സദൃശവാക്യങ്ങൾ 13 - സത്യവേദപുസ്തകം C.L. (BSI)1 വിവേകിയായ മകൻ പിതാവിന്റെ പ്രബോധനം കേൾക്കുന്നു; പരിഹാസി ശാസന അവഗണിക്കുന്നു. 2 സജ്ജനം തങ്ങളുടെ വാക്കുകളുടെ സൽഫലം അനുഭവിക്കുന്നു, വഞ്ചകർ ആഗ്രഹിക്കുന്നത് അക്രമമാണ്. 3 സൂക്ഷ്മതയോടെ സംസാരിക്കുന്നവൻ സ്വന്തജീവൻ രക്ഷിക്കുന്നു; വിടുവായനു നാശം നേരിടുന്നു. 4 അലസൻ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല; ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു. 5 സത്യസന്ധൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജാകരവും നിന്ദ്യവും ആയതു പ്രവർത്തിക്കുന്നു. 6 സന്മാർഗിയെ നീതി കാക്കുന്നു; പാപം ദുഷ്ടനെ മറിച്ചുകളയുന്നു. 7 ഒന്നുമില്ലാത്തവരെങ്കിലും ചിലർ ധനികരെന്നു നടിക്കുന്നു; വളരെ ധനമുണ്ടായിട്ടും ചിലർ ദരിദ്രരെന്നു ഭാവിക്കുന്നു. 8 ധനികന് ജീവൻ വീണ്ടെടുക്കാൻ പണം ഉണ്ട്, ദരിദ്രനു മോചനത്തിനു മാർഗമില്ല; 9 നീതിമാന്മാരുടെ ദീപം ജ്വലിച്ചു പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും. 10 അനുസരണംകെട്ടവൻ ഗർവുകൊണ്ടു കലഹം ഉണ്ടാക്കുന്നു. ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു. 11 അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും, കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വർധിച്ചുവരും. 12 പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു. 13 സദുപദേശം നിരസിക്കുന്നവർ നാശം വരുത്തിവയ്‍ക്കുന്നു; കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു. 14 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാകുന്നു. അതു മരണത്തിന്റെ കെണിയിൽനിന്നു രക്ഷിക്കുന്നു; 15 സൽബുദ്ധിയുള്ളവൻ ബഹുമാനം നേടുന്നു; വഞ്ചകന്റെ വഴി അവനെ നാശത്തിലേക്കു നയിക്കുന്നു. 16 വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു; ഭോഷൻ തന്റെ ഭോഷത്തം വെളിപ്പെടുത്തുന്നു. 17 ദുഷ്ടനായ ദൂതൻ മനുഷ്യരെ കുഴപ്പത്തിൽ ചാടിക്കുന്നു; വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു. 18 ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും. 19 അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്. ദോഷം വിട്ടകലുന്നതു ഭോഷന്മാർക്കു വെറുപ്പാണ്. 20 ജ്ഞാനികളുടെ കൂടെ നടക്കുന്നവൻ ജ്ഞാനിയാകും; ഭോഷന്മാരുമായി കൂട്ടു കൂടുന്നവർക്ക് ഉപദ്രവം നേരിടും. 21 അനർഥം പാപികളെ പിന്തുടരുന്നു; എന്നാൽ നീതിനിഷ്ഠർക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും. 22 ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകൾക്കായി ശേഷിപ്പിക്കുന്നു. പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു. 23 തരിശുഭൂമി ദരിദ്രർക്ക് ധാരാളം വിള നല്‌കുന്നു; അധർമി അതും കൈവശപ്പെടുത്തി തരിശിടുന്നു. 24 ശിക്ഷിക്കാതെ മകനെ വളർത്തുന്നവൻ അവനെ സ്നേഹിക്കുന്നില്ല, മകനെ സ്നേഹിക്കുന്നവൻ അവനു ശിക്ഷണം നല്‌കുന്നു. 25 നീതിമാനു ഭക്ഷിക്കാൻ വേണ്ടുവോളമുണ്ട്; ദുഷ്ടനോ വിശന്നു പൊരിയുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India