സംഖ്യാപുസ്തകം 25 - സത്യവേദപുസ്തകം C.L. (BSI)ഇസ്രായേൽ പെയോരിൽ 1 ഇസ്രായേൽജനം ശിത്തീമിൽ പാർക്കുമ്പോൾ അവർ മോവാബ്യസ്‍ത്രീകളുമായി അവിഹിതബന്ധം പുലർത്തി. 2 അവർ തങ്ങളുടെ ദേവന്മാർക്കു ബലികളർപ്പിക്കുമ്പോൾ ഇസ്രായേൽജനത്തെയും ക്ഷണിച്ചുവന്നു. ദേവന്മാർക്ക് അർപ്പിച്ച സാധനങ്ങൾ ഇസ്രായേല്യർ ഭക്ഷിക്കാനും ആ ദേവന്മാരെ നമസ്കരിക്കാനും തുടങ്ങി. 3 അങ്ങനെ ഇസ്രായേൽ പെയോരിലെ ബാൽദേവന്റെ ആരാധകരായി. അപ്പോൾ ഇസ്രായേലിനു നേരേ സർവേശ്വരന്റെ കോപം ജ്വലിച്ചു. 4 അവിടുന്നു മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരിൽനിന്നു സർവേശ്വരന്റെ കോപം നീങ്ങാൻ അവരുടെ സകല പ്രമാണികളെയും പരസ്യമായി തൂക്കിക്കൊല്ലണം.” 5 മോശ ന്യായാധിപന്മാരോടു പറഞ്ഞു: “പെയോരിലെ ബാലിനെ ആരാധിച്ച നിങ്ങളുടെ ആളുകളെ കൊന്നുകളക.” 6 തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയും ഇസ്രായേൽസമൂഹം മുഴുവനും വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ ഒരു ഇസ്രായേല്യൻ ഒരു മിദ്യാന്യസ്‍ത്രീയെ തന്റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. 7 പുരോഹിതനായ അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ഇതുകണ്ട് ഒരു കുന്തം കൈയിൽ എടുത്തു. 8 അയാൾ ഇസ്രായേല്യന്റെ പിന്നാലെ അകത്തു പ്രവേശിച്ച് അവന്റെയും സ്‍ത്രീയുടെയും ഉദരത്തിൽ അതു കുത്തിയിറക്കി. അപ്പോൾ ഇസ്രായേൽജനത്തെ ബാധിച്ചിരുന്ന മഹാമാരി നിലച്ചു. 9 എങ്കിലും മഹാമാരിയുടെ ഫലമായി ഇരുപത്തിനാലായിരം പേർ മരിച്ചു. 10 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 11 “പുരോഹിതനായ അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ഇസ്രായേൽജനത്തോടുള്ള എന്റെ കോപം നീക്കിക്കളഞ്ഞിരിക്കുന്നു. അന്യദേവനെ ആരാധിക്കുന്നതിൽ എന്നെപ്പോലെ അവനും അസഹിഷ്ണുവായിരുന്നതിനാൽ ഞാൻ അവരെ കൊന്നൊടുക്കിയില്ല. 12 അതുകൊണ്ടു ഞാൻ അവനുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിക്കും. 13 തന്റെ ദൈവത്തിന്റെ കാര്യത്തിൽ അവൻ തീക്ഷ്ണത കാട്ടുകയും ഇസ്രായേൽജനത്തിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തതുകൊണ്ട് അവനും അവന്റെ സന്താനങ്ങൾക്കുമുള്ള പൗരോഹിത്യം ശാശ്വതമായിരിക്കുമെന്നു ഞാൻ ഉടമ്പടി ചെയ്യുന്നു.” 14 സിമ്രി ആയിരുന്നു മിദ്യാന്യസ്‍ത്രീയോട് ഒപ്പം വധിക്കപ്പെട്ട ഇസ്രായേല്യൻ. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു പിതൃഭവനത്തലവനായിരുന്ന സാലൂവിന്റെ പുത്രനായിരുന്നു. 15 വധിക്കപ്പെട്ട മിദ്യാന്യ സ്‍ത്രീ സൂരിന്റെ പുത്രിയായ കൊസ്ബി. മിദ്യാന്യവംശത്തിൽപ്പെട്ട പിതൃഭവനത്തലവനായിരുന്നു സൂർ. 16-18 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക. പെയോരിന്റെ കാര്യത്തിലും പെയോരിൽ ബാധയുണ്ടായപ്പോൾ കൊല്ലപ്പെട്ട മിദ്യാന്യനേതാവിന്റെ പുത്രിയും തങ്ങളുടെ സഹോദരിയുമായ കൊസ്ബിയുടെ കാര്യത്തിലും അവർ നിങ്ങളെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തുവല്ലോ.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India