Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 22 - സത്യവേദപുസ്തകം C.L. (BSI)


ബിലെയാമിന് ആളയയ്‍ക്കുന്നു

1 ഇസ്രായേൽജനം യാത്ര തുടർന്നു യോർദ്ദാനക്കരെ മോവാബുസമഭൂമിയിൽ ചെന്നു യെരീഹോവിനെതിരേ പാളയമടിച്ചു.

2 ഇസ്രായേല്യർ അമോര്യരോടു പ്രവർത്തിച്ചതെല്ലാം സിപ്പോരിന്റെ പുത്രനായ ബാലാക്ക് അറിഞ്ഞു.

3 ഇസ്രായേൽജനത്തിന്റെ സംഖ്യാബലം മോവാബ്യരെ ഭയചകിതരും പരിഭ്രാന്തരുമാക്കി.

4 മോവാബുരാജാവ് മിദ്യാന്യനേതാക്കന്മാരോടു പറഞ്ഞു: “വയലിലെ പുല്ല് കാള തിന്ന് ഒടുക്കുംപോലെ ഈ നാടോടികൾ നമ്മുടെ ചുറ്റുമുള്ളതെല്ലാം നശിപ്പിച്ചുകളയും.” സിപ്പോരിന്റെ മകൻ ബാലാക്കായിരുന്നു അന്നു മോവാബിലെ രാജാവ്.

5 അയാൾ അമാവ്ദേശത്തു യൂഫ്രട്ടീസ് നദീതീരത്തുള്ള പെഥോരിൽ പാർത്തിരുന്ന ബെയോരിന്റെ മകൻ ബിലെയാമിന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “ഒരു ജനത ഈജിപ്തിൽനിന്നു വന്ന് ഈ പ്രദേശം മുഴുവൻ നിറഞ്ഞിരിക്കുന്നു; അവർ എനിക്ക് എതിരേ പാളയമടിച്ചിരിക്കുകയാണ്.

6 എനിക്കു നേരിടാൻ കഴിയാത്തവിധം ശക്തരാണവർ. അങ്ങു വന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് അവരെ തോല്പിച്ച് ഓടിക്കാൻ സാധിച്ചേക്കും. അങ്ങ് അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടുകയും, ശപിക്കുന്നവർ ശപിക്കപ്പെടുകയും ചെയ്യും എന്ന് എനിക്ക് അറിയാം.”

7 മോവാബിലെയും മിദ്യാനിലെയും ജനപ്രമാണികൾ ശാപത്തിനുള്ള ദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ സന്ദേശം അറിയിച്ചു.

8 ബിലെയാം അവരോടു പറഞ്ഞു: “ഇന്നു രാത്രി ഇവിടെ പാർക്കുക, സർവേശ്വരന്റെ അരുളപ്പാടു ഞാൻ നിങ്ങളെ അറിയിക്കാം.” അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അന്ന് അവിടെ പാർത്തു.

9 “നിന്റെ കൂടെയുള്ള ഇവരാരാണ്?” ദൈവം ബിലെയാമിനോടു ചോദിച്ചു.

10 ബിലെയാം പറഞ്ഞു: “സിപ്പോരിന്റെ പുത്രനും മോവാബുരാജാവുമായ ബാലാക്ക് എന്റെ അടുക്കലേക്ക് അയച്ചവരാണിവർ.”

11 ‘ഈജിപ്തിൽനിന്നു വന്ന ഒരു ജനതയെക്കൊണ്ട് ഈ പ്രദേശം മുഴുവൻ നിറഞ്ഞിരിക്കുന്നു; അവിടുന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് അവരെ തോല്പിച്ചോടിക്കാൻ കഴിഞ്ഞേക്കും’ എന്ന് അവർ പറയുന്നു.

12 ദൈവം ബിലെയാമിനോടു പറഞ്ഞു: “നീ അവരോടൊത്ത് പോകരുത്; ആ ജനത്തെ ശപിക്കയുമരുത്; അവർ അനുഗൃഹീതരാകുന്നു.”

13 പിറ്റേന്നു രാവിലെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടു പറഞ്ഞു: “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പോകുക. നിങ്ങളുടെകൂടെ വരാൻ സർവേശ്വരൻ എന്നെ അനുവദിക്കുന്നില്ല.”

14 മോവാബ്പ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ ചെന്നു: “ബിലെയാം ഞങ്ങളോടൊപ്പം വരാൻ വിസമ്മതിക്കുന്നു” എന്നു പറഞ്ഞു.

15 അവരെക്കാൾ ബഹുമാന്യരായ കൂടുതൽ പ്രഭുക്കന്മാരെ ബാലാക്ക് വീണ്ടും അയച്ചു.

16 അവർ ബിലെയാമിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “സിപ്പോരിന്റെ പുത്രനായ ബാലാക്ക് പറയുന്നു, എന്റെ അടുക്കൽ വരുന്നതിനു യാതൊരു വിസമ്മതവും പറയരുതേ;

17 അങ്ങയെ ഞാൻ ഏറ്റവും അധികം ബഹുമാനിക്കും. അങ്ങു ചോദിക്കുന്നതെന്തും ഞാൻ നല്‌കാം; അങ്ങു വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിച്ചാലും.”

18 ബാലാക്കിന്റെ ദൂതന്മാരോടു ബിലെയാം പറഞ്ഞു: “നിറയെ വെള്ളിയും സ്വർണവുമുള്ള തന്റെ വീടു ബാലാക്ക് തന്നാലും, എന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നതിനെക്കാൾ കൂടുതലായോ കുറവായോ ചെയ്യാൻ എനിക്കു കഴിയുകയില്ല.

19 നിങ്ങൾ ഈ രാത്രി ഇവിടെ പാർക്കുക. സർവേശ്വരൻ എന്നോടു കൂടുതലായി എന്ത് അരുളിച്ചെയ്യും എന്ന് അറിയട്ടെ.”

20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു പറഞ്ഞു: “നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് അവർ വന്നിരിക്കുന്നതെങ്കിൽ അവരോടൊത്തു പോകുക; എന്നാൽ ഞാൻ കല്പിക്കുന്നതു മാത്രമേ നീ ചെയ്യാവൂ.”

21 ബിലെയാം പ്രഭാതത്തിൽ എഴുന്നേറ്റു കഴുതയ്‍ക്കു ജീനിയിട്ടു മോവാബ്യപ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു.


ബിലെയാമും കഴുതയും

22 ബിലെയാം യാത്ര പുറപ്പെട്ടപ്പോൾ ദൈവത്തിന്റെ കോപം ജ്വലിച്ചു; സർവേശ്വരന്റെ ഒരു ദൂതൻ അവനെതിരേ വഴിയിൽ നിന്നു. കഴുതപ്പുറത്തു യാത്ര ചെയ്ത ബിലെയാമിനോടൊത്തു രണ്ടു ഭൃത്യന്മാരും ഉണ്ടായിരുന്നു.

23 സർവേശ്വരന്റെ ദൂതൻ ഊരിയവാളുമായി വഴിയിൽ നില്‌ക്കുന്നതു കണ്ടു കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനു ബിലെയാം കഴുതയെ അടിച്ചു.

24 അപ്പോൾ സർവേശ്വരന്റെ ദൂതൻ മുന്തിരിത്തോട്ടങ്ങളുടെ ഇടയ്‍ക്ക് ഇരുവശവും മതിലുകളുള്ള ഒരു ഇടുങ്ങിയ വഴിയിൽ ചെന്നുനിന്നു.

25 കഴുത സർവേശ്വരന്റെ ദൂതനെ കണ്ട് ഒരു വശത്തുള്ള മതിലിന്റെ അരികിലേക്കു നീങ്ങി; ബിലെയാമിന്റെ കാൽ മതിലിനോടു ചേർത്തു ഞെരുക്കി. അപ്പോൾ അയാൾ അതിനെ വീണ്ടും അടിച്ചു.

26 പിന്നീട് ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറുവാൻ ഇടയില്ലാത്ത ഒരു ഇടുങ്ങിയ വഴിയിൽ ചെന്നുനിന്നു.

27 സർവേശ്വരന്റെ ദൂതനെ കണ്ടപ്പോൾ കഴുത കിടന്നുകളഞ്ഞു. അപ്പോൾ കുപിതനായ ബിലെയാം അതിനെ വീണ്ടും അടിച്ചു.

28 പെട്ടെന്നു സർവേശ്വരൻ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു ചോദിച്ചു: “നീ എന്നെ മൂന്നു പ്രാവശ്യം അടിക്കാൻ തക്കവിധം നിന്നോടു ഞാൻ എന്തു ചെയ്തു.”

29 “നീ എന്നെ വിഡ്ഢിയാക്കിയതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്തത്; എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നുകളയുമായിരുന്നു” എന്നു ബിലെയാം കഴുതയോടു പറഞ്ഞു.

30 കഴുത ഇങ്ങനെ പറഞ്ഞു: “ഈ കാലമെല്ലാം നീ കയറി നടന്ന നിന്റെ കഴുതയല്ലേ ഞാൻ. ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇപ്രകാരം പെരുമാറിയിട്ടുണ്ടോ?”

31 “ഇല്ല.” ബിലെയാം മറുപടി പറഞ്ഞു. സർവേശ്വരൻ ബിലെയാമിന്റെ കണ്ണു തുറന്നു; അപ്പോൾ അവിടുത്തെ ദൂതൻ ഊരിപ്പിടിച്ച വാളുമായി നില്‌ക്കുന്നതു കണ്ടു ബിലെയാം സാഷ്ടാംഗം വീണു നമസ്കരിച്ചു.

32 ദൂതൻ ചോദിച്ചു: “മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? നീ വഴി തെറ്റിപ്പോകുന്നതിനാൽ നിന്നെ തടയാനാണു ഞാൻ വന്നത്.

33 കഴുത എന്നെ കണ്ട് ഈ മൂന്നു തവണയും ഒഴിഞ്ഞുമാറി; അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ഞാൻ നിന്നെ കൊല്ലുകയും അതിനെ വെറുതേ വിടുകയും ചെയ്യുമായിരുന്നു.”

34 ബിലെയാം സർവേശ്വരന്റെ ദൂതനോടു പറഞ്ഞു: “ഞാൻ പാപം ചെയ്തുപോയി. എനിക്ക് എതിരായി അങ്ങു വഴിയിൽ നില്‌ക്കുന്നതു ഞാൻ അറിഞ്ഞില്ല. ഇവരോടൊത്തു പോകുന്നത് തിന്മയാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്‍ക്കൊള്ളാം.”

35 ദൂതൻ ബിലെയാമിനോടു പറഞ്ഞു: “ഇവരോടൊത്തു പൊയ്‍ക്കൊള്ളുക: എന്നാൽ ഞാൻ കല്പിക്കുന്നതു മാത്രമേ നീ പറയാവൂ.” ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടി ബിലെയാം പോയി.


ബിലെയാമിനെ സ്വീകരിക്കുന്നു

36 ബിലെയാം വരുന്ന വിവരം അറിഞ്ഞപ്പോൾ ബാലാക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ രാജ്യത്തിന്റെ അതിർത്തിയിൽ അർന്നോൻ നദിയുടെ തീരത്തുള്ള മോവാബുപട്ടണംവരെ ചെന്നു.

37 ബാലാക്ക് അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയെ കൂട്ടിക്കൊണ്ടു വരുന്നതിനു ഞാൻ ആളയച്ചിട്ടും എന്താണു വരാതിരുന്നത്? പ്രതിഫലം നല്‌കി അങ്ങയെ ആദരിക്കാൻ എനിക്കു കഴിവില്ലെന്നു വിചാരിച്ചുവോ?”

38 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാൻ ഇതാ വന്നല്ലോ, എന്നാൽ എന്റെ ഇഷ്ടംപോലെ എനിക്ക് എന്തെങ്കിലും പറയാമോ? സർവേശ്വരൻ കല്പിക്കുന്നതു മാത്രമേ എനിക്കു പറയാൻ കഴിയൂ.”

39 ബിലെയാം ബാലാക്കിനോടൊത്തു കിര്യത്ത്-ഹൂസോത്തിലേക്കു പോയി.

40 ബാലാക്ക് ആടുമാടുകളെ കൊന്നു മാംസം ബിലെയാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.


ആദ്യപ്രവചനം

41 ബാലാക്ക് അടുത്ത ദിവസം പ്രഭാതത്തിൽ ബാമോത്തു-ബാലിലേക്കു ബിലെയാമിനെ കൂട്ടിക്കൊണ്ടു പോയി; ഇസ്രായേൽപാളയത്തിന്റെ ഇങ്ങേ അറ്റം അദ്ദേഹം അവിടെ നിന്നു കണ്ടു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan