സംഖ്യാപുസ്തകം 36 - സത്യവേദപുസ്തകം C.L. (BSI)വിവാഹിതയുടെ അവകാശം 1 യോസേഫിന്റെ പൗത്രനും മനശ്ശെയുടെ പുത്രനുമായ മാഖീരിന്റെ പുത്രൻ ഗിലെയാദിന്റെ കുടുംബത്തലവന്മാർ മോശയുടെയും ഗോത്രനേതാക്കന്മാരുടെയും മുമ്പാകെ വന്നു പറഞ്ഞു: 2 “ദേശം ഇസ്രായേൽജനത്തിനു നറുക്കിട്ടു പതിച്ചു കൊടുക്കാൻ സർവേശ്വരൻ അങ്ങയോടു കല്പിച്ചു. ഞങ്ങളുടെ ചാർച്ചക്കാരനായ സെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്കു കൊടുക്കാനും അവിടുന്ന് അങ്ങയോടു കല്പിച്ചിട്ടുണ്ട്. 3 അവർ ഇസ്രായേലിലെ മറ്റേതെങ്കിലും ഗോത്രത്തിൽനിന്നു വിവാഹം ചെയ്താൽ അവരുടെ അവകാശം ഞങ്ങളുടെ പൈതൃകാവകാശത്തിൽനിന്നു വിട്ടുപോകും. അത് അവരുടെ ഭർത്തൃഗോത്രത്തിന്റെ അവകാശമായിത്തീരും. അങ്ങനെ ഞങ്ങൾക്കു ലഭിച്ച അവകാശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും. 4 ഇസ്രായേൽജനത്തിന്റെ ജൂബിലിസംവത്സരം ആഗതമാകുമ്പോൾ അവരുടെ അവകാശം അവരുടെ ഭർത്തൃഗോത്രത്തിൽ ലയിക്കും. ഞങ്ങളുടെ പിതൃഗോത്രത്തിനു അതു നഷ്ടപ്പെടുകയും ചെയ്യും.” 5 സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനത്തോടു മോശ പറഞ്ഞു: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രക്കാർ പറയുന്നതു ശരിയാണ്. 6 സർവേശ്വരൻ അരുളിച്ചെയ്യുന്നു, സെലോഫഹാദിന്റെ പുത്രിമാർക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യുന്നതിനു സ്വാതന്ത്ര്യമുണ്ട്; എന്നാൽ അതു പിതൃഗോത്രത്തിൽ നിന്നായിരിക്കണം. 7 ഇസ്രായേൽജനത്തിന്റെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറ്റാൻ പാടില്ല. ഓരോ ഇസ്രായേല്യന്റെയും അവകാശം അവന്റെ പിതൃഗോത്രത്തോടു ബന്ധപ്പെട്ടിരിക്കണം. 8 ഇസ്രായേലിലെ ഏതെങ്കിലും ഗോത്രത്തിൽനിന്നു ഭൂമി അവകാശമായി ലഭിച്ചിട്ടുള്ള ഒരു യുവതി അതേ ഗോത്രത്തിൽനിന്നുതന്നെ വിവാഹം കഴിക്കണം. അങ്ങനെ ചെയ്താൽ ഓരോ ഇസ്രായേല്യനും തന്റെ പിതൃസ്വത്ത് നിലനിർത്താൻ കഴിയും. 9 ഒരു ഗോത്രത്തിന്റെ അവകാശം മറ്റൊരു ഗോത്രത്തിലേക്കു മാറുകയില്ല. ഓരോ ഗോത്രത്തിന്റെയും അവകാശം അതിന്റെ അധീനതയിൽതന്നെ നിലനില്‌ക്കും.” 10-11 സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതൃസഹോദര പുത്രന്മാരുടെ ഭാര്യമാരായി. 12 അവർ യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽതന്നെ വിവാഹിതരായതുകൊണ്ട് അവരുടെ അവകാശം അവരുടെ പിതൃഗോത്രത്തിൽതന്നെ നിലനിന്നു. 13 യെരീഹോവിന് എതിർവശം യോർദ്ദാനു സമീപത്തുള്ള മോവാബ്സമഭൂമിയിൽ വച്ചു സർവേശ്വരൻ മോശയിൽകൂടി ഇസ്രായേൽജനത്തിനു നല്‌കിയ ചട്ടങ്ങളും നിയമങ്ങളും ഇവയായിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India