Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 17 - സത്യവേദപുസ്തകം C.L. (BSI)

1 കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്.

2 നിന്ദ്യമായി വർത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസൻ ഭരിക്കും. പുത്രന്മാരിൽ ഒരാളെപ്പോലെ കുടുംബസ്വത്തിന്റെ ഓഹരി അയാൾ നേടും.

3 വെള്ളി മൂശയിലും സ്വർണം ഉലയിലും പുടം ചെയ്യുംപോലെ സർവേശ്വരൻ ഹൃദയങ്ങളെ ശോധന ചെയ്യുന്നു.

4 ദുഷ്കർമി ദുർജനത്തിന്റെ വാക്കു കേൾക്കുന്നു, നുണയൻ അപവാദത്തിനു ചെവി കൊടുക്കുന്നു.

5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. അന്യന്റെ വിപത്തിൽ സന്തോഷിക്കുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല.

6 പേരക്കിടാങ്ങൾ വൃദ്ധന്മാർക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാർതന്നെ.

7 സുഭാഷിതം ഭോഷനു ചേർന്നതല്ല; വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല.

8 കൈക്കൂലി കൊടുക്കുന്നവൻ അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു; അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും അഭിവൃദ്ധിപ്പെടാമെന്നാണ് അവന്റെ വിചാരം.

9 അപരാധം ക്ഷമിക്കുന്നവൻ സ്നേഹം നേടുന്നു; എന്നാൽ അതു പറഞ്ഞു പരത്തുന്നവൻ മിത്രങ്ങളെ അകറ്റുന്നു.

10 ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്.

11 നിഷേധി കലഹം അന്വേഷിക്കുന്നു; അവനെതിരെ നിഷ്ഠുരനായ ദൂതൻ അയയ്‍ക്കപ്പെടും.

12 ഭോഷനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിലും ഭേദം കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട പെൺകരടിയെ നേരിടുകയാണ്.

13 നന്മയ്‍ക്കു പകരം തിന്മ പ്രവർത്തിക്കുന്നവന്റെ ഭവനത്തിൽനിന്ന് അനർഥം വിട്ടകലുകയില്ല.

14 അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതുകൊണ്ടു തുടക്കത്തിൽത്തന്നെ കലഹം ഒഴിവാക്കുക.

15 ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും സർവേശ്വരൻ ഒരുപോലെ വെറുക്കുന്നു.

16 വിജ്ഞാനം നേടാൻ മനസ്സില്ലാതിരിക്കെ, ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്?

17 സ്നേഹിതൻ എല്ലായ്പോഴും സ്നേഹിക്കുന്നു, അനർഥകാലത്ത് അവൻ നിനക്കു സഹോദരനായിരിക്കും.

18 ബുദ്ധിഹീനൻ അയൽക്കാരനുവേണ്ടി ജാമ്യം നില്‌ക്കുന്നു.

19 അതിക്രമം ഇഷ്ടപ്പെടുന്നവൻ കലഹപ്രിയനാകുന്നു. സമ്പത്തിന്റെ പ്രൗഢി കാട്ടുന്നവൻ വിനാശം വിളിച്ചുവരുത്തുന്നു.

20 വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല; വികടം പറയുന്നവൻ അനർഥത്തിൽ നിപതിക്കും.

21 മൂഢനായ പുത്രൻ പിതാവിനു ദുഃഖകാരണം; ഭോഷന്റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല.

22 സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാൽ തളർന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.

23 ന്യായത്തിന്റെ പാത മറിച്ചുകളയാൻ ദുഷ്ടൻ രഹസ്യമായി കൈക്കൂലി വാങ്ങുന്നു.

24 വിവേകി ജ്ഞാനമുള്ളവനായിരിക്കുന്നു; മൂഢന്റെ ദൃഷ്‍ടി ഭൂമിയിലെങ്ങും അലഞ്ഞുതിരിയുന്നു.

25 മൂഢനായ മകൻ പിതാവിനു ദുഃഖം; അവനെ പ്രസവിച്ചവൾക്ക് കയ്പ്.

26 നീതിമാനു പിഴയിടുന്നതു ശരിയല്ല; ശ്രേഷ്ഠന്മാരെ നീതിനിമിത്തം പ്രഹരിക്കുന്നതും ഉചിതമല്ല.

27 വാക്കുകൾ നിയന്ത്രിക്കുന്നവൻ ജ്ഞാനി, പ്രശാന്ത മനസ്സുള്ളവൻ വിവേകി.

28 മൗനം പാലിച്ചാൽ ഭോഷനും ജ്ഞാനിയായി കരുതപ്പെടും. വായടച്ചിരുന്നാൽ അവൻ ബുദ്ധിമാനായി ഗണിക്കപ്പെടും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan