Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 4 - സത്യവേദപുസ്തകം C.L. (BSI)


യേശു പരീക്ഷിക്കപ്പെടുന്നു
( മർക്കോ. 1:12 , 13 ; ലൂക്കോ. 4:1-13 )

1 അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് യേശുവിനെ വിജനസ്ഥലത്തേക്കു നയിച്ചു.

2 അവിടുന്നു നാല്പതു പകലും നാല്പതു രാത്രിയും ഉപവസിച്ചു. അതു കഴിഞ്ഞപ്പോൾ അവിടുത്തേക്കു വിശന്നു.

3 അപ്പോൾ പരീക്ഷകൻ അടുത്തുചെന്ന് “അവിടുന്നു ദൈവത്തിന്റെ പുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമായിത്തീരുവാൻ ആജ്ഞാപിക്കുക” എന്നു പറഞ്ഞു.

4 യേശുവാകട്ടെ ഇങ്ങനെ പ്രതിവചിച്ചു: ‘അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, പ്രത്യുത, ദൈവത്തിന്റെ വായിൽനിന്നു വരുന്ന എല്ലാ വചനങ്ങളുംകൊണ്ടു കൂടിയാണ്’ എന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.”

5 പിന്നീട് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൊണ്ടുപോയി ദേവാലയ ഗോപുരത്തിന്റെ മുകളിൽ നിറുത്തിയിട്ടു പറഞ്ഞു:

6 “അങ്ങു ദൈവത്തിന്റെ പുത്രനാണെങ്കിൽ ഇവിടെനിന്നു താഴത്തേക്കു ചാടുക; “അങ്ങയുടെ കാല് കല്ലിൽ തട്ടാതെ തങ്ങളുടെ കൈകളിൽ അങ്ങയെ താങ്ങിക്കൊള്ളുന്നതിനു ദൈവം തന്റെ മാലാഖമാരോട് ആജ്ഞാപിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.”

7 യേശു പിശാചിനോട് “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.

8 പിന്നീട് പിശാച് യേശുവിനെ ഉയരംകൂടിയ ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി,

9 ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹിമയെയും കാട്ടിക്കൊടുത്തു; “എന്നെ സാഷ്ടാംഗം വീണു വണങ്ങിയാൽ ഇവയെല്ലാം ഞാൻ അവിടുത്തേക്കു നല്‌കാം” എന്നു പറഞ്ഞു.

10 അപ്പോൾ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്റെ ദൈവമായ കർത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.

11 അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി; മാലാഖമാർ വന്ന് അവിടുത്തെ പരിചരിച്ചു.


യേശു ഗലീലയിൽ
( മർക്കോ. 1:14-15 ; ലൂക്കോ. 4:14-15 )

12 യോഹന്നാൻ ബന്ധനസ്ഥനായി എന്നു കേട്ടിട്ട് യേശു ഗലീലയിലേക്കു മടങ്ങിപ്പോയി.

13 അവിടുന്ന് നസറെത്തു വിട്ട് സെബുലൂന്റെയും നഫ്താലിയുടെയും അതിർത്തിയിൽ തടാകതീരത്തുള്ള കഫർന്നഹൂമിൽ പോയി പാർത്തു.

14-16 സെബുലൂൻദേശവും നഫ്താലിദേശവും തടാകതീരത്തും യോർദ്ദാനക്കരെയുമുള്ള നാടും, വിജാതീയരുടെ ഗലീലയും, ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു; മരണത്തിന്റെ നിഴൽ വീശിയ ദേശത്തു പാർത്തിരുന്നവർക്കു പ്രകാശം ഉദിച്ചു എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം പറഞ്ഞിട്ടുള്ളത് ഇങ്ങനെ പ്രാപ്തമായി.

17 “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്ന് അന്നുമുതൽ യേശു ആഹ്വാനം ചെയ്തുതുടങ്ങി.


ആദ്യ ശിഷ്യന്മാർ
( മർക്കോ. 1:16-20 ; ലൂക്കോ. 5:1-11 )

18 യേശു ഗലീലത്തടാകത്തിന്റെ തീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നറിയപ്പെടുന്ന ശിമോനും, അയാളുടെ സഹോദരൻ അന്ത്രയാസും തടാകത്തിൽ വലവീശുന്നതു കണ്ടു. അവർ മീൻപിടിത്തക്കാരായിരുന്നു.

19 യേശു അവരോട്, “നിങ്ങൾ എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.

20 അവർ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു.

21 അവിടെനിന്നു മുമ്പോട്ടു ചെന്നപ്പോൾ മറ്റു രണ്ടു സഹോദരന്മാരെ കണ്ടു. അവർ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനുമായിരുന്നു. അവർ തങ്ങളുടെ പിതാവിനോടുകൂടി വഞ്ചിയിൽ ഇരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.

22 അവരും തൽക്ഷണം വഞ്ചിയെയും പിതാവിനെയും വിട്ടിട്ട് അവിടുത്തെ അനുഗമിച്ചു.


ഗലീലയിലെ പ്രവർത്തനം
( ലൂക്കോ. 6:17-19 )

23 യേശു സുനഗോഗുകളിൽ പഠിപ്പിക്കുകയും രാജ്യത്തിന്റെ സദ്‍വാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ സകല രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗലീലയിലെങ്ങും ചുറ്റി സഞ്ചരിച്ചു.

24 അവിടുത്തെ കീർത്തി സിറിയയിലെങ്ങും പരന്നു. പലതരത്തിലുള്ള രോഗപീഡിതരും വേദനപ്പെടുന്നവരും ഭൂതാവിഷ്ടരും അപസ്മാരരോഗികളും തളർവാതം പിടിപെട്ടവരുമായ എല്ലാ രോഗികളെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്തു.

25 ഗലീല, ദക്കപ്പൊലി, യെരൂശലേം, യെഹൂദ്യ എന്നീ സ്ഥലങ്ങളിൽനിന്നും യോർദ്ദാന്റെ കിഴക്കേ കരയിൽനിന്നും വന്ന ഒരു വലിയ ജനാവലി അവിടുത്തെ അനുഗമിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan