Biblia Todo Logo
Bìoball air-loidhne

- Sanasan -

മീഖാ 3 - സത്യവേദപുസ്തകം C.L. (BSI)


ഇസ്രായേൽനേതാക്കളെ കുറ്റപ്പെടുത്തുന്നു

1 ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കളേ, ഇസ്രായേൽഗൃഹത്തിന്റെ അധിപതികളേ, കേൾക്കുവിൻ! ന്യായം എന്തെന്നു നിങ്ങൾ അറിയേണ്ടതല്ലേ?

2 നിങ്ങൾ നന്മ വെറുക്കുകയും തിന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിക്കുന്നു. അവരുടെ അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുന്നു.

3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുന്നു; തൊലി ഉരിച്ചുകളയുന്നു. അവരുടെ അസ്ഥികൾ തകർക്കുന്നു; കലത്തിൽ ഇടാനുള്ള മാംസംപോലെ നിങ്ങൾ അവരെ വെട്ടിനുറുക്കുന്നു.

4 അന്ന് അവർ സർവേശ്വരനോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിടുന്ന് അവരിൽനിന്നു മുഖം തിരിച്ചുകളയും.

5 എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാൻ വല്ലതും കിട്ടുമ്പോൾ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:

6 നിങ്ങൾക്ക് ഇനി ദർശനം ലഭിക്കാത്ത രാത്രിയും ലക്ഷണം പറയാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും; അവർക്കു പകൽ ഇരുട്ടായി മാറും. ദീർഘദർശികൾ അപമാനിതരാകും.

7 ലക്ഷണം പറയുന്നവർ ലജ്ജിതരാകും. ദൈവത്തിൽനിന്ന് ഉത്തരം ലഭിക്കായ്കയാൽ അവർ ലജ്ജിതരായി മുഖം മറയ്‍ക്കും.

8 എന്നാൽ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേൽജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാൻ ഞാൻ ശക്തിയും സർവേശ്വരന്റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.

9 ന്യായത്തെ വെറുക്കുകയും ധാർമിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേൽഗൃഹാധിപന്മാരേ, ഇതു കേൾക്കുവിൻ.

10 നിങ്ങൾ സീയോനെ രക്തപാതകംകൊണ്ടു പണിയുന്നു. അതേ, യെരൂശലേമിനെ അനീതികൊണ്ടു നിർമിക്കുന്നു.

11 അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.”

12 അതുകൊണ്ട് നിങ്ങൾ നിമിത്തം സീയോൻ വയൽപോലെ ഉഴുതുമറിക്കപ്പെടും; അതേ! യെരൂശലേം കുപ്പക്കൂനയാകും. ദേവാലയഗിരി വനമായിത്തീരും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan