Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 28 - സത്യവേദപുസ്തകം C.L. (BSI)


വഴിപാടുകൾ

1 സർവേശ്വരൻ മോശയോടു കല്പിച്ചു:

2 “എനിക്കു പ്രസാദകരമായ ദഹനയാഗങ്ങൾക്കുള്ള വഴിപാടുകൾ നിശ്ചിത സമയങ്ങളിൽ മുടക്കംകൂടാതെ അർപ്പിക്കാൻ ഇസ്രായേൽ ജനത്തോടു പറയണം.

3 നീ അവരോടു പറയുക: “ദഹനയാഗമായി സർവേശ്വരന് അർപ്പിക്കാനുള്ള വഴിപാടുകൾ ഇവയാണ്: ഓരോ ദിവസവും ഹോമയാഗമായി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ രണ്ട് ആട്ടിൻകുട്ടിയെ വീതം അർപ്പിക്കണം.

4 അവയിൽ ഒന്നിനെ രാവിലെയും മറ്റതിനെ സന്ധ്യക്കുമാണ് അർപ്പിക്കേണ്ടത്.

5 അതോടൊപ്പം ശുദ്ധമായ കാൽ ഹീൻ എണ്ണയിൽ കുഴച്ചമാവ് ധാന്യയാഗമായി അർപ്പിക്കണം.

6 സർവേശ്വരനു പ്രസാദകരമായ സൗരഭ്യയാഗമായി സീനായ്മലയിൽവച്ച് ഏർപ്പെടുത്തപ്പെട്ട നിരന്തരഹോമയാഗമാണിത്.

7 ഒരു ആടിന് കാൽ ഹീൻ വീഞ്ഞ് എന്ന തോതിൽ പാനീയയാഗവും അർപ്പിക്കണം. സർവേശ്വരനുള്ള പാനീയയാഗമായി ലഹരിയുള്ള വീഞ്ഞ് നിങ്ങൾ വിശുദ്ധസ്ഥലത്ത് ഒഴിക്കണം.

8 രാവിലെ ചെയ്തതുപോലെ ധാന്യയാഗത്തോടും പാനീയയാഗത്തോടുംകൂടി രണ്ടാമത്തെ ആട്ടിൻകുട്ടിയെയും വൈകുന്നേരം ദഹനയാഗമായി അർപ്പിക്കണം. ഇതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും.


ശബത്തിലെ വഴിപാടുകൾ

9 ശബത്തു ദിവസം ഒരു വയസ്സു പ്രായമുള്ള ഊനമറ്റ രണ്ട് ആട്ടിൻകുട്ടികളെ അർപ്പിക്കണം. അതോടുകൂടി ഒലിവെണ്ണയിൽ കുഴച്ച രണ്ട് ഇടങ്ങഴി നേരിയ മാവും പാനീയയാഗത്തിനുള്ള വീഞ്ഞും അർപ്പിക്കേണ്ടതാണ്.

10 ദിവസേന അർപ്പിക്കുന്ന ഹോമയാഗത്തിനും പാനീയയാഗത്തിനും പുറമേ ശബത്തുതോറുമുള്ള ഹോമയാഗമാണിത്.


മാസാരംഭത്തിലുള്ള വഴിപാട്

11 ഓരോ മാസത്തിലെയും ആദ്യദിവസം രണ്ടു കാളക്കുട്ടികൾ, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിൻകുട്ടികൾ എന്നിവയെ സർവേശ്വരനു ഹോമയാഗമായി അർപ്പിക്കണം; അവയെല്ലാം കുറ്റമറ്റവയായിരിക്കണം. ഇവയോടൊപ്പം ധാന്യയാഗമായി ഒലിവെണ്ണയിൽ കുഴച്ചമാവും അർപ്പിക്കണം;

12 ഓരോ കാളയ്‍ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും,

13 ഓരോ ആട്ടിൻകുട്ടിക്കും ഓരോ ഇടങ്ങഴിയും മാവാണ് എണ്ണ ചേർത്ത് അർപ്പിക്കേണ്ടത്. ഈ ഹോമയാഗങ്ങളെല്ലാം സർവേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ളയാഗങ്ങളാണ്.

14 പാനീയയാഗമായി ഒരു കാളയ്‍ക്ക് അര ഹീനും, ആണാടിന് ഹീനിന്റെ മൂന്നിലൊന്നും, ആട്ടിൻകുട്ടിക്കു കാൽ ഹീനും എന്ന തോതിൽ വീഞ്ഞ് അർപ്പിക്കണം; വർഷംതോറും ഓരോ മാസവും അർപ്പിക്കേണ്ടവയെ സംബന്ധിച്ച നിയമം ഇതാണ്.

15 പാനീയയാഗത്തോടുകൂടിയ പ്രതിദിനഹോമയാഗത്തിനു പുറമേ ഒരു ആൺകോലാടിനെ പാപപരിഹാരയാഗമായും സർവേശ്വരന് അർപ്പിക്കണം.


പെസഹ

16 ഒന്നാം മാസം പതിനാലാം ദിവസം സർവേശ്വരന്റെ പെസഹയാകുന്നു.

17 പതിനഞ്ചാം ദിവസംമുതൽ ഏഴു ദിവസം ഉത്സവമായി ആചരിക്കണം; ഈ ദിവസങ്ങളിൽ പുളിപ്പു ചേർക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം.

18 അന്നു കഠിനജോലികൾ ഒന്നും പാടില്ല.

19 സർവേശ്വരനു ഹോമയാഗമായി രണ്ടു കാളക്കുട്ടികളെയും ഒരു ആണാടിനെയും ഒരു വയസ്സു പ്രായമായ ഏഴ് ആൺആട്ടിൻകുട്ടികളെയും അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.

20 അവയോടൊപ്പം ധാന്യയാഗവും അർപ്പിക്കണം. ഒരു കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും, ആണാടിനു രണ്ട് ഇടങ്ങഴിയും,

21 ഓരോ ആട്ടിൻകുട്ടിക്കും ഓരോ ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണ ചേർത്തു ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്.

22 കൂടാതെ നിങ്ങളുടെ പ്രായശ്ചിത്തത്തിനായി ഒരു ആൺകോലാടിനെ പാപപരിഹാരയാഗമായും അർപ്പിക്കണം.

23 നിത്യവുമുള്ള പ്രഭാതഹോമയാഗത്തിനു പുറമേ ഇവയെല്ലാം നിങ്ങൾ അർപ്പിക്കണം.

24 ഇങ്ങനെ ഏഴു ദിവസങ്ങളിലും സർവേശ്വരനു പ്രസാദകരമായ ഹോമയാഗങ്ങളോടൊപ്പം ധാന്യയാഗവും അർപ്പിക്കണം. ഇതു പ്രതിദിനമുള്ള ഹോമയാഗങ്ങൾക്കും അതിന്റെ പാനീയയാഗങ്ങൾക്കും പുറമേയാണ്.

25 ഏഴാം ദിവസം വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികൾ ഒന്നും ചെയ്യരുത്.


വിളവെടുപ്പുത്സവം

26 വാരോത്സവത്തിന്റെ ആരംഭത്തിൽ സർവേശ്വരന് ആദ്യഫലങ്ങൾ ധാന്യയാഗമായി അർപ്പിക്കുമ്പോൾ നിങ്ങൾ വിശുദ്ധസഭ കൂടണം. അന്നു കഠിനജോലികൾ ഒന്നും ചെയ്യരുത്.

27 സർവേശ്വരനു പ്രസാദകരമായ സൗരഭ്യം പരത്തുന്ന ഹോമയാഗമായി രണ്ടു കാളക്കുട്ടികൾ, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിൻകുട്ടികൾ എന്നിവയെ അർപ്പിക്കണം.

28 അതോടൊപ്പം ധാന്യയാഗമായി, ഒരു കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും

29 ആട്ടിൻകുട്ടിക്ക് ഒരു ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണയിൽ കുഴച്ച് അർപ്പിക്കേണ്ടതാണ്.

30 നിങ്ങളുടെ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കുക.

31 പ്രതിദിന ഹോമയാഗങ്ങൾക്കും അവയുടെ ധാന്യയാഗങ്ങൾക്കും പുറമേ ഈ വഴിപാടുകളും അവയുടെ പാനീയയാഗത്തോടൊപ്പം അർപ്പിക്കണം. യാഗത്തിനുള്ള മൃഗങ്ങൾ എല്ലാം കുറ്റമറ്റവയായിരിക്കണം.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan