മർക്കൊസ് 14 - സത്യവേദപുസ്തകം C.L. (BSI)ഗൂഢാലോചന ( മത്താ. 26:1-5 ; ലൂക്കോ. 22:1-2 ; യോഹ. 11:45-53 ) 1 പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവത്തിനു രണ്ടുദിവസം മുമ്പ് മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ എങ്ങനെയാണു പിടികൂടി വധിക്കേണ്ടതെന്നുള്ളതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2 ജനങ്ങളുടെ ഇടയിൽ പ്രക്ഷോഭമുണ്ടായേക്കുമെന്നു ശങ്കിച്ച് അത് ഉത്സവസമയത്താകരുതെന്ന് അവർ പറഞ്ഞു. തൈലലേപനം ( മത്താ. 26:6-13 ; യോഹ. 12:1-8 ) 3 യേശു ബേഥാന്യയിൽ, കുഷ്ഠരോഗിയായ ശിമോന്റെ ഭവനത്തിൽ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോൾ, ഒരു വെൺകല്പാത്രത്തിൽ വളരെ വിലയേറിയ, ശുദ്ധമായ നർദീൻ തൈലവുമായി ഒരു സ്‍ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയിൽ പകർന്നു. 4 എന്നാൽ അവിടെ സന്നിഹിതരായിരുന്ന ചിലർ നീരസപ്പെട്ടു സ്വയം പറഞ്ഞു: “ഈ തൈലം ഇങ്ങനെ പാഴാക്കുന്നത് എന്തിന്? 5 ഇതു മുന്നൂറിനുമേൽ ദിനാറിനു വിറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നില്ലേ?” അവർ ആ സ്‍ത്രീയോട് പരുഷമായി സംസാരിച്ചു. 6 എന്നാൽ യേശു അവരോടു പറഞ്ഞു: “ആ സ്‍ത്രീ സ്വൈരമായിരിക്കാൻ അനുവദിക്കൂ; എന്തിനവളെ അസഹ്യപ്പെടുത്തുന്നു? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? 7 ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടി ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവർക്കു നന്മ ചെയ്യാമല്ലോ. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. 8 തനിക്കു കഴിയുന്നത് ആ സ്‍ത്രീ ചെയ്തു. എന്റെ ശരീരം മുൻകൂട്ടി തൈലംപൂശി ശവസംസ്കാരത്തിനുവേണ്ടി ഒരുക്കുകയാണ് അവൾ ചെയ്തത്. 9 ലോകത്തിലെങ്ങും സുവിശേഷം പ്രഘോഷിക്കുന്നിടത്തെല്ലാം അവൾ ചെയ്ത ഇക്കാര്യം അവളുടെ സ്മരണയ്‍ക്കായി പ്രസ്താവിക്കപ്പെടും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” ഒറ്റിക്കൊടുക്കുവാൻ യൂദാസ് ഒരുങ്ങുന്നു ( മത്താ. 26:14-16 ; ലൂക്കോ. 22:3-6 ) 10 പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്ത്, യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കൽ ചെന്നു. 11 അവർ ഇതുകേട്ടപ്പോൾ സന്തോഷിച്ച് അയാൾക്ക് പണം നല്‌കാമെന്ന് വാഗ്ദാനം ചെയ്തു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കം നോക്കിക്കൊണ്ടിരുന്നു. പെസഹാ ഭക്ഷണം ( മത്താ. 26:17-25 ; ലൂക്കോ. 22:7-14-21-23 ; യോഹ. 13:21-30 ) 12 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാൾ പെസഹാബലി അർപ്പിക്കുന്ന ദിവസം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ ചെന്ന്, “അങ്ങേക്കുവേണ്ടി ഞങ്ങൾ എവിടെയാണു പെസഹ ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. 13 അവിടുന്ന് ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങൾ നഗരത്തിലേക്കു ചെല്ലുക. അവിടെ ഒരു കുടം ചുമന്നുകൊണ്ടു വരുന്ന ഒരുവനെ നിങ്ങൾ കാണും. 14 അയാളുടെ പിന്നാലെ ചെല്ലുക; അയാൾ എവിടെ പ്രവേശിക്കുന്നുവോ, ആ വീടിന്റെ ഉടമസ്ഥനോട് ‘എനിക്കു ശിഷ്യന്മാരോടുകൂടി ഇരുന്നു പെസഹ ഭക്ഷിക്കാനുള്ള ശാല എവിടെയാണ്?’ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുക. 15 അപ്പോൾ വിരിച്ചൊരുക്കിയ ഒരു വലിയ മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” 16 ആ ശിഷ്യന്മാർ നഗരത്തിൽ ചെന്നു തങ്ങളോട് യേശു പറഞ്ഞതുപോലെ അവർ കണ്ടു. അവർ അവിടെ പെസഹ ഒരുക്കി. 17 സന്ധ്യ ആയപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി അവിടെയെത്തി. 18 അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും; എന്നോടുകൂടി ഭക്ഷണം കഴിക്കുന്നവൻ തന്നെ.” 19 ഇതുകേട്ട് അവർ അത്യന്തം ദുഃഖിതരായി; “അതു ഞാനാണോ?” “ഞാനാണോ?” എന്ന് ഓരോരുത്തനും ചോദിച്ചുതുടങ്ങി. 20 യേശു അവരോടു പറഞ്ഞു: “പന്ത്രണ്ടുപേരിൽ ഒരുവൻ--എന്നോടു കൂടി ഈ പാത്രത്തിൽനിന്നു ഭക്ഷിക്കുന്നവൻ തന്നെ. 21 മനുഷ്യപുത്രന്റെ മരണത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ അതു സംഭവിക്കുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ഹാ കഷ്ടം! അവൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു.” കർത്താവിന്റെ അത്താഴം ( മത്താ. 26:26-30 ; ലൂക്കോ. 22:14-20 ; 1 കൊരി. 11:23-25 ) 22 അവർ ഭക്ഷണം കഴിക്കുന്നതിനിടയ്‍ക്ക് യേശു അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതു സ്വീകരിക്കുക, ഇതെന്റെ ശരീരമാകുന്നു.” 23 പിന്നീട് അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അവർക്കു കൊടുത്തു. എല്ലാവരും അതിൽനിന്നു കുടിച്ചു. 24 അവിടുന്ന് അവരോടു പറഞ്ഞു: “ഇത് എന്റെ രക്തം; അനേകമാളുകൾക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തംതന്നെ. 25 ദൈവരാജ്യത്തിലെ പുതിയവീഞ്ഞു പാനം ചെയ്യുന്ന ആ നാൾ വരെ ഞാൻ ഇനി വീഞ്ഞു കുടിക്കുകയില്ല എന്നു നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.” 26 അവർ സ്തോത്രകീർത്തനം പാടിയശേഷം ഒലിവുമലയിലേക്കു പോയി. പത്രോസ് തള്ളിപ്പറയുമെന്നു മുന്നറിയിപ്പു നല്‌കുന്നു ( മത്താ. 26:31-35 ; ലൂക്കോ. 22:31-34 ; യോഹ. 13:36-38 ) 27 യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ എല്ലാവരും ഇടറിവീഴും; ‘ഞാൻ ഇടയനെ അടിച്ചു വീഴ്ത്തും; ആടുകൾ ചിതറിപ്പോകും’ എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 28 ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” 29 അപ്പോൾ പത്രോസ് യേശുവിനോട്, “ആരെല്ലാം ഇടറിവീണാലും ഞാൻ വീഴുകയില്ല” എന്നു പറഞ്ഞു. 30 യേശു പത്രോസിനോട്, “ഇന്ന് രാത്രിയിൽ കോഴി രണ്ടു വട്ടം കൂകുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. 31 അപ്പോൾ പത്രോസ് കൂറെക്കൂടി തറപ്പിച്ചു പറഞ്ഞു: “അങ്ങയോടുകൂടി മരിക്കേണ്ടി വന്നാലും ഞാൻ അങ്ങയെ തള്ളിപ്പറയുകയില്ല.” അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. യേശു ഗത്ശമേനയിൽ ( മത്താ. 26:36-46 ; ലൂക്കോ. 22:39-46 ) 32 പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോൾ “ഞാൻ പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. 33 പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാൻ തുടങ്ങി. 34 യേശു അവരോടു പറഞ്ഞു: “എന്റെ ആത്മാവിന്റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങൾ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.” 35 പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കിൽ കഷ്ടാനുഭവത്തിന്റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാർഥിച്ചു. 36 “പിതാവേ! എന്റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നിൽനിന്നു നീക്കിയാലും; എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാർഥിച്ചു. 37 യേശു തിരിച്ചുവന്നപ്പോൾ ശിഷ്യന്മാർ ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂർ ഉണർന്നിരിക്കുവാൻ നിനക്കു കഴിവില്ലേ? 38 പരീക്ഷയിൽ വീണുപോകാതിരിക്കുവാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാൽ ശരീരം ദുർബലമത്രേ.” 39 യേശു വീണ്ടുംപോയി അതേ വാക്കുകൾ ഉച്ചരിച്ചു പ്രാർഥിച്ചു. 40 തിരിച്ചുവന്നപ്പോൾ പിന്നെയും അവർ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകൾക്ക് അത്രയ്‍ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവർക്കറിഞ്ഞുകൂടായിരുന്നു. 41 മൂന്നാം പ്രാവശ്യവും അവിടുന്ന് അവരുടെ അടുക്കൽ വന്ന് അവരോട്, “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി! സമയമായിരിക്കുന്നു! മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു. എഴുന്നേല്‌ക്കുക നമുക്കു പോകാം. 42 ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിക്കഴിഞ്ഞു!” എന്നു പറഞ്ഞു. യേശുവിനെ അറസ്റ്റുചെയ്യുന്നു ( മത്താ. 26:47-56 ; ലൂക്കോ. 22:47-53 ; യോഹ. 18:3-12 ) 43 ഇങ്ങനെ പറഞ്ഞുകൊണ്ടു നില്‌ക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് അവിടെയെത്തി; മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അയച്ച ഒരു ജനസഞ്ചയം വാളും വടിയുമായി യൂദാസിനോടുകൂടി ഉണ്ടായിരുന്നു. 44 “ഞാൻ ആരെ ചുംബിക്കുന്നുവോ, അയാളാണ് ആ മനുഷ്യൻ” എന്നും “അയാളെ പിടിച്ച് കരുതലോടുകൂടി കൊണ്ടുപൊയ്‍ക്കൊള്ളണം” എന്നും ഒറ്റുകാരനായ യൂദാസ് അവർക്കു നിർദേശം നല്‌കിയിരുന്നു. 45 അയാൾ ഉടനെ യേശുവിന്റെ അടുത്തുചെന്ന് “ഗുരോ” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. 46 അവർ അവിടുത്തെ പിടിക്കുകയും ചെയ്തു. 47 അടുത്തു നിന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അവന്റെ കാത് ഛേദിച്ചുകളഞ്ഞു. 48 അപ്പോൾ യേശു പറഞ്ഞു: “ഒരു കൊള്ളക്കാരന്റെ നേരെ എന്നവിധം എന്നെ പിടിക്കുവാൻ നിങ്ങൾ വാളും വടിയുമായി വന്നിരിക്കുന്നുവോ? 49 നിത്യേന ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നല്ലോ? എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ വേദലിഖിതങ്ങൾ നിറവേറണമല്ലോ. 50 തത്സമയം ശിഷ്യന്മാർ എല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി. 51 പുതപ്പുമാത്രം ദേഹത്തു ചുറ്റിയിരുന്ന ഒരു യുവാവ് യേശുവിനെ അനുഗമിച്ചിരുന്നു. അവർ അവനെയും പിടികൂടി. 52 എന്നാൽ അവൻ പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു. സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ( മത്താ. 26:57-68 ; ലൂക്കോ. 22:54-55 , 63-71 ; യോഹ. 18:13-14 , 19-24 ) 53 അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കലേക്കു കൊണ്ടുപോയി. എല്ലാ മുഖ്യപുരോഹിതന്മാരും ജനപ്രമാണിമാരും മതപണ്ഡിതന്മാരും അവിടെ കൂടിയിരുന്നു. 54 പത്രോസ് കുറേ ദൂരെ മാറി യേശുവിന്റെ പിന്നാലെ ചെന്ന്, മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ എത്തി, അവിടത്തെ കാവൽഭടന്മാരോടുകൂടി തീ കാഞ്ഞുകൊണ്ടിരുന്നു. 55 മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും യേശുവിനു വധശിക്ഷ നല്‌കുന്നതിനു അവിടുത്തേക്കെതിരെയുള്ള സാക്ഷ്യങ്ങൾ അന്വേഷിക്കുകയായിരുന്നു; 56 പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്‌കിക്കൊണ്ടിരുന്നു. എന്നാൽ അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ല. 57 ‘മനുഷ്യനിർമിതമായ ഈ വിശുദ്ധമന്ദിരം പൊളിച്ച് മനുഷ്യനിർമിതമല്ലാത്ത മറ്റൊന്ന് മൂന്നു ദിവസത്തിനകം ഞാൻ പണിയും’ എന്ന് 58 ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു എന്നു ചിലർ യേശുവിനെതിരെ സാക്ഷ്യം പറഞ്ഞു. 59 ഇതിലും അവരുടെ മൊഴികൾ തമ്മിൽ പൊരുത്തമില്ലായിരുന്നു. 60 മഹാപുരോഹിതൻ അവരുടെ മധ്യത്തിൽ എഴുന്നേറ്റുനിന്നുകൊണ്ട് യേശുവിനോട്, “നിങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്? ഇവയ്‍ക്കൊന്നും നിങ്ങൾ മറുപടി പറയുന്നില്ലേ?” എന്നു ചോദിച്ചു. 61 എന്നാൽ യേശു ഒന്നും പറയാതെ മൗനം അവലംബിച്ചതേയുള്ളൂ. വീണ്ടും മഹാപുരോഹിതൻ ചോദിച്ചു: “നിങ്ങൾ വാഴ്ത്തപ്പെട്ട ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണോ?” 62 യേശു പ്രതിവചിച്ചു: അതേ, ഞാനാകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്തിരിക്കുന്നതും വിൺമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.” 63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്? 64 ഇയാൾ പറഞ്ഞ ദൈവദൂഷണം നിങ്ങൾ കേട്ടു കഴിഞ്ഞല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. “ഇയാൾ വധശിക്ഷയ്‍ക്കു അർഹൻ” എന്ന് എല്ലാവരും വിധിച്ചു. 65 ചിലർ യേശുവിന്റെമേൽ തുപ്പുകയും മുഖം മൂടിക്കെട്ടിയശേഷം “പ്രവചിച്ചാലും!” എന്നു പറഞ്ഞുകൊണ്ട് മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചെയ്തു. അരമനയിലെ കാവൽഭടന്മാർ യേശുവിനെ അടിച്ചുകൊണ്ട് ഏറ്റുവാങ്ങി. പത്രോസ് തള്ളിപ്പറയുന്നു ( മത്താ. 26:69-75 ; ലൂക്കോ. 22:56-62 ; യോഹ. 18:15-18-25-27 ) 66 പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, 67 “നിങ്ങളും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു. 68 അപ്പോൾ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോൾ കോഴി കൂകി. 69 ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യൻ അവരിലൊരാൾ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാൽ പത്രോസ് വീണ്ടും നിഷേധിച്ചു. 70 കുറെക്കഴിഞ്ഞ് അടുത്തുനിന്നവർ “തീർച്ചയായും നിങ്ങൾ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങൾ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു. 71 അപ്പോൾ അദ്ദേഹം “നിങ്ങൾ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു. 72 തൽക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓർത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India