സംഖ്യാപുസ്തകം 34 - സത്യവേദപുസ്തകം C.L. (BSI)ദേശത്തിന്റെ അതിരുകൾ 1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേൽജനത്തോടു കല്പിക്കുക: ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ അതിന്റെ അതിരുകൾ താഴെ പറയുന്നവയായിരിക്കണം. 3 നിങ്ങളുടെ തെക്കേ അതിര് സീൻമരുഭൂമി മുതൽ എദോമിന്റെ അതിരിൽക്കൂടിയായിരിക്കും. അതു കിഴക്ക് ചാവുകടലിന്റെ തെക്കേ അറ്റത്തുനിന്ന് ആരംഭിക്കും. 4 അവിടെനിന്ന് അക്രബീം കയറ്റത്തിനു തെക്കോട്ടു നീണ്ടു സീൻമരുഭൂമിയിൽ കാദേശ് - ബർന്നേയയുടെ തെക്ക് അവസാനിക്കും. അവിടെനിന്നു വടക്കോട്ടു തിരിഞ്ഞു ഹസർ - അദ്ദാറിൽകൂടി അസ്മോനിലേക്കു കടക്കും. 5 അവിടെനിന്ന് ഈജിപ്തിന്റെ അതിരിലുള്ള താഴ്‌വരയിൽകൂടി കടന്നു മധ്യധരണ്യാഴിയിൽ അവസാനിക്കും. 6 പടിഞ്ഞാറേ അതിര് മധ്യധരണ്യാഴിയായിരിക്കും. 7 വടക്കേ അതിര് മധ്യധരണ്യാഴിയിൽ തുടങ്ങി 8 ഹോർപർവതം, ഹമാത്ത്, സെദാദ്, 9 സിഫ്രോൻ, ഈ സ്ഥലങ്ങളിൽ കൂടി കടന്നു ഹസാർ-ഏനാനിൽ അവസാനിക്കും. 10 കിഴക്കേ അതിര് ഹസാർ-ഏനാനിൽ തുടങ്ങി 11 ശെഫാമിൽ കൂടി അയീന്റെ കിഴക്കുഭാഗത്തു രിബ്ലാ കടന്നു, 12 ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മലകളിൽകൂടി യോർദ്ദാൻ വഴിയായി ഉപ്പുകടലിൽ എത്തും. നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും. 13 നിങ്ങളുടെ ഒമ്പതര ഗോത്രങ്ങൾക്കുവേണ്ടി നറുക്കിട്ടു നിങ്ങൾക്ക് അവകാശമായി വിഭജിക്കുന്നതിനു സർവേശ്വരൻ നല്‌കിയിട്ടുള്ള ദേശം ഇതാകുന്നു. 14-15 രൂബേൻ, ഗാദ്ഗോത്രക്കാർക്കും മനശ്ശെയുടെ പകുതി ഗോത്രക്കാർക്കും അവരുടെ കുലങ്ങളനുസരിച്ചു ലഭിക്കേണ്ട സ്ഥലം യെരീഹോവിനു കിഴക്കു യോർദ്ദാനക്കരെ വീതിച്ചു കൊടുത്തുവല്ലോ.” ദേശം വിഭജിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ 16 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 17 “എലെയാസാർപുരോഹിതനും നൂനിന്റെ പുത്രനുമായ യോശുവയുംകൂടി ജനങ്ങൾക്കു ദേശം വിഭജിച്ചുകൊടുക്കണം. 18 അവരെ സഹായിക്കുന്നതിന് അവരോടൊപ്പം ഓരോ ഗോത്രത്തിൽനിന്ന് ഓരോ നേതാവിനെയും നിയോഗിക്കണം. 19 അവർ താഴെ പറയുന്നവരാണ്: യെഹൂദായുടെ ഗോത്രത്തിൽനിന്നു യെഫുന്നെയുടെ പുത്രനായ കാലേബ്. 20 ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ പുത്രനായ ശെമൂവേൽ; 21 ബെന്യാമീൻഗോത്രത്തിൽനിന്നു കിസ്ലോന്റെ പുത്രനായ എലീദാദ്; 22 ദാൻഗോത്രത്തിൽനിന്നു യൊഗ്ലിയുടെ പുത്രൻ ബുക്കി; 23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെഗോത്രത്തിൽനിന്ന് എഫോദിന്റെ പുത്രൻ ഹന്നീയേൽ. 24 എഫ്രയീംഗോത്രത്തിൽനിന്നു ശിഫ്ത്താന്റെ പുത്രൻ കെമൂവേൽ; 25 സെബൂലൂൻ ഗോത്രത്തിൽനിന്നു പർന്നാക്കിന്റെ പുത്രൻ എലീസാഫാൻ; 26 ഇസ്സാഖാർഗോത്രത്തിൽനിന്ന് അസ്സാന്റെ പുത്രൻ പൽത്തീയേൽ; 27 ആശേർഗോത്രത്തിൽനിന്നു ശെലോമിയുടെ പുത്രൻ അഹീഹൂദ്. 28 നഫ്താലിഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ പുത്രൻ പെദഹേൽ. 29 കനാൻദേശത്ത് ഇസ്രായേൽജനത്തിനുള്ള അവകാശം വിഭജിച്ചുകൊടുക്കുന്നതിനു സർവേശ്വരൻ നിയമിച്ചത് ഇവരെയായിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India