Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 23 - സത്യവേദപുസ്തകം C.L. (BSI)

1 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠങ്ങൾ പണിയുക; ഏഴു കാളകളെയും ഏഴ് ആണാടിനെയും കൊണ്ടുവരിക.”

2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗവേദിയിലും ഓരോ കാളയെയും ഓരോ ആടിനെയും ബിലെയാമും ബാലാക്കുംകൂടി അർപ്പിച്ചു.

3 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നീ നില്‌ക്കുക. ഞാൻ പോകട്ടെ; സർവേശ്വരൻ എനിക്കു പ്രത്യക്ഷനായേക്കാം, എന്നോട് അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാൻ നിന്നോടു പറയാം.” അതിനുശേഷം ബിലെയാം ഒരു മലയിലേക്കു പോയി.

4 ദൈവം ബിലെയാമിനു പ്രത്യക്ഷനായി; ബിലെയാം അവിടുത്തോടു പറഞ്ഞു: “ഞാൻ ഏഴു യാഗപീഠങ്ങൾ ഒരുക്കി ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അർപ്പിച്ചിരിക്കുന്നു.”

5 സർവേശ്വരൻ തന്റെ സന്ദേശം ബിലെയാമിനു നല്‌കിയശേഷം: “നീ തിരിച്ചു ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു.

6 അയാൾ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു. ബാലാക്ക് അപ്പോഴും തന്റെ ഹോമയാഗത്തിന്റെ അടുക്കൽ മോവാബ്യപ്രഭുക്കന്മാരോടൊത്തു നില്‌ക്കുന്നുണ്ടായിരുന്നു.

7 ബിലെയാം ഇപ്രകാരം പ്രവചിച്ചു: “അരാമിൽനിന്ന്, കിഴക്കൻ ഗിരികളിൽനിന്ന് മോവാബുരാജാവായ ബാലാക്ക് എന്നെ വരുത്തി. വരിക, യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; വരിക, ഇസ്രായേലിനെ തള്ളിപ്പറയുക” എന്നു പറഞ്ഞു.

8 ദൈവം ശപിക്കാത്തവനെ എങ്ങനെ ഞാൻ ശപിക്കും? ദൈവം നിന്ദിക്കാത്തവനെ എങ്ങനെ ഞാൻ നിന്ദിക്കും?

9 ശൈലാഗ്രങ്ങളിൽനിന്നു ഞാൻ അവരെ കാണുന്നു; പർവതങ്ങളിൽനിന്ന് അവരെ ഞാൻ ദർശിക്കുന്നു. അവർ വേറിട്ടു പാർക്കുന്ന ജനത, ജനതകളോട് ഇടകലരാത്തവർ.

10 ഇസ്രായേലിന്റെ ധൂളിപടലം എണ്ണാൻ ആർക്കു കഴിയും? ഇസ്രായേൽജനതയുടെ നാലിലൊന്നിനെ ആര് എണ്ണിത്തിട്ടപ്പെടുത്തും? ധർമിഷ്ഠനെപ്പോലെ ഞാൻ മരണമടയട്ടെ; എന്റെ അന്തവും അവൻറേതുപോലെയാകട്ടെ!

11 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ എന്നോട് എന്താണ് ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാനല്ലേ ഞാൻ നിന്നെ കൊണ്ടുവന്നത്? എന്നാൽ അവരെ ശപിക്കാതെ അനുഗ്രഹിക്കുകയാണല്ലോ നീ ചെയ്തത്?”

12 “സർവേശ്വരൻ എന്നോടു കല്പിക്കുന്നതല്ലേ ഞാൻ പറയേണ്ടത്” എന്നു ബിലെയാം മറുപടി പറഞ്ഞു.


രണ്ടാമത്തെ പ്രവചനം

13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്നോടൊത്തു മറ്റൊരു സ്ഥലത്തേക്കു വരിക; അവിടെ നിന്നുകൊണ്ട് ഇസ്രായേൽപാളയത്തിന്റെ മറ്റൊരു ഭാഗം കാണാം. അവരെ മുഴുവൻ നീ കാണുകയില്ല. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക.”

14 പിസ്ഗാകൊടുമുടിയിലുള്ള സോഫീം പരപ്പിലേക്കു ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ടുപോയി, അവിടെ സർവേശ്വരനുവേണ്ടി ഏഴു യാഗപീഠങ്ങൾ നിർമ്മിച്ച് ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അർപ്പിച്ചു.

15 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “നീ ഹോമയാഗത്തിന്റെ അടുത്തു നില്‌ക്കുക; ഞാൻ അതാ അവിടെ പോയി സർവേശ്വരനെ ദർശിക്കട്ടെ.”

16 സർവേശ്വരൻ ബിലെയാമിനു പ്രത്യക്ഷനായി. തന്റെ സന്ദേശം നല്‌കിയശേഷം: “നീ ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു.

17 ബിലെയാം മടങ്ങിച്ചെന്നപ്പോൾ ബാലാക്ക് ഹോമയാഗത്തിന്റെ അടുക്കൽ മോവാബ്യപ്രഭുക്കന്മാരോടൊത്ത് നില്‌ക്കുന്നുണ്ടായിരുന്നു. “സർവേശ്വരൻ എന്ത് അരുളിച്ചെയ്തു” എന്നു ബാലാക്ക് ചോദിച്ചു.

18 അപ്പോൾ ബിലെയാം ഇപ്രകാരം പ്രവചിച്ചു: “ബാലാക്കേ, ഉണർന്നു കേൾക്കുക; സിപ്പോരിന്റെ മകനേ, ഞാൻ പറയുന്നതു ശ്രദ്ധിക്കൂ;

19 വ്യാജം പറയാൻ സർവേശ്വരൻ മനുഷ്യനല്ല, മനസ്സു മാറ്റാൻ അവിടുന്നു മർത്യനുമല്ല. അവിടുന്ന് അരുളിച്ചെയ്യുന്നതു ചെയ്യാതിരിക്കുമോ? വാഗ്ദാനം ചെയ്യുന്നതു നിവർത്തിക്കാതിരിക്കുമോ?

20 ഇതാ, അനുഗ്രഹിക്കാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു, സർവേശ്വരൻ അനുഗ്രഹിച്ചു, എനിക്ക് അതു മാറ്റുവാൻ സാധ്യമല്ല.

21 അവിടുന്നു യാക്കോബുവംശജരിൽ തിന്മ കാണുന്നില്ല; ഇസ്രായേലിൽ ഒരു അനർഥവും ദർശിക്കുന്നില്ല. അവരുടെ ദൈവമായ സർവേശ്വരൻ അവരോടൊത്തുണ്ട്. രാജാവിന്റെ ഗർജ്ജനം അവരുടെ ഇടയിൽ കേൾക്കുന്നു.

22 ദൈവം അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്നു. കാട്ടുപോത്തിന്റെ കരുത്ത് അവർക്കുണ്ട്.

23 മന്ത്രവാദമോ, ലക്ഷണവിദ്യയോ അവരെ ബാധിക്കയില്ല. ദൈവം പ്രവർത്തിച്ചതു കാണുവിൻ എന്നു യാക്കോബിന്റെ സന്തതികളെ സംബന്ധിച്ച്, ഇസ്രായേലിനെക്കുറിച്ചുതന്നെ ജനതകൾ ഇപ്പോൾ പറയും. ഇതാ! ഒരു ജനത;

24 അതു സിംഹിയെപ്പോലെ ഉണരുന്നു, സിംഹത്തെപ്പോലെ എഴുന്നേല്‌ക്കുന്നു; ഇരയെ തിന്നാതെയും അതിന്റെ രക്തം കുടിക്കാതെയും അത് അടങ്ങുകയില്ല.

25 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ വേണ്ടാ.

26 ബിലെയാം അതിന്: “സർവേശ്വരൻ എന്നോടു കല്പിക്കുന്നതെല്ലാം ഞാൻ ചെയ്യേണ്ടതാണെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നില്ലേ” എന്നു മറുപടി നല്‌കി.


മൂന്നാമത്തെ പ്രവചനം

27 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാം; അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുന്നതു ദൈവത്തിനു ഹിതകരമായിരിക്കാം.”

28 ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോർമലയുടെ മുകളിലേക്കു കൊണ്ടുപോയി.

29 “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠം നിർമ്മിക്കുക. ഏഴു കാളകളെയും ഏഴ് ആണാടുകളെയും കൊണ്ടുവരിക” എന്നു ബിലെയാം പറഞ്ഞു.

30 ബാലാക്ക് അപ്രകാരം ചെയ്തു; ഓരോ കാളയെയും ഓരോ ആണാടിനെയും ഓരോ യാഗപീഠത്തിലും അർപ്പിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan