നെഹെമ്യാവ് 1 - സത്യവേദപുസ്തകം C.L. (BSI)1 ഹഖല്യായുടെ പുത്രൻ നെഹെമ്യായുടെ വാക്കുകൾ: അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം കിസ്ലേവ് മാസം ഞാൻ തലസ്ഥാനമായ ശൂശനിൽ ആയിരുന്നു. യെരൂശലേമിനോടുള്ള താത്പര്യം 2 എന്റെ ഒരു സഹോദരനായ ഹനാനിയും യെഹൂദായിൽനിന്നു ചിലരും അവിടെ വന്നു. ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയവരിൽ ഉൾപ്പെടാതെ രക്ഷപെട്ട് അവിടെ കഴിഞ്ഞ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ഞാൻ അവരോട് ആരാഞ്ഞു. 3 അവർ പറഞ്ഞു: പ്രവാസത്തിൽനിന്ന് രക്ഷപെട്ട് അവിടെ അവശേഷിച്ചവർ വലിയ കഷ്ടതയിലും അപമാനത്തിലുമാണു കഴിയുന്നത്. യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ അഗ്നിക്കിരയായും കിടക്കുന്നു.” നെഹെമ്യായുടെ പ്രാർഥന 4 ഇതു കേട്ടപ്പോൾ ഞാൻ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വർഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: 5 “സ്വർഗത്തിൽ വസിക്കുന്ന ദൈവമായ സർവേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകൾ അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാൻ യാചിക്കുന്നു. 6 അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിനുവേണ്ടി രാവും പകലും പ്രാർഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്റെ പ്രാർഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങൾ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. 7 അങ്ങേക്ക് എതിരെ ഞങ്ങൾ കഠിനമായ തിന്മ പ്രവർത്തിച്ചു; അവിടുത്തെ ദാസനായ മോശയിലൂടെ അരുളിച്ചെയ്ത ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങൾ പാലിച്ചില്ല. 8 മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകൾ ഓർക്കണമേ. ‘അവിശ്വസ്തത കാട്ടിയാൽ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കും. 9 എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താൽ നിങ്ങൾ ആകാശത്തിന്റെ അറുതികൾവരെ ചിതറപ്പെട്ടാലും ഞാൻ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേർക്കുകയും എന്റെ വാസസ്ഥലമായി ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും.’ 10 അവർ അവിടുത്തെ മഹാശക്തിയാലും ഭുജബലത്താലും വീണ്ടെടുക്കപ്പെട്ട ദാസരും സ്വന്തജനവുമാണല്ലോ. 11 സർവേശ്വരാ, ഈ ദാസന്റെയും അവിടുത്തെ നാമത്തെ ഭയഭക്തിയോടെ ആരാധിക്കുന്ന മറ്റു ദാസന്മാരുടെയും പ്രാർഥന കേൾക്കണമേ. ഇന്ന് അവിടുത്തെ ദാസന് വിജയം അരുളണമേ. രാജാവ് അടിയനോടു കാരുണ്യം കാട്ടുവാൻ അവിടുന്ന് ഇടയാക്കണമേ.” അക്കാലത്ത് ഞാൻ രാജാവിന്റെ പാനപാത്രവാഹകൻ ആയിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India