മത്തായി 26 - സത്യവേദപുസ്തകം C.L. (BSI)യേശുവിനെതിരെ ഗൂഢാലോചന ( മർക്കോ. 14:1-2 ; ലൂക്കോ. 22:1-2 ; യോഹ. 11:45-53 ) 1 ഈ പ്രബോധനങ്ങളെല്ലാം പൂർത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: 2 ‘രണ്ടു ദിവസം കഴിഞ്ഞ് പെസഹാപെരുന്നാൾ ആണെന്നു നിങ്ങൾക്ക് അറിയാമല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുന്നതിനായി ഏല്പിച്ചുകൊടുക്കും.” 3 പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്റെ അരമനയിൽ കൂടി, 4 യേശുവിനെ തന്ത്രപൂർവം പിടികൂടി വധിക്കുന്നതിനെപ്പറ്റി ആലോചിച്ചു. 5 എന്നാൽ ഉത്സവദിവസം ആയാൽ ജനക്ഷോഭമുണ്ടാകും; അതുകൊണ്ട് അന്നു പാടില്ല’ എന്ന് അവർ പറഞ്ഞു. സുഗന്ധതൈലം പൂശുന്നു ( മർക്കോ. 14:3-9 ; യോഹ. 12:1-8 ) 6 യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. 7 അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്‍ത്രീ ഒരു വെൺകല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സിൽ പകർന്നു. 8 ഇതു കണ്ടപ്പോൾ ശിഷ്യന്മാർക്ക് അമർഷമുണ്ടായി. 9 ഈ പാഴ്ചെലവ് എന്തിന്? ഈ തൈലം നല്ല വിലയ്‍ക്കു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാമായിരുന്നല്ലോ” എന്ന് അവർ പറഞ്ഞു. 10 അവർ ഇങ്ങനെ പറയുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഈ സ്‍ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്തിന്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. 11 ദരിദ്രന്മാർ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. 12 ഈ തൈലം പൂശി ശവസംസ്കാരത്തിനുവേണ്ടി എന്റെ ശരീരം ഒരുക്കുകയാണ് അവൾ ചെയ്തത്. 13 ഞാൻ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ, അവിടെയെല്ലാം അവളുടെ സ്മരണയ്‍ക്കായി ഇക്കാര്യം പ്രസ്താവിക്കപ്പെടും.” ഒറ്റിക്കൊടുക്കാമെന്നു യൂദാസ് സമ്മതിക്കുന്നു ( മർക്കോ. 14:10-11 ; ലൂക്കോ. 22:3-6 ) 14 പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കൽ ചെന്ന് 15 “യേശുവിനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും?” എന്നു ചോദിച്ചു. മുപ്പതു വെള്ളിനാണയം അവർ യൂദാസിനു കൊടുത്തു. 16 അപ്പോൾമുതൽ അയാൾ യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പെസഹ ആചരിക്കുന്നു ( മർക്കോ. 14:12-21 ; ലൂക്കോ. 22:7-14-21-23 ; യോഹ. 13:21-30 ) 17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ഉത്സവദിവസം ശിഷ്യന്മാർ വന്ന് യേശുവിനോട് “അങ്ങേക്കുവേണ്ടി എവിടെയാണു ഞങ്ങൾ പെസഹാഭക്ഷണം ഒരുക്കേണ്ടത്” എന്നു ചോദിച്ചു. 18 യേശു പറഞ്ഞു: “നിങ്ങൾ നേരേ നഗരത്തിൽ ചെന്ന് ‘എന്റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാൻ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.” 19 യേശു നിർദേശിച്ചതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി. 20 സന്ധ്യ ആയപ്പോൾ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു. 21 അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.” 22 അപ്പോൾ അവർ അത്യന്തം വ്യാകുലചിത്തരായി; “ഗുരോ, അതു ഞാനല്ലല്ലോ” എന്ന് ഓരോരുത്തനും പറഞ്ഞു. 23 “എന്നോടുകൂടി താലത്തിൽ അപ്പം മുക്കുന്നവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥൻ പറഞ്ഞു. 24 “വിശുദ്ധഗ്രന്ഥത്തിൽ പറയുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു. 25 യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീർച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു. “നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്‌കി. തിരുവത്താഴം ( മർക്കോ. 14:22-26 ; ലൂക്കോ. 22:14-20 ; 1 കൊരി. 11:23-25 ) 26 “അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. 27 അവിടുന്ന് അരുൾചെയ്തു: “വാങ്ങി ഭക്ഷിക്കുക; ഇത് എന്റെ ശരീരം.” അവിടുന്നു പാനപാത്രവും എടുത്തു സ്തോത്രം ചെയ്ത് അവർക്കു കൊടുത്തു. അവരോട് അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിക്കുക; 28 ഇതു ദൈവത്തിന്റെ ഉടമ്പടിയെ സ്ഥിരീകരിക്കുന്ന രക്തമാണ്; അസംഖ്യം ആളുകളുടെ പാപമോചനത്തിനായി ചൊരിയുന്ന എന്റെ രക്തംതന്നെ; 29 ഞാൻ നിങ്ങളോടു പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടി പുതുതായി പാനം ചെയ്യുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ ഇനി കുടിക്കുകയില്ല.” 30 ഒരു സ്തോത്രഗാനം പാടിയശേഷം അവർ ഒലിവുമലയിലേക്കു പുറപ്പെട്ടു. പത്രോസ് തള്ളിപ്പറയുമെന്നു മുന്നറിയിപ്പ് ( മർക്കോ. 14:27-31 ; ലൂക്കോ. 22:31-34 ; യോഹ. 13:36-38 ) 31 യേശു അവരോടു പറഞ്ഞു: ” ഈ രാത്രിയിൽ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാൻ ഇടയനെ വധിക്കും; പറ്റത്തിൽനിന്ന് ആടുകൾ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. 32 എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റ ശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” 33 പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാൻ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.” 34 അതിന് യേശു: “പത്രോസേ, ഞാൻ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയിൽ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു. 35 പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു. ഗത്ശമേന തോട്ടത്തിൽ ( മർക്കോ. 14:32-42 ; ലൂക്കോ. 22:39-46 ) 36 പിന്നീട് യേശു ശിഷ്യന്മാരോടുകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടുന്ന് അവരോട്, “ഞാൻ അതാ അവിടെപ്പോയി പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു. 37 അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീർന്നു. 38 “എന്റെ മനോവേദന മരണവേദനപോലെ കഠിനമാണ്; നിങ്ങൾ ഇവിടെ എന്നോടുകൂടി ജാഗരൂകരായിരിക്കുക” എന്ന് അവിടുന്നു പറഞ്ഞു. 39 അനന്തരം അവിടുന്നു അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാർഥിച്ചു: “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നു നീക്കണമേ. എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.” 40 അതിനുശേഷം അവിടുന്നു ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചുചെന്നപ്പോൾ അവർ ഉറങ്ങുന്നതായി കണ്ടു. യേശു പത്രോസിനോടു പറഞ്ഞു: “നിങ്ങൾക്കു മൂന്നു പേർക്കുപോലും ഒരു മണിക്കൂർ എന്നോടുകൂടി ഉണർന്നിരിക്കുവാൻ കഴിഞ്ഞില്ലല്ലോ; 41 പരീക്ഷണത്തിൽ അകപ്പെടാതിരിക്കുവാൻ ജാഗ്രതയോടെ പ്രാർഥിക്കുക; ആത്മാവു നിശ്ചയമായും സന്നദ്ധമാണ്; ശരീരമോ ദുർബലം.” 42 യേശു വീണ്ടും പോയി പ്രാർഥിച്ചു: “എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോകുവാൻ സാധ്യമല്ലെങ്കിൽ അവിടുത്തെ ഇഷ്ടം നിറവേറട്ടെ.” 43 വീണ്ടും അവിടുന്നു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു. നിദ്രാഭാരംമൂലം അവർ പിന്നെയും ഉറങ്ങുന്നതായിട്ടാണു കണ്ടത്. 44 അവരെ വിട്ടിട്ട് അവിടുന്നു മൂന്നാമതും പോയി, അതേ പ്രാർഥനതന്നെ ആവർത്തിച്ചു; 45 അതിനുശേഷം ശിഷ്യന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചു: “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയിൽ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്‌ക്കുക, നമുക്കുപോകാം; 46 എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ എത്തിക്കഴിഞ്ഞു.” യേശുവിനെ ബന്ധനസ്ഥനാക്കുന്നു ( മർക്കോ. 14:43-50 ; ലൂക്കോ. 22:47-53 ; യോഹ. 18:3-12 ) 47 ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് എത്തിച്ചേർന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു. 48 “ഞാൻ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങൾക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരൻ അവർക്ക് സൂചന നല്‌കിയിരുന്നു. 49 യൂദാസ് നേരെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. 50 “സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു. 51 യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്റെ കാത് അറ്റുപോയി. 52 അപ്പോൾ യേശു ആ ശിഷ്യനോട്, “വാൾ ഉറയിലിടുക; വാളെടുക്കുന്നവൻ വാളാൽത്തന്നെ നശിക്കും. 53 എന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ? 54 പക്ഷേ അങ്ങനെ ആയാൽ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?” 55 അപ്പോൾ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങൾ എന്നെ പിടിക്കുവാൻ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. 56 എന്നാൽ പ്രവാചകന്മാർ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി. യേശുവിനെ വിസ്തരിക്കുന്നു ( മർക്കോ. 14:53-65 ; ലൂക്കോ. 22:54-55 , 63-71 ; യോഹ. 18:13-14 , 19-24 ) 57 അവർ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ യെഹൂദാമതപണ്ഡിതന്മാരും ജനപ്രമാണിമാരും കൂടിയിരുന്നു. 58 പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടർന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു. 59 മുഖ്യപുരോഹിതന്മാരും യെഹൂദ ന്യായാധിപസംഘവും അവിടെ കൂടിയിരുന്നു. യേശുവിനെ വധിക്കുന്നതിന് അവിടുത്തേക്കെതിരെ വ്യാജസാക്ഷ്യങ്ങൾ കണ്ടെത്തുവാൻ അവർ ശ്രമിച്ചു. 60 ഒട്ടുവളരെ കള്ളസ്സാക്ഷികൾ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവിൽ രണ്ടുപേർ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു മൊഴികൊടുത്തു. 61 അപ്പോൾ മഹാപുരോഹിതൻ യേശുവിനോട് ചോദിച്ചു: “നിങ്ങൾക്കെതിരെ ഈ മനുഷ്യർ പറയുന്ന ആരോപണങ്ങൾക്ക് ഒന്നും മറുപടി പറയുന്നില്ലേ? 62 യേശു ആകട്ടെ, മൗനം അവലംബിച്ചു. 63 മഹാപുരോഹിതൻ വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാൻ ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്തു ചോദിക്കുന്നു, താങ്കൾ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കിൽ അതു ഞങ്ങളോടു പറയുക.” 64 യേശു പ്രതിവചിച്ചു: “നിങ്ങൾ അങ്ങനെ പറയുന്നു. മനുഷ്യപുത്രൻ ഇനിമേൽ സർവശക്തന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വിൺമേഘങ്ങളിന്മേൽ ആഗതനാകുന്നതും നിങ്ങൾ കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 65 ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രം കീറി; അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്കു സാക്ഷികളുടെ ആവശ്യം എന്ത്? ഇയാൾ പറഞ്ഞ ദൈവദൂഷണം ഇതാ, ഇപ്പോൾ നിങ്ങൾ തന്നെ കേട്ടല്ലോ. 66 നിങ്ങൾക്ക് എന്തു തോന്നുന്നു?” അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ഇയാൾ കുറ്റവാളിയാണ്; ഇയാൾക്കു വധശിക്ഷതന്നെ നല്‌കണം.” 67 അവർ യേശുവിന്റെ മുഖത്തു തുപ്പുകയും മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചിലർ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. 68 “ഹേ, ക്രിസ്തുവേ! താങ്കളെ അടിച്ചത് ആരാണെന്നു താങ്കളുടെ പ്രവചനശക്തികൊണ്ടു പറയുക” എന്നു ചിലർ പറഞ്ഞു. പത്രോസ് തള്ളിപ്പറയുന്നു ( മർക്കോ. 14:66-72 ; ലൂക്കോ. 22:56-62 ; യോഹ. 18:15-18-25-27 ) 69 ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു. 70 പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പിൽവച്ചു നിഷേധിച്ചു. 71 അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോൾ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു. 72 “എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു. 73 അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവർ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കൾ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു. 74 അപ്പോൾ പത്രോസ് “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി. 75 “കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോൾ പത്രോസ് ഓർമിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താൽ പൊട്ടിക്കരഞ്ഞു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India