Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 12 - സത്യവേദപുസ്തകം C.L. (BSI)


മിര്യാമിനെ ശിക്ഷിക്കുന്നു

1 മോശ ഒരു എത്യോപ്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ട് അഹരോനും മിര്യാമും അദ്ദേഹത്തിനെതിരായി സംസാരിച്ചു.

2 സർവേശ്വരൻ മോശയിൽകൂടി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? നമ്മിൽകൂടിയും സംസാരിച്ചിട്ടില്ലേ? അവർ ഇങ്ങനെ പറയുന്നതു സർവേശ്വരൻ കേട്ടു.

3 ഭൂമുഖത്തുള്ള സർവമനുഷ്യരിലുംവച്ച് മോശ ഏറ്റവും സൗമ്യനായിരുന്നു.

4 “നിങ്ങൾ മൂവരും തിരുസാന്നിധ്യകൂടാരത്തിൽ വരിക” എന്നു സർവേശ്വരൻ ഉടനെതന്നെ മോശയോടും അഹരോനോടും മിര്യാമിനോടും കല്പിച്ചു. അവർ അവിടെ ചെന്നു.

5 അവിടുന്ന് ഒരു മേഘസ്തംഭത്തിൽ കൂടി ഇറങ്ങിവന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ മുമ്പോട്ടു ചെന്നു.

6 സർവേശ്വരൻ അവരോട് അരുളിച്ചെയ്തു: “എന്റെ വാക്കു കേൾക്കുക; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ ദർശനത്തിൽ ഞാൻ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തിൽ ഞാൻ അവനോടു സംസാരിക്കുകയും ചെയ്യും.

7 എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; എന്റെ ജനത്തിന്റെ മുഴുവൻ ചുമതലയും ഞാൻ അവനെ ഏല്പിച്ചിരിക്കുന്നു.

8 അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായും ഞാൻ അവനോടു സംസാരിക്കുന്നു. സർവേശ്വരന്റെ രൂപം അവൻ കണ്ടിരിക്കുന്നു; എന്നിട്ടും എന്റെ ദാസനായ മോശയ്‍ക്കെതിരായി സംസാരിക്കാൻ നിങ്ങൾ ധൈര്യപ്പെട്ടതെന്ത്?”

9 സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി.

10 മേഘം കൂടാരത്തിൽനിന്നു നീങ്ങിയപ്പോൾ മിര്യാമിന്റെ ശരീരം കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെളുത്തു. അവളെ കുഷ്ഠരോഗിയായി അഹരോൻ കണ്ടു.

11 അയാൾ മോശയോടു പറഞ്ഞു: “പ്രഭോ, ഞങ്ങൾ ബുദ്ധിശൂന്യരായി പ്രവർത്തിച്ചു. ആ പാപം ഞങ്ങളുടെമേൽ ചുമത്തരുതേ.

12 അമ്മയുടെ ഉദരത്തിൽവച്ച് ചത്തു പകുതി അഴുകി പുറത്തുവന്ന ചാപിള്ളപോലെ ഇവൾ ആകരുതേ.”

13 അപ്പോൾ മോശ: “സർവേശ്വരാ, അവൾക്കു സൗഖ്യം നല്‌കണമേ” എന്നു കേണപേക്ഷിച്ചു.

14 സർവേശ്വരൻ മോശയോടു പറഞ്ഞു: “തന്റെ പിതാവു മുഖത്തു തുപ്പിയാൽ അവൾ ഏഴു ദിവസത്തേക്ക് അപമാനം സഹിക്കുകയില്ലേ? ഏഴു ദിവസത്തേക്ക് അവളെ പാളയത്തിനു പുറത്തു മാറ്റി പാർപ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.”

15 അങ്ങനെ മിര്യാമിനെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്താക്കി. അവളെ അകത്തു കൊണ്ടുവരുന്നതുവരെ ജനം യാത്ര ചെയ്തില്ല.

16 അതിനു ശേഷം അവർ ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻ മരുഭൂമിയിലെത്തി പാളയമടിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan