സദൃശവാക്യങ്ങൾ 11 - സത്യവേദപുസ്തകം C.L. (BSI)1 കള്ളത്തുലാസ് സർവേശ്വരൻ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം. 2 അഹങ്കാരത്തോടൊപ്പം അപകീർത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്. 3 സത്യസന്ധരുടെ പരമാർഥത അവരെ നേർവഴി നടത്തുന്നു; എന്നാൽ വക്രത വഞ്ചകരെ നശിപ്പിക്കുന്നു. 4 ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാൽ നീതി നിന്നെ മരണത്തിൽനിന്നു മോചിപ്പിക്കും. 5 നീതി നിരപരാധിയുടെ വഴി നേരേയാക്കും; ദുഷ്ടതയാൽ ദുഷ്ടൻ വീണുപോകും. 6 നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാൽ വഞ്ചകർ പിടിക്കപ്പെടും. 7 ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധർമിയുടെ പ്രതീക്ഷയ്‍ക്ക് ഭംഗം നേരിടുന്നു. 8 നീതിമാൻ കഷ്ടതയിൽനിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടൻ അതിൽ അകപ്പെടുന്നു. 9 അധർമി തന്റെ വാക്കുകൾകൊണ്ട് അയൽക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. 10 നീതിമാൻ ഐശ്വര്യത്തോടെ കഴിയുമ്പോൾ നഗരം ആനന്ദിക്കുന്നു; ദുഷ്ടൻ നശിക്കുമ്പോൾ സന്തോഷത്തിന്റെ ആർപ്പുവിളി മുഴങ്ങുന്നു. 11 സത്യസന്ധരുടെ അനുഗ്രഹത്താൽ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാൽ ദുർജനത്തിന്റെ വാക്കുകളാൽ അതു നശിപ്പിക്കപ്പെടുന്നു. 12 അയൽക്കാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മൗനം അവലംബിക്കുന്നു. 13 ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു. 14 മാർഗദർശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു; ഉപദേഷ്ടാക്കൾ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്. 15 അന്യനുവേണ്ടി ജാമ്യം നില്‌ക്കുന്നവൻ ദുഃഖിക്കേണ്ടിവരും, ജാമ്യത്തിനു വിസമ്മതിക്കുന്നവൻ സുരക്ഷിതനായിരിക്കും. 16 ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യൻ സമ്പത്തുണ്ടാക്കുന്നു. 17 ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു. 18 ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല, എന്നാൽ നീതി വിതയ്‍ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും. 19 നീതിയിൽ ഉറച്ചുനില്‌ക്കുന്നവൻ ജീവിക്കും, തിന്മയെ പിന്തുടരുന്നവൻ മരിക്കും. 20 വക്രബുദ്ധികളെ സർവേശ്വരൻ വെറുക്കുന്നു; നിഷ്കളങ്കരിൽ അവിടുന്നു പ്രസാദിക്കുന്നു. 21 ദുഷ്ടനു തീർച്ചയായും ശിക്ഷ ലഭിക്കും, നീതിമാനു മോചനവും ലഭിക്കും. 22 വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെയാണ്. 23 നീതിമാന്റെ ആഗ്രഹം നന്മയിലും ദുർജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു. 24 ഒരുവൻ ഉദാരമായി നല്‌കിയിട്ടും കൂടുതൽ സമ്പന്നൻ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവൻ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു. 25 ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും. 26 ധാന്യം പൂഴ്ത്തിവയ്‍ക്കുന്നവനെ ജനം ശപിക്കും; അതു വില്‌ക്കുന്നവനെ അവർ അനുഗ്രഹിക്കും. 27 ഉത്സാഹത്തോടെ നന്മ നേടുന്നവൻ സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു. 28 സമ്പത്തിൽ ആശ്രയിക്കുന്നവൻ കുഴഞ്ഞുവീഴുന്നു; നീതിമാനാകട്ടെ പച്ചിലപോലെ തഴയ്‍ക്കും. 29 സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല; ഭോഷൻ ജ്ഞാനിയുടെ ദാസനായിത്തീരും. 30 നീതിമാന്റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാൽ അക്രമം ജീവനൊടുക്കുന്നു. 31 നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നുവെങ്കിൽ പാപിക്കും ദുഷ്ടനും ലഭിക്കുന്ന ശിക്ഷ എത്രയധികമായിരിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India