Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 28 - സത്യവേദപുസ്തകം C.L. (BSI)

1 ആരും പിൻതുടരാതിരിക്കുമ്പോഴും ദുഷ്ടൻ പേടിച്ചോടുന്നു; നീതിനിഷ്ഠൻ സിംഹത്തെപ്പോലെ ധീരനായിരിക്കും.

2 ഒരു രാജ്യത്ത് അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ഭരണകർത്താക്കളുടെ എണ്ണം വർധിക്കുന്നു. വിവേകവും പരിജ്ഞാനവും ഉള്ള ആളുകൾ ഉണ്ടാകുമ്പോൾ അതിന്റെ സുസ്ഥിരത നീണ്ടുനില്‌ക്കും.

3 ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു.

4 ധർമശാസ്ത്രം പരിത്യജിക്കുന്നവൻ ദുഷ്ടന്മാരെ പ്രശംസിക്കുന്നു; എന്നാൽ അവ അനുസരിക്കുന്നവൻ അവരെ എതിർക്കുന്നു.

5 ദുർജനം നീതി തിരിച്ചറിയുന്നില്ല; സർവേശ്വരനെ ആരാധിക്കുന്നവർ അതു പൂർണമായും തിരിച്ചറിയുന്നു.

6 വക്രമാർഗത്തിൽ ചരിക്കുന്നവനിലും മെച്ചം നേർവഴിയിൽ നടക്കുന്ന ദരിദ്രനാണ്.

7 ധർമശാസ്ത്രം പാലിക്കുന്നവൻ ബുദ്ധിയുള്ള മകനാണ്; തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.

8 പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത് അഗതികളോടു ദയ കാട്ടുന്നവനിൽ ചെന്നു ചേരുന്നു.

9 ധർമശാസ്ത്രം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ പ്രാർഥനപോലും അറപ്പുളവാക്കുന്നു.

10 സത്യസന്ധരെ ദുർമാർഗത്തിലേക്കു നയിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽതന്നെ വീഴും; പരമാർഥഹൃദയരോ നന്മ അനുഭവിക്കും.

11 ധനവാൻ ജ്ഞാനിയെന്നു സ്വയം കരുതുന്നു; എന്നാൽ വിവേകമുള്ള ദരിദ്രൻ അവനെ വിവേചിച്ചറിയുന്നു.

12 നീതിനിഷ്ഠൻ വിജയിക്കുമ്പോൾ എങ്ങും ആഹ്ലാദം ഉണ്ടാകും; എന്നാൽ ദുഷ്ടന്റെ ഉയർച്ചയിൽ മനുഷ്യൻ ഓടി ഒളിക്കുന്നു.

13 തന്റെ തെറ്റുകൾ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.

14 എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവൻ അനുഗൃഹീതൻ, എന്നാൽ ഹൃദയം കഠിനമാക്കുന്നവൻ അനർഥത്തിൽ അകപ്പെടും.

15 ഗർജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടൻ പാവപ്പെട്ടവരുടെമേൽ ഭരണം നടത്തുന്നത്.

16 വിവേകശൂന്യനായ ഭരണാധിപൻ നിഷ്ഠുരനായ ജനമർദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സുണ്ടാകും.

17 കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്.

18 നേർവഴിയിൽ ചരിക്കുന്നവൻ രക്ഷിക്കപ്പെടും, വക്രമാർഗം സ്വീകരിക്കുന്നവൻ കുഴിയിൽ വീഴും.

19 അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും; എന്നാൽ സമയം പാഴാക്കുന്നവൻ ദാരിദ്ര്യം അനുഭവിക്കും.

20 വിശ്വസ്തനായ മനുഷ്യൻ അനുഗ്രഹസമ്പന്നനാകും; എന്നാൽ ധനവാനാകാൻ തിടുക്കം കൂട്ടുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല.

21 പക്ഷപാതം കാട്ടുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യൻ തെറ്റു ചെയ്യുന്നു.

22 ലുബ്ധൻ സമ്പത്തിന്റെ പിന്നാലെ ഓടുന്നു; എന്നാൽ തനിക്കു ദാരിദ്ര്യം വരുമെന്ന് അവൻ അറിയുന്നില്ല.

23 മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും.

24 മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു പറയുന്നവൻ വിനാശകന്റെ കൂട്ടുകാരൻ ആകുന്നു.

25 അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.

26 സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷൻ; വിജ്ഞാനത്തിൽ വ്യാപരിക്കുന്നവനോ വിമോചിതനാകും.

27 ദരിദ്രനു ദാനം ചെയ്യുന്നവൻ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവർഷം ഏല്‌ക്കേണ്ടിവരും.

28 ദുഷ്ടർക്ക് ഉയർച്ച വരുമ്പോൾ ആളുകൾ ഓടി ഒളിക്കുന്നു. അവർ നശിക്കുമ്പോൾ നീതിമാന്മാർ പ്രബലരാകുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan