സദൃശവാക്യങ്ങൾ 10 - സത്യവേദപുസ്തകം C.L. (BSI)ശലോമോന്റെ സുഭാഷിതങ്ങൾ 1 ഇവ ശലോമോന്റെ സുഭാഷിതങ്ങളാകുന്നു: ജ്ഞാനിയായ പുത്രൻ പിതാവിനെ സന്തോഷിപ്പിക്കുന്നു; എന്നാൽ ഭോഷനായ മകൻ അമ്മയ്‍ക്കു ദുഃഖം വരുത്തുന്നു. 2 ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല; നീതിയാകട്ടെ മരണത്തിൽനിന്നു രക്ഷിക്കുന്നു. 3 നീതിമാൻ വിശന്നു വലയാൻ സർവേശ്വരൻ അനുവദിക്കുകയില്ല; എന്നാൽ ദുഷ്ടന്റെ മോഹം അവിടുന്നു നിഷ്ഫലമാക്കും. 4 അലസൻ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു. 5 കൊയ്ത്തുകാലത്തു ശേഖരിക്കുന്നവൻ വിവേകം ഉള്ളവനാകുന്നു; അപ്പോൾ ഉറങ്ങുന്നവനോ അപമാനം വരും. 6 നീതിമാന്റെമേൽ അനുഗ്രഹം വർഷിക്കപ്പെടും; ദുഷ്ടന്റെ വാക്കുകൾ അക്രമം മൂടിവയ്‍ക്കുന്നു. 7 നീതിമാനെ സ്മരിക്കുക അനുഗ്രഹമാണ്; ദുഷ്ടനെക്കുറിച്ചുള്ള സ്മരണ കെട്ടുപോകും. 8 വിവേകികൾ കല്പനകൾ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷൻ നാശം അടയും. 9 സത്യത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കും; അപഥസഞ്ചാരി പിടികൂടപ്പെടും. 10 സത്യത്തിനു നേരേ കണ്ണടയ്‍ക്കുന്നവൻ അനർഥം വരുത്തുന്നു; ധൈര്യത്തോടെ ശാസിക്കുന്നവൻ സമാധാനം ഉണ്ടാക്കുന്നു. 11 നീതിമാന്റെ വാക്കുകൾ ജീവന്റെ ഉറവയാകുന്നു; ദുഷ്ടന്റെ വാക്കുകളോ അക്രമം മൂടിവയ്‍ക്കുന്നു. 12 വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു. 13 വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു. ഭോഷന്റെ മുതുകിന് അടിയാണ് ലഭിക്കുന്നത്. 14 ജ്ഞാനികൾ വിജ്ഞാനം സംഭരിക്കുന്നു. ഭോഷന്റെ ജല്പനം നാശം വരുത്തി വയ്‍ക്കുന്നു. 15 സമ്പന്നനു ധനം ബലവത്തായ നഗരമാണ്; ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു. 16 നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കും ദുഷ്ടന്റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു. 17 പ്രബോധനം ശ്രദ്ധിക്കുന്നവൻ ജീവന്റെ പാതയിൽ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു. 18 വിദ്വേഷം മറച്ചുവയ്‍ക്കുന്നവൻ വഞ്ചകൻ, അപവാദം പറയുന്നവൻ ഭോഷൻ. 19 അതിഭാഷണം തെറ്റു വർധിപ്പിക്കുന്നു; വാക്കുകൾ നിയന്ത്രിക്കുന്നവൻ വിവേകിയാകുന്നു. 20 നീതിമാന്റെ വാക്കുകൾ മേൽത്തരമായ വെള്ളി; ദുഷ്ടന്മാരുടെ വിചാരങ്ങൾ വിലകെട്ടത്. 21 നീതിമാന്റെ വാക്കുകൾ പലർക്ക് ഗുണം ചെയ്യും; ഭോഷന്മാരോ ബുദ്ധിശൂന്യതയാൽ മരിക്കും. 22 സർവേശ്വരന്റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു, കഠിനാധ്വാനം അതിനോട് കൂടുതൽ ഒന്നും ചേർക്കുന്നില്ല. 23 തെറ്റു ചെയ്യുന്നതു ഭോഷന് വിനോദം ആണ്; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. 24 ഏതൊന്നിനെ ഭയപ്പെടുന്നുവോ, അതുതന്നെ ദുഷ്ടനു സംഭവിക്കും. നീതിമാന്റെ ആഗ്രഹം സഫലമാകും. 25 കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകും, എന്നാൽ നീതിമാൻ എന്നേക്കും നിലനില്‌ക്കും. 26 അലസൻ തന്നെ നിയോഗിക്കുന്നവന് പല്ലിന് വിനാഗിരിയും കണ്ണിനു പുകയും പോലെ അസ്വസ്ഥത ഉണ്ടാക്കും. 27 ദൈവഭക്തി ആയുസ്സ് വർധിപ്പിക്കുന്നു. ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും. 28 നീതിമാന്റെ പ്രത്യാശ സന്തോഷത്തിൽ കലാശിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ പ്രതീക്ഷ നിഷ്ഫലമാകും. 29 നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് സർവേശ്വരൻ കോട്ട ആകുന്നു. അധർമികൾക്കോ അവിടുന്നു വിനാശം വരുത്തുന്നു. 30 നീതിമാൻ എന്നും അചഞ്ചലനായിരിക്കും; ദുഷ്ടനോ ദേശത്തു നിലനില്‌ക്കുകയില്ല. 31 നീതിമാൻ ജ്ഞാനം സംസാരിക്കുന്നു. ദുർഭാഷിയോ ഛേദിക്കപ്പെടും. 32 നീതിമാൻ ഹൃദ്യമായതു സംസാരിക്കുന്നു; എന്നാൽ ദുഷ്ടനോ വക്രത പറയുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India