Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 3 - സത്യവേദപുസ്തകം C.L. (BSI)


യുവജനങ്ങൾക്കുള്ള ഉപദേശം

1 മകനേ, എന്റെ പ്രബോധനം മറക്കരുത്; എന്റെ കല്പനകൾ പാലിക്കുക.

2 അതു ദീർഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും.

3 സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവ നീ കഴുത്തിൽ അണിഞ്ഞുകൊള്ളുക; നിന്റെ ഹൃദയത്തിൽ അവ രേഖപ്പെടുത്തുക.

4 അങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ നീ പ്രീതിയും സൽപ്പേരും നേടും.

5 പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക, സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്.

6 നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.

7 നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.

8 അതു നിന്റെ ശരീരത്തിനു സൗഖ്യവും നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും.

9 നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും സർവേശ്വരനെ ബഹുമാനിക്കുക.

10 അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.

11 മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്.

12 പിതാവു പ്രിയപുത്രനെ എന്നപോലെ സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

13 ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.

14 അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്.

15 അതു രത്നത്തെക്കാൾ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല.

16 ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു.

17 അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു.

18 ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.

19 ജ്ഞാനത്താൽ സർവേശ്വരൻ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ ആകാശത്തെ ഉറപ്പിച്ചു.

20 അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിത്തുറന്നു; മേഘങ്ങൾ മഞ്ഞുപൊഴിച്ചു.

21 മകനേ, അവികലമായ ജ്ഞാനവും, വകതിരിവും പുലർത്തുക; നീ അവയിൽനിന്ന് വ്യതിചലിക്കരുത്.

22 അവ നിനക്കു ജീവനും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.

23 അങ്ങനെ നിന്റെ വഴിയിൽ നീ സുരക്ഷിതനായി നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.

24 നീ നിർഭയനായിരിക്കും; നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും.

25 പെട്ടെന്നുണ്ടാകുന്ന കൊടുംഭീതിയാലോ, ദുഷ്ടന്മാർക്കുണ്ടാകുന്ന വിനാശത്താലോ, നീ ഭയപ്പെടേണ്ടാ.

26 കാരണം, സർവേശ്വരൻ നിന്നെ സുരക്ഷിതനായി സൂക്ഷിക്കും. അവിടുന്നു നിന്നെ കെണിയിൽപ്പെടാതെ സംരക്ഷിക്കും.

27 നന്മ ചെയ്യാൻ നിനക്കു കഴിവുള്ളപ്പോൾ അർഹിക്കുന്നവന് അതു നിഷേധിക്കരുത്.

28 അയൽക്കാരൻ ചോദിക്കുന്നത് നിന്റെ പക്കൽ ഉണ്ടായിരിക്കേ, ‘പോയി വരിക, നാളെത്തരാം’ എന്നു പറയരുത്.

29 നിന്നെ വിശ്വസിച്ചു കഴിയുന്ന അയൽക്കാരനെതിരെ ദോഷം നിരൂപിക്കരുത്.

30 നിനക്കൊരു ദ്രോഹവും ചെയ്യാത്ത മനുഷ്യനോട് അകാരണമായി ശണ്ഠകൂടരുത്.

31 അക്രമികളുടെ വളർച്ചയിൽ അസൂയപൂണ്ട് അവരുടെ വഴികൾ നീ തിരഞ്ഞെടുക്കരുത്.

32 ദുർമാർഗിയെ സർവേശ്വരൻ വെറുക്കുന്നു; നേർവഴിയിൽ ചരിക്കുന്നവനോട് അവിടുന്നു സൗഹൃദം പുലർത്തുന്നു.

33 ദുഷ്ടന്റെ ഭവനത്തിൽ സർവേശ്വരന്റെ ശാപം പതിക്കുന്നു. എന്നാൽ നീതിനിഷ്ഠരുടെ വാസസ്ഥലത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു.

34 പരിഹാസികളെ അവിടുന്നു പരിഹസിക്കുന്നു; എന്നാൽ വിനയമുള്ളവരോട് അവിടുന്നു കരുണകാട്ടുന്നു.

35 ജ്ഞാനികൾ ബഹുമതിയും ഭോഷന്മാർ അവമതിയും നേടും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan