Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 13 - സത്യവേദപുസ്തകം C.L. (BSI)


വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം
( മർക്കോ. 4:1-9 ; ലൂക്കോ. 8:4-8 )

1 അന്നുതന്നെ യേശു ആ വീട്ടിൽനിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു.

2 വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയിൽ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു.

3 ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങൾ അവരോടു പറഞ്ഞു:

4 “ഒരു മനുഷ്യൻ വിതയ്‍ക്കുവാൻ പുറപ്പെട്ടു. അയാൾ വിതയ്‍ക്കുമ്പോൾ ഏതാനും വിത്തുകൾ വഴിയിൽ വീണു. പക്ഷികൾ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു.

5 മറ്റു ചിലത് അടിയിൽ പാറയുള്ള മണ്ണിലാണു വീണത്.

6 മണ്ണിനു താഴ്ചയില്ലാഞ്ഞതിനാൽ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യൻ ഉദിച്ചപ്പോൾ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാൽ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു.

7 മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. കിളിർത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു.

8 ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു.

9 ചെവിയുള്ളവൻ കേൾക്കട്ടെ.”


ദൃഷ്ടാന്തങ്ങൾ എന്തിനുവേണ്ടി?
( മർക്കോ. 4:10-12 ; ലൂക്കോ. 8:9-10 )

10 പിന്നീടു ശിഷ്യന്മാർ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു.

11 അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വർരാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ അറിയുന്നതിനുള്ള വരം നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; അവർക്കാകട്ടെ അതു ലഭിച്ചിട്ടില്ല.

12 ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തു കളയും.

13 അവർ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേൾക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാൻ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്.

14 നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ ഗ്രഹിക്കുകയില്ല; നിങ്ങൾ തീർച്ചയായും നോക്കും, എന്നാൽ കാണുകയില്ല; എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവർ അടച്ചിരിക്കുന്നു; അവർ തങ്ങളുടെ കാതുകൾ അടയ്‍ക്കുകയും കണ്ണുകൾ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കിൽ അവർ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാൻ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവർ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു.

15 ഇങ്ങനെ യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു.

16 “എന്നാൽ നിങ്ങളുടെ കണ്ണുകൾ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേൾക്കുന്നു. വാസ്തവത്തിൽ ഞാൻ നിങ്ങളോടു പറയുന്നു:

17 നിങ്ങൾ കാണുന്നതു കാണുവാനും നിങ്ങൾ കേൾക്കുന്നത് കേൾക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാൽ അവർ കാണുകയോ കേൾക്കുകയോ ചെയ്തില്ല.


ദൃഷ്ടാന്തത്തിന്റെ വ്യാഖ്യാനം
( മർക്കോ. 4:13-20 ; ലൂക്കോ. 8:11-15 )

18 “വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക.

19 സ്വർഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവൻ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയിൽവീണ വിത്തു സൂചിപ്പിക്കുന്നത്.

20 പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേൾക്കുകയും ഉടൻ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്.

21 എങ്കിലും അവരിൽ അതു വേരുറയ്‍ക്കുന്നില്ല. അവർ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോൾ അവർ പെട്ടെന്നു വീണുപോകുന്നു.

22 മറ്റു ചിലർ വചനം കേൾക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉൽക്കണ്ഠയും ധനത്തിന്റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുൾച്ചെടികൾക്കിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്.

23 നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലർ നൂറും അറുപതും വേറെ ചിലർ മുപ്പതും മേനി വിളവു നല്‌കുന്നു.”


വിളയും കളയും

24 വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം.

25 എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു.

26 ഞാറു വളർന്നു കതിരു വന്നപ്പോൾ കളയും കാണാറായി.

27 അപ്പോൾ, ഭൃത്യന്മാർ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലിൽ വിതച്ചത്? ഇപ്പോൾ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു.

28 “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാൾ മറുപടി പറഞ്ഞു.

29 ‘എന്നാൽ ഞങ്ങൾ പോയി ആ കളകൾ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാർ ചോദിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോൾ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും;

30 കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്റെ കളപ്പുരയിൽ സംഭരിക്കുവാനും ഞാൻ പറയും.”


കടുകിന്റെ ദൃഷ്ടാന്തം
( മർക്കോ. 4:30-32 ; ലൂക്കോ. 13:18-19 )

31 മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ വയലിൽ വിതച്ച കടുകുമണിയോടു സദൃശം.

32 വിത്തുകളിൽ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളർന്നപ്പോൾ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകൾക്ക് അതിന്റെ കൊമ്പുകളിൽ കൂടുകെട്ടി പാർക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.”


പുളിപ്പുമാവ്
( ലൂക്കോ. 13:20-21 )

33 വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വർഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതിൽ നിക്ഷേപിക്കുന്നു.”


ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള പ്രവചനം
( മർക്കോ. 4:33-34 )

34 ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല.

35 സദൃശോക്തികൾപറയുന്നതിനായി ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നതു ഞാൻ പ്രസ്താവിക്കും എന്നു പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളത് ഇങ്ങനെ പൂർത്തിയായി.


കളയുടെ ദൃഷ്ടാന്തം വ്യാഖ്യാനിക്കുന്നു

36 അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോൾ ശിഷ്യന്മാർ അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു.

37 യേശു അരുൾചെയ്തു: “നല്ലവിത്തു വിതയ്‍ക്കുന്നതു മനുഷ്യപുത്രൻ, വയൽ ലോകവും.

38 നല്ല വിത്ത് സ്വർഗരാജ്യത്തിന്റെ മക്കളും കളകൾ ദുഷ്ടപ്പിശാചിന്റെ മക്കളുമാകുന്നു.

39 കളകൾ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാർ ദൈവദൂതന്മാരുമാണ്.

40 കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയിൽ സംഭവിക്കും.

41-42 അന്നു മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്‍ക്കും. അവർ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധർമികളെയും തന്റെ രാജ്യത്തിൽനിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും.

43 എന്നാൽ ധർമനിഷ്ഠയുള്ളവർ, അവിടുത്തെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.


നിധിയുടെ ദൃഷ്ടാന്തം

44 “ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വർഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യൻ അതു വീണ്ടും മറച്ചുവയ്‍ക്കുകയും സന്തോഷപൂർവം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു.


വിലയേറിയ മുത്ത്

45 “സ്വർഗരാജ്യം വിശിഷ്ടമായ മുത്തുകൾ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം.

46 അയാൾ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.


വലയുടെ ദൃഷ്ടാന്തം

47 “മാത്രമല്ല, സ്വർഗരാജ്യം കടലിൽ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയിൽ പിടിക്കുന്നു.

48 വല നിറയുമ്പോൾ മീൻപിടിത്തക്കാർ വല വലിച്ചു കരയ്‍ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീൻ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും.

49 മാലാഖമാർ വന്ന് സജ്ജനങ്ങളിൽനിന്നു ദുർജനങ്ങളെ വേർതിരിച്ച് അഗ്നികുണ്ഡത്തിൽ എറിഞ്ഞുകളയും.

50 അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും.”


പുതിയതും പഴയതുമായ നിധി

51 “ഇവയെല്ലാം നിങ്ങൾക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു. “ഉവ്വ്” എന്ന് അവർ പറഞ്ഞു.

52 “അങ്ങനെയാണെങ്കിൽ സ്വർഗരാജ്യത്തിനുവേണ്ടി ശിക്ഷണം ലഭിച്ചിട്ടുള്ള ഏതൊരു മതപണ്ഡിതനും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഗൃഹനാഥനോടു സമനാകുന്നു” എന്നും യേശു പറഞ്ഞു.


നസറെത്തുകാർ യേശുവിനെ തിരസ്കരിക്കുന്നു
( മർക്കോ. 6:1-6 ; ലൂക്കോ. 4:16-30 )

53 ഈ സദൃശോക്തികൾ പൂർത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗിൽ പോയി അവരെ പഠിപ്പിച്ചു.

54 അവർ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി?

55 ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാൾ? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികൾ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ!

56 പിന്നെ ഇയാൾക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ അവിടുത്തെ തിരസ്കരിച്ചു.

57 യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.”

58 അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികൾ ചെയ്തില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan