Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 12 - സത്യവേദപുസ്തകം C.L. (BSI)

1 ശിക്ഷണം ഇഷ്ടപ്പെടുന്നവൻ വിജ്ഞാനം ഇഷ്ടപ്പെടുന്നു, ശാസന വെറുക്കുന്നവൻ മൂഢൻ.

2 ഉത്തമനായ മനുഷ്യനു സർവേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു; ദുരുപായം നിരൂപിക്കുന്നവനെ അവിടുന്നു ശിക്ഷിക്കുന്നു.

3 ദുഷ്ടതകൊണ്ട് ആരും നിലനില്‌ക്കുകയില്ല; നീതിമാന്മാരുടെ വേര് ഇളകുകയില്ല.

4 ഉത്തമഭാര്യ ഭർത്താവിനു കിരീടം. എന്നാൽ അപമാനം വരുത്തുന്നവൾ അവന്റെ അസ്ഥികളിൽ അർബുദം.

5 നീതിമാന്റെ ചിന്തകൾ നീതിയുക്തം, ദുഷ്ടന്റെ ആലോചനകൾ വഞ്ചന നിറഞ്ഞതാകുന്നു.

6 ദുഷ്ടന്മാരുടെ വാക്കുകൾ രക്തം ചൊരിയാൻ പതിയിരിക്കുന്നു. എന്നാൽ നീതിമാന്മാരുടെ വാക്കുകൾ പീഡിതരെ മോചിപ്പിക്കുന്നു.

7 ദുഷ്ടന്മാർ നിപതിച്ച് നിശ്ശേഷം നശിക്കും, നീതിമാന്റെ ഭവനമോ നിലനില്‌ക്കും.

8 സൽബുദ്ധിയാൽ ഒരുവൻ ശ്ലാഘിക്കപ്പെടുന്നു, വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

9 ആഹാരത്തിനു വകയില്ലാതിരിക്കെ, വമ്പു നടിക്കുന്നവനെക്കാൾ, അധ്വാനിച്ചു വക നേടുന്ന എളിയവനാണ് ശ്രേഷ്ഠൻ.

10 നീതിമാന് തന്റെ വളർത്തുമൃഗങ്ങളെക്കുറിച്ച് കരുതലുണ്ട്, എന്നാൽ ദുഷ്ടന്മാർ അവയോടു ക്രൂരത കാണിക്കുന്നു.

11 സ്വന്തം ഭൂമി കൃഷി ചെയ്യുന്നവനു സമൃദ്ധിയായി ആഹാരം ലഭിക്കുന്നു; പാഴ്‍വേല ചെയ്തലയുന്നവൻ ഭോഷനാകുന്നു.

12 ദുഷ്ടന്റെ ബലിഷ്ഠമായ ഗോപുരം നശിക്കുന്നു; നീതിമാന്റെ വേരുകൾ ഇളകാതെ ഉറച്ചുനില്‌ക്കുന്നു.

13 ദുഷ്ടൻ തന്റെ വാക്കുകളാൽത്തന്നെ കെണിയിൽ അകപ്പെടുന്നു, നീതിമാൻ കഷ്ടതയിൽനിന്നു രക്ഷപെടുന്നു.

14 ഒരുവന് തന്റെ വാക്കുകൾക്ക് അർഹമായ നന്മ ലഭിക്കുന്നു, തന്റെ അധ്വാനത്തിനു തക്ക ഫലം അവനു കിട്ടുന്നു.

15 ഭോഷന്റെ ദൃഷ്‍ടിയിൽ തന്റെ വഴി നേരെയുള്ളതാണ്, എന്നാൽ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു.

16 ഭോഷൻ നീരസം തൽക്ഷണം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു.

17 സത്യം പറയുന്നവൻ നീതി വെളിപ്പെടുത്തുന്നു, എന്നാൽ കള്ളസ്സാക്ഷി വ്യാജം പ്രസ്താവിക്കുന്നു.

18 ഒരുവന്റെ അവിവേകവാക്കുകൾ വാളെന്നപോലെ തുളച്ചു കയറാം, ജ്ഞാനിയുടെ വാക്കുകൾ മുറിവുണക്കുന്നു.

19 സത്യസന്ധമായ വചസ്സുകൾ എന്നേക്കും നിലനില്‌ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ.

20 ദുരുപായം നടത്തുന്നവരുടെ ഹൃദയത്തിൽ വഞ്ചനയുണ്ട്; നന്മ നിരൂപിക്കുന്നവർ സന്തോഷിക്കുന്നു.

21 നീതിമാന് അനർഥം ഒന്നും ഉണ്ടാകയില്ല; അനർഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല.

22 വ്യാജം പറയുന്നവരെ സർവേശ്വരൻ വെറുക്കുന്നു; സത്യം പ്രവർത്തിക്കുന്നവരിൽ അവിടുന്നു പ്രസാദിക്കുന്നു.

23 വിവേകി അറിവ് അടക്കിവയ്‍ക്കുന്നു; ഭോഷന്മാർ വിഡ്ഢിത്തം വിളിച്ചുപറയുന്നു.

24 അധ്വാനശീലൻ അധികാരം നടത്തും; അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും.

25 ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.

26 നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു.

27 അലസൻ ഇര തേടിപ്പിടിക്കുന്നില്ല; ഉത്സാഹശീലൻ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു.

28 നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, എന്നാൽ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan