മീഖാ 4 - സത്യവേദപുസ്തകം C.L. (BSI)യെരൂശലേം-ദൈവനഗരം 1 അവസാനനാളുകളിൽ സർവേശ്വരന്റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെക്കാളും ഉയർന്നുനില്‌ക്കും. സർവജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും. 2 അനേകം ജനതകൾ പറയും: വരിക, നമുക്കു സർവേശ്വരന്റെ പർവതത്തിലേക്കു ചെല്ലാം, യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു പോകാം. അവിടുത്തെ പാതകളിൽ നടക്കാൻ തക്കവിധം അവിടുന്നു തന്റെ വഴികൾ നമുക്ക് ഉപദേശിക്കട്ടെ. പ്രബോധനം സീയോനിൽനിന്നും സർവേശ്വരന്റെ വചനം യെരൂശലേമിൽനിന്നുമാണല്ലോ വരുന്നത്. 3 അനേകം ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും. സുശക്തരായ വിദൂരസ്ഥജനതകൾക്ക് അവിടുന്ന് വിധികർത്താവായിരിക്കും. 4 അവർ തങ്ങളുടെ വാൾ കൊഴുവായും കുന്തം അരിവാളായും അടിച്ചുപണിയും. ജനത ജനതയ്‍ക്കെതിരെ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. അവർ തങ്ങളുടെ മുന്തിരിച്ചെടിയുടെ കീഴിലും; അത്തിവൃക്ഷത്തിന്റെ കീഴിലും നിർഭയം വസിക്കും. സർവശക്തനായ സർവേശ്വരൻ ആണല്ലോ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നത്. 5 സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സർവേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും. ഇസ്രായേൽ ഈജിപ്തിൽനിന്നു മടങ്ങിവരും 6 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു മുടന്തരെയും പുറന്തള്ളപ്പെട്ടവരെയും ഞാൻ പീഡിപ്പിച്ചവരെയും ഒരുമിച്ചുകൂട്ടും. 7 മുടന്തരെ ഞാൻ അവശേഷിപ്പിക്കുന്ന ജനതയാക്കും; ദൂരെ എറിഞ്ഞുകളയപ്പെട്ടവരെ പ്രബല ജനതയാക്കും; സർവേശ്വരൻ സീയോൻഗിരിയിൽ അവരുടെ രാജാവായി ഇന്നുമുതൽ എന്നേക്കും വാഴും.” 8 ദൈവജനത്തിന്റെ ഗോപുരമേ, സീയോൻനിവാസികളുടെ ശൈലമേ, പണ്ടുണ്ടായിരുന്ന ആധിപത്യം-യെരൂശലേമിന്റെ രാജത്വം-നിനക്കു കൈവരും. 9 ഇപ്പോൾ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു? 10 സീയോൻ നിവാസികളേ, ഈറ്റുനോവുള്ളവളെപ്പോലെ നിങ്ങൾ വേദനകൊണ്ടു പുളയുക; നിങ്ങൾക്കു നഗരം വിട്ടു വിജനപ്രദേശത്തു ചെന്നു പാർക്കേണ്ടിവരും. ബാബിലോണിലേക്കു പോകേണ്ടിവരും. അവിടെവച്ചു നിങ്ങൾ വിമോചിക്കപ്പെടും; അവിടെവച്ചു ശത്രുക്കളുടെ കൈയിൽനിന്നു സർവേശ്വരൻ നിങ്ങളെ വീണ്ടെടുക്കും. 11 നിരവധി ജനതകൾ സീയോനെതിരെ ഇപ്പോൾ ഒരുമിച്ചുകൂടി പറയുന്നു: “അവൾ മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.” 12 എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങൾ അവർ അറിയുന്നില്ല; അവിടുത്തെ ആലോചനകൾ ഗ്രഹിക്കുന്നതുമില്ല; മെതിക്കളത്തിൽ കറ്റകൾ ശേഖരിക്കുന്നതുപോലെ അവിടുന്ന് അവരെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. 13 സീയോൻനിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകർത്തു കളയുക. ഞാൻ നിങ്ങൾക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‌കും. ശത്രുക്കൾ അന്യായമായി സമ്പാദിച്ച മുതൽ നിങ്ങൾ സർവേശ്വരനു സമർപ്പിക്കും. അവരുടെ സമ്പത്ത് സർവഭൂമിയുടെയും സർവേശ്വരനു നിവേദിക്കുകയും ചെയ്യും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India