Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 29 - സത്യവേദപുസ്തകം C.L. (BSI)

1 നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവൻ രക്ഷപെടാതെ പെട്ടെന്നു തകർന്നുപോകും.

2 നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടന്മാർ ഭരിക്കുമ്പോഴാകട്ടെ ജനം നെടുവീർപ്പിടുന്നു.

3 ജ്ഞാനത്തെ സ്നേഹിക്കുന്നവൻ തന്റെ പിതാവിനെ സന്തോഷിപ്പിക്കുന്നു; അഭിസാരികകളോടു ഒത്തു വസിക്കുന്നവൻ തന്റെ സമ്പത്ത് ധൂർത്തടിക്കുന്നു.

4 നീതിപാലനത്താൽ രാജാവ് രാജ്യത്തിനു സുസ്ഥിരത വരുത്തുന്നു, എന്നാൽ ജനങ്ങളെ ഞെക്കി പിഴിയുന്നവൻ അതു നശിപ്പിക്കുന്നു.

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവനു കെണി ഒരുക്കുന്നു.

6 ദുഷ്ടമനുഷ്യൻ തന്റെ അതിക്രമങ്ങളിൽ കുടുങ്ങുന്നു; നീതിമാനാകട്ടെ പാടി ആനന്ദിക്കുന്നു.

7 നീതിമാൻ അഗതികളുടെ അവകാശങ്ങൾ അറിയുന്നു; ദുഷ്ടനോ അതു തിരിച്ചറിയുന്നില്ല.

8 പരിഹാസി നഗരത്തിൽ അഗ്നി വർഷിക്കുന്നു; ജ്ഞാനിയാകട്ടെ ക്രോധം അകറ്റുന്നു.

9 ജ്ഞാനി ഭോഷനുമായി വാഗ്വാദം നടത്തിയാൽ ഭോഷൻ കുപിതനാകുകയും അട്ടഹസിക്കുകയും ചെയ്യും, പക്ഷേ സമാധാനം ഉണ്ടാവുകയില്ല.

10 രക്തദാഹികൾ നിഷ്കളങ്കനെ വെറുക്കുന്നു. നിർദ്ദോഷി അവരുടെ ജീവൻ രക്ഷിക്കുന്നു.

11 മൂഢൻ തന്റെ കോപം മുഴുവൻ വെളിപ്പെടുത്തുന്നു; ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്‍ക്കുന്നു.

12 ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താൽ അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും.

13 ദരിദ്രനും മർദകനും ഒരു കാര്യത്തിൽ യോജിപ്പുണ്ട്;

14 ഇരുവർക്കും കണ്ണിന് കാഴ്ച നല്‌കുന്നതു സർവേശ്വരനാണ്. ദരിദ്രർക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്റെ സിംഹാസനം സുസ്ഥിരമായിരിക്കും.

15 അടിയും ശാസനയും ജ്ഞാനം പകർത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലൻ മാതാവിനു അപമാനം വരുത്തും.

16 ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ അതിക്രമം വർധിക്കും; അവരുടെ പതനം നീതിമാന്മാർ കാണും.

17 നിന്റെ മകനു ശിക്ഷണം നല്‌കുക; അവൻ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും.

18 ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും.

19 വാക്കുകൾകൊണ്ടു മാത്രം ഭൃത്യൻ നിയന്ത്രിതനാകുകയില്ല; അവൻ അതു ഗ്രഹിച്ചാലും നിന്നെ കൂട്ടാക്കുകയില്ല.

20 ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനിൽനിന്നു പ്രതീക്ഷിക്കാം.

21 ബാല്യംമുതൽ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യൻ അവസാനം നിൻറേതെല്ലാം കൈവശമാക്കും.

22 കോപിഷ്ഠൻ കലഹം ഇളക്കിവിടുന്നു; ക്രോധമുള്ളവൻ നിരവധി അതിക്രമങ്ങൾ കാട്ടുന്നു.

23 അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാൽ വിനീതഹൃദയനു ബഹുമതി ലഭിക്കും.

24 കള്ളന്റെ കൂട്ടാളി തന്റെ ജീവനെ വെറുക്കുന്നു; അവൻ ശാപവാക്കു കേൾക്കുന്നു; ഒന്നും വെളിപ്പെടുത്തുന്നില്ലതാനും.

25 മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.

26 പലരും ഭരണാധിപന്റെ പ്രീതി തേടുന്നു; എന്നാൽ സർവേശ്വരനിൽ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക.

27 നീതിനിഷ്ഠൻ ദുർമാർഗിയെ വെറുക്കുന്നു; ദുർജനം സന്മാർഗിയെയും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan