മത്തായി 8 - സത്യവേദപുസ്തകം C.L. (BSI)കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു ( മർക്കോ. 1:40-45 ; ലൂക്കോ. 5:12-16 ) 1 മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. 2 അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കർത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാൻ കഴിയും.” 3 യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി. 4 യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു ( ലൂക്കോ. 7:1-10 ) 5 യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ റോമൻ സൈന്യത്തിലെ ഒരു ശതാധിപൻ വന്ന് അവിടുത്തെ സഹായം അഭ്യർഥിച്ചു. 6 “പ്രഭോ, എന്റെ ഭൃത്യൻ തളർവാതം പിടിപെട്ട് എന്റെ വീട്ടിൽ കിടക്കുന്നു; അവൻ ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാൾ പറഞ്ഞു. 7 യേശു അയാളോട്: “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു. 8 അപ്പോൾ ശതാധിപൻ പറഞ്ഞു “പ്രഭോ അങ്ങ് എന്റെ ഭവനത്തിൽ വരാൻ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാൽ മാത്രം മതി; എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. 9 ഞാൻ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാൻ പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവനതു ചെയ്യുന്നു.” 10 യേശു ഇതു കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുൾചെയ്തു: 11 “ഇസ്രായേലിൽപോലും ഇതുപോലെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകൾ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. 12 എന്നാൽ രാജ്യത്തിന്റെ അവകാശികളായിരിക്കേണ്ടവർ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 13 യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കൾ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യൻ സുഖം പ്രാപിച്ചു. പത്രോസിന്റെ ഭാര്യാമാതാവിനെ സുഖപ്പെടുത്തുന്നു ( മർക്കോ. 1:29-34 ; ലൂക്കോ. 4:38-41 ) 14 യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്‍ത്രീയുടെ കൈയിൽ തൊട്ടു; അപ്പോൾ പനി വിട്ടുമാറി. 15 അവർ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു. 16 സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തന്റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. 17 ‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. ശിഷ്യന്മാരാകാൻ ആഗ്രഹിച്ച രണ്ടുപേർ ( ലൂക്കോ. 9:57-62 ) 18 തന്റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോൾ ഗലീലത്തടാകത്തിന്റെ മറുകരയ്‍ക്കു പോകുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. 19 അപ്പോൾ ഒരു മതപണ്ഡിതൻ വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാൻ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു. 20 അതിനു മറുപടിയായി, “കുറുനരികൾക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്; എന്നാൽ മനുഷ്യപുത്രനു തലചായ്‍ക്കാൻ ഇടമില്ല” എന്ന് യേശു പറഞ്ഞു. 21 മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു. 22 എന്നാൽ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു. കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു ( മർക്കോ. 4:35-41 ; ലൂക്കോ. 8:22-25 ) 23 പിന്നീട് യേശു വഞ്ചിയിൽ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി. 24 പെട്ടെന്ന് തടാകത്തിൽ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിക്കുമീതെ അടിച്ചുയർന്നു. യേശുവാകട്ടെ അപ്പോൾ ഉറങ്ങുകയായിരുന്നു. 25 അവർ ചെന്ന് അവിടുത്തെ ഉണർത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാൻ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു. 26 യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങൾ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി. 27 അപ്പോൾ അവർ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർപറഞ്ഞു. ഭൂതാവിഷ്ടരെ സുഖപ്പെടുത്തുന്നു ( മർക്കോ. 5:1-20 ; ലൂക്കോ. 8:26-39 ) 28 തടാകത്തിന്റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോൾ ഭൂതാവിഷ്ടരായ രണ്ടുപേർ കല്ലറകളിൽനിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആർക്കും അതുവഴി കടന്നുപോകാൻ കഴിയാത്തവിധം അവർ അത്യുഗ്രന്മാരായിരുന്നു. 29 ‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവർ അത്യുച്ചത്തിൽ ചോദിച്ചു. 30 കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 31 “അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങൾ അപേക്ഷിച്ചു. 32 “പൊയ്‍ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങൾ അവരെ വിട്ട് ആ പന്നികളിൽ കടന്നുകൂടി. പെട്ടെന്ന് ആ പന്നികൾ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തിൽ വീണു മുങ്ങിച്ചത്തു. 33 അവയെ മേയിച്ചിരുന്നവർ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങൾ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു. 34 അപ്പോൾ പട്ടണവാസികൾ ആസകലം യേശുവിനെ കാണുവാൻ ചെന്നു. അവിടുത്തെ കണ്ടപ്പോൾ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവർ അപേക്ഷിച്ചു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India