മീഖാ 2 - സത്യവേദപുസ്തകം C.L. (BSI)ചൂഷകർക്കു വരുന്ന ദുരന്തം 1 ഉറങ്ങാതെ ദ്രോഹം ചിന്തിക്കുകയും പുലരുമ്പോൾ കൈക്കരുത്തുള്ളതിനാൽ അവസരം പാർത്ത് അതു നടപ്പാക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! 2 അവർ അന്യരുടെ ഭൂമി മോഹിച്ചു പിടിച്ചെടുക്കുന്നു. വീടുകൾ ആഗ്രഹിച്ചു കൈക്കലാക്കുന്നു. അവർ വീട്ടുകാരനെയും അവന്റെ കുടുംബത്തെയും പീഡിപ്പിക്കുന്നു. അവനെയും അവന്റെ അവകാശത്തെയുംതന്നെ. 3 അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ വംശത്തിന്മേൽ അനർഥം വരുത്താൻ ഞാൻ ആലോചിക്കുകയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു സാധ്യമല്ല. അത് അനർഥങ്ങളുടെ കാലമാകയാൽ നിങ്ങൾക്ക് അഹങ്കരിച്ചു നടക്കാൻ ആവുകയില്ല. 4 ആ സമയം വരുമ്പോൾ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവർ ഇങ്ങനെ വിലപിക്കും. ഞങ്ങൾ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളിൽനിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു. 5 അതുകൊണ്ട് നിങ്ങൾക്കുള്ള ഭൂമി അളന്നു വാങ്ങാൻ സർവേശ്വരന്റെ സഭയിൽ ആരും ഉണ്ടായിരിക്കുകയില്ല. 6 “പ്രസംഗിക്കരുത്; ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ; അപമാനം നമ്മെ ബാധിക്കുകയില്ല” എന്നവർ പ്രസംഗിക്കുന്നു. 7 യാക്കോബിന്റെ ഗൃഹമേ, ഇങ്ങനെ പറയാമോ? സർവേശ്വരന്റെ ക്ഷമ നശിച്ചെന്നോ? ഇവയെല്ലാം അവിടുത്തെ പ്രവൃത്തികളോ? നേരായ മാർഗത്തിൽ ചരിക്കുന്നവന് എന്റെ വാക്കുകൾ ഗുണകരമല്ലേ? 8 എന്നാൽ ശത്രു എന്നപോലെ നീ എന്റെ ജനത്തിന് എതിരെ വരുന്നു. യുദ്ധഭീതി കൂടാതെ പോകുന്നവരുടെ പുറങ്കുപ്പായം വലിച്ചെടുക്കുന്നു. 9 എന്റെ ജനത്തിലെ സ്‍ത്രീകളെ അവരുടെ സന്തുഷ്ടഭവനങ്ങളിൽനിന്നു നിങ്ങൾ ഓടിക്കുന്നു. എന്റെ അനുഗ്രഹങ്ങൾ അവരുടെ പിഞ്ചോമനകളിൽനിന്ന് എന്നേക്കുമായി നിങ്ങൾ അപഹരിച്ചിരിക്കുന്നു. 10 നിങ്ങൾ ഇവിടെനിന്നു പോകുവിൻ. ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല. നിങ്ങളുടെ അശുദ്ധി നിമിത്തം നാശത്തിന്, ദാരുണമായ വിപത്തിന് ഈ നഗരം വിധിക്കപ്പെട്ടിരിക്കുന്നു. 11 വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാൻ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്റെയും ആത്മാവിൽ ഒരാൾ പ്രസ്താവിച്ചാൽ, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകൻ. 12 യാക്കോബുഗൃഹമേ, ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലിൽ ശേഷിച്ചവരെയെല്ലാം ഞാൻ ഒന്നിച്ചുചേർക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻപ്പറ്റത്തെപോലെയും ഞാൻ അവരെ ഒരുമിച്ചുചേർക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്. 13 പ്രതിബന്ധങ്ങൾ തകർക്കുന്ന ദൈവം അവർക്കുമുമ്പേ പോകും. അവർ നഗരവാതിൽ തകർത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സർവേശ്വരൻതന്നെ അവരെ നയിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India