Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 16 - സത്യവേദപുസ്തകം C.L. (BSI)


അടയാളം ആവശ്യപ്പെടുന്നു
( മർക്കോ. 8:11-13 ; ലൂക്കോ. 12:54-56 )

1 പരീശന്മാരും സാദൂക്യരും യേശുവിനെ പരീക്ഷിക്കുന്നതിനായി അവിടുത്തെ അടുക്കലെത്തി ആകാശത്തുനിന്ന് ഒരടയാളം കാണിക്കുവാൻ ആവശ്യപ്പെട്ടു.

2 അവിടുന്ന് അവരോടു മറുപടി പറഞ്ഞു: “വൈകുന്നേരം ആകാശം ചെമന്നിരിക്കുന്നതായി കണ്ടാൽ കാലാവസ്ഥ നന്നായിരിക്കുമെന്നും പ്രഭാതത്തിൽ ആകാശം ചെമന്ന് ഇരുണ്ടിരിക്കുന്നതായി കണ്ടാൽ മഴയുണ്ടാകുമെന്നും നിങ്ങൾ പറയുന്നു.

3 അങ്ങനെ ആകാശത്തിന്റെ ഭാവഭേദങ്ങളെ വ്യാഖ്യാനിക്കുവാൻ നിങ്ങൾക്കറിയാം. എന്നാൽ കാലത്തിന്റെ ലക്ഷണങ്ങളെ വ്യാഖ്യാനിക്കുവാൻ നിങ്ങൾക്കു കഴിയുന്നില്ലല്ലോ.

4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അവർക്കു നല്‌കപ്പെടുകയില്ല.” അനന്തരം അവിടുന്ന് അവരെ വിട്ടുപോയി.


പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവ്
( മർക്കോ. 8:14-21 )

5 യേശുവിന്റെ ശിഷ്യന്മാർ ഗലീലത്തടാകം കടന്നു മറുകരയ്‍ക്കു പോകുമ്പോൾ അപ്പമെടുക്കുവാൻ മറന്നുപോയി.

6 യേശു അവരോട്, “പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ കരുതലോടെ സൂക്ഷിച്ചുകൊള്ളുക” എന്നു പറഞ്ഞു.

7 “നാം അപ്പം കൊണ്ടുപോരാഞ്ഞതിനെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്” എന്ന് അവർ തമ്മിൽ പറഞ്ഞു.

8 യേശു അതറിഞ്ഞ് അവരോടു പറഞ്ഞു: “അല്പവിശ്വാസികളേ! അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങൾ തമ്മിൽ തർക്കിക്കുന്നതെന്തിന്? നിങ്ങൾ ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ലേ? നിങ്ങൾ മറന്നുപോയോ?

9 അഞ്ചപ്പം അയ്യായിരം പേർക്കു കൊടുത്തപ്പോൾ എത്ര കുട്ട അപ്പം മിച്ചം വന്നു?

10 ഏഴപ്പം നാലായിരം പേർക്കു കൊടുത്തപ്പോൾ എത്ര വട്ടി അപ്പം മിച്ചം വന്നു?

11 അപ്പത്തെക്കുറിച്ചല്ല ഞാൻ പറഞ്ഞതെന്ന് എന്തുകൊണ്ടു നിങ്ങൾ മനസ്സിലാക്കുന്നില്ല? പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ സൂക്ഷിച്ചുകൊള്ളണമെന്നാണു ഞാൻ പറഞ്ഞത്.”

12 അപ്പത്തിന്റെ പുളിപ്പിനെക്കുറിച്ചല്ല, പ്രത്യുത പരീശന്മാരുടെയും സാദൂക്യരുടെയും ഉപദേശത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് ശിഷ്യന്മാർക്ക് അപ്പോൾ ബോധ്യമായി.


യേശുവിനെപ്പറ്റി പത്രോസിന്റെ പ്രഖ്യാപനം
( മർക്കോ. 8:27-30 ; ലൂക്കോ. 9:18-21 )

13 കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ “മനുഷ്യപുത്രൻ ആരാകുന്നു എന്നാണു ജനങ്ങൾ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു.

14 “സ്നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരിൽ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവർ മറുപടി പറഞ്ഞു.

15 “ആകട്ടെ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു.

16 “അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു.

17 അപ്പോൾ യേശു അരുൾചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യർ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വർഗത്തിലുള്ള പിതാവത്രേ. ഞാൻ നിന്നോടു പറയുന്നു:

18 നീ പത്രോസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോലോകത്തിന്റെ ശക്തികൾ അതിനെ ജയിക്കുകയില്ല.

19 സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

20 പിന്നീട്, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു കർശനമായി ആജ്ഞാപിച്ചു.


മരണവും ഉയിർത്തെഴുന്നേല്പും
( മർക്കോ. 8:31—9:1 ; ലൂക്കോ. 9:22-27 )

21 താൻ യെരൂശലേമിലേക്കു പോകേണ്ടതാണെന്നും യെഹൂദപ്രമാണികളിൽനിന്നും പുരോഹിതമുഖ്യന്മാരിൽനിന്നും മതപണ്ഡിതന്മാരിൽനിന്നും വളരെയധികം പീഡനങ്ങൾ സഹിക്കുകയും വധിക്കപ്പെടുകയും മൂന്നാംനാൾ ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്യേണ്ടതാണെന്നും അന്നുമുതൽ യേശു വ്യക്തമാക്കുവാൻ തുടങ്ങി.

22 പത്രോസ് അവിടുത്തെ മാറ്റി നിർത്തി ശാസിച്ചു. “അത് ഒരിക്കലും പാടില്ല, നാഥാ! അങ്ങേക്ക് അതു സംഭവിക്കരുതേ” എന്നു പത്രോസ് പറഞ്ഞു.

23 യേശു തിരിഞ്ഞു പത്രോസിനോട്, “സാത്താനേ, പോകൂ എന്റെ മുമ്പിൽനിന്ന്; നീ എനിക്കു മാർഗതടസ്സമായിരിക്കുന്നു; നിന്റെ ചിന്താഗതി ദൈവികമല്ല, മാനുഷികമാണ്.”

24 പിന്നീടു യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ സ്വയം ത്യജിച്ച് തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

25 ആരെങ്കിലും തന്റെ ജീവനെ പരിരക്ഷിക്കുവാൻ ഇച്ഛിക്കുന്നുവെങ്കിൽ അവൻ അതിനെ നഷ്ടപ്പെടുത്തും.

26 എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതിനെ കണ്ടെത്തും. ഒരുവൻ സമസ്തലോകവും നേടിയാലും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? അവന്റെ ജീവൻ വീണ്ടും ലഭിക്കുന്നതിന് അവനെക്കൊണ്ട് എന്തു ചെയ്യാൻ സാധിക്കും?

27 മനുഷ്യപുത്രൻ മാലാഖമാരുടെ അകമ്പടിയോടുകൂടി തന്റെ പിതാവിന്റെ തേജസ്സിൽ ഇതാ വരുന്നു. അപ്പോൾ ഓരോരുത്തർക്കും താന്താങ്ങൾ ചെയ്ത പ്രവൃത്തിക്കനുസൃതമായ പ്രതിഫലം നല്‌കും.

28 മനുഷ്യപുത്രൻ രാജത്വം പ്രാപിച്ചുവരുന്നത് കാണുന്നതിനുമുമ്പ് ഇവിടെ നില്‌ക്കുന്നവരിൽ ചിലർ മരിക്കുകയില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan