാരസാധനങ്ങൾ കൊണ്ടുവരുന്നു. 15 പുലരും മുമ്പേ ഉണർന്നു കുടുംബാംഗങ്ങൾക്ക് അവൾ ആഹാരം ഒരുക്കുന്നു. പരിചാരികകൾക്കു ജോലി നിർദ്ദേശിക്കുന്നു. 16 അവൾ നല്ല നിലം നോക്കി വാങ്ങുന്നു, താൻ നേടിയ വകകൊണ്ട് അവൾ മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുന്നു. 17 അവൾ അര മുറുക്കി ഉത്സാഹപൂർവം കഠിനാധ്വാനം ചെയ്യുന്നു. 18 തന്റെ വ്യാപാരം ആദായകരമാണോ എന്ന് അവൾ പരിശോധിക്കുന്നു. രാത്രിയിലും അധ്വാനിക്കുന്നതുകൊണ്ട് അവളുടെ വിളക്ക് അണയുന്നില്ല. 19 അവൾ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു. 20 ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു. 21 മഞ്ഞു പെയ്യുന്ന കാലത്ത് അവൾ സ്വഭവനത്തിലുള്ളവരെ ഓർത്ത് ആകുലപ്പെടുന്നില്ല. വീട്ടിലുള്ള എല്ലാവർക്കും കമ്പിളി വസ്ത്രമുണ്ടല്ലോ. 22 അവൾ സ്വന്ത കൈകൊണ്ടു വിരിപ്പുകൾ നിർമ്മിക്കുന്നു; സ്വയം നെയ്തുണ്ടാക്കിയ നേർത്ത ലിനൻ കൊണ്ടുള്ള കടുംചുവപ്പു വസ്ത്രങ്ങൾ അവൾ ധരിക്കുന്നു. 23 അവളുടെ ഭർത്താവു ജനപ്രമാണികളോടൊത്തു പട്ടണവാതില്‌ക്കൽ ഇരിക്കുമ്പോൾ ശ്രദ്ധേയനായിത്തീരുന്നു. 24 അവൾ ലിനൻവസ്ത്രം ഉണ്ടാക്കി വില്‌ക്കുന്നു; അരക്കച്ച നിർമ്മിച്ച് കച്ചവടക്കാരെ ഏല്പിക്കുന്നു. 25 ബലവും അന്തസ്സും അവൾ അണിയുന്നു; ഭാവിയെ ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു. 26 അവൾ ജ്ഞാനവചസ്സുകൾ മൊഴിയുന്നു; ദയാപൂർണമായ ഉപദേശങ്ങൾ നല്‌കുന്നു. 27 കുടുംബാംഗങ്ങളുടെ പെരുമാറ്റം അവൾ നല്ലവിധം നിരീക്ഷിക്കുന്നു. അലസമായി ഇരുന്ന് അവൾ അഹോവൃത്തി കഴിക്കുന്നില്ല. 28 അവളുടെ മക്കൾ അവളെ ആദരിക്കുന്നു; ഭർത്താവും അവളെ പുകഴ്ത്തുന്നു. 29 അനേകം ഉത്തമകുടുംബിനികൾ ഉണ്ട്; നീയാകട്ടെ അവരെയെല്ലാം അതിശയിക്കുന്നു. 30 വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യർഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ പ്രശംസ അർഹിക്കുന്നു. 31 അവളുടെ പ്രയത്നഫലം അവൾക്കു നല്‌കുവിൻ, അവളുടെ പ്രവൃത്തികൾ പട്ടണവാതില്‌ക്കൽ പ്രകീർത്തിക്കപ്പെടട്ടെ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India