Biblia Todo Logo
Bìoball air-loidhne

- Sanasan -

ലൂക്കൊസ് 8 - സത്യവേദപുസ്തകം C.L. (BSI)


സ്‍ത്രീകളും യേശുവിനെ അനുഗമിക്കുന്നു

1 അനന്തരം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു പ്രസംഗിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്‍വാർത്ത അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു ശിഷ്യന്മാരും അവിടുത്തോടുകൂടെയുണ്ടായിരുന്നു.

2 കൂടാതെ രോഗങ്ങളിൽനിന്നും ദുഷ്ടാത്മാക്കളിൽനിന്നും മോചനം നേടിയ ഏതാനും സ്‍ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു.

3 അക്കൂട്ടത്തിൽ ഏഴു ഭൂതങ്ങളിൽനിന്നു വിമുക്തയാക്കപ്പെട്ട മഗ്ദലേനമറിയവും ഹേരോദായുടെ കാര്യസ്ഥനായ ഖൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും തങ്ങളുടെ ധനംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുവന്ന മറ്റു പലരും ഉൾപ്പെട്ടിരുന്നു.


വിതയ്‍ക്കുന്നവൻ - ഒരു ദൃഷ്ടാന്ത കഥ
( മത്താ. 13:1-18 ; മർക്കോ. 4:1-20 )

4 ഒരിക്കൽ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു:

5 “ഒരിക്കൽ ഒരാൾ വിത്തു വിതയ്‍ക്കുവാൻ പോയി. വിതച്ചപ്പോൾ ഏതാനും വിത്ത് വഴിയിൽ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.

6 കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോൾ നനവില്ലാഞ്ഞതിനാൽ കരിഞ്ഞുപോയി.

7 മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുള്ള് അവയോടൊന്നിച്ചു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.

8 വേറെ ചിലതു നല്ലമണ്ണിൽ വീണു. അവ വളർന്നു നൂറുമേനി വിളവു നല്‌കി.” ഒടുവിൽ യേശു ഉച്ചത്തിൽ പറഞ്ഞു: “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.”

9 ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താണെന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു:

10 “ദൈവരാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ അറിയുവാനുള്ള പദവി നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്കാകട്ടെ കണ്ടിട്ടും കാണാതിരിക്കുകയോ കേട്ടിട്ടും കേൾക്കാതിരിക്കുകയോ ചെയ്യുമാറ് ദൃഷ്ടാന്തങ്ങളിലൂടെയാണ് നല്‌കപ്പെട്ടിട്ടുള്ളത്.

11 “ആ ദൃഷ്ടാന്തത്തിന്റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്.

12 വചനം കേട്ടവർ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാൻ പിശാച് വന്ന് ചിലരുടെ ഹൃദയത്തിൽനിന്ന് ആ വചനം എടുത്തുകളയുന്നു.

13 അതാണു വഴിയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേൽ വീണ വിത്താകട്ടെ, കേൾക്കുമ്പോൾ ആഹ്ലാദപൂർവം സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകൾക്കു വേരില്ല. അങ്ങനെയുള്ളവർ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ വഴിതെറ്റിപ്പോകുന്നു.

14 വചനം കേൾക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവർ പാകമായ ഫലം നല്‌കുന്നില്ല.

15 വചനം കേട്ടു ശ്രേഷ്ഠവും നിർമ്മലവുമായ ഹൃദയത്തിൽ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണിൽ വീണ വിത്ത്.


വിളക്കിന്റെ ദൃഷ്ടാന്തം
( മർക്കോ. 4:21-25 )

16 “വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്റെ കീഴിൽ വയ്‍ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടിൽ വരുന്നവർക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്.

17 “മറഞ്ഞിരിക്കുന്നതെല്ലാം പ്രത്യക്ഷമാകും; വെളിച്ചത്തു വരാത്തതും പ്രസിദ്ധമാകാത്തതുമായ ഒരു രഹസ്യവുമില്ല.

18 “അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുക. ഉള്ളവനു കൂടുതൽ കൊടുക്കും. ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്നു വിചാരിക്കുന്നതുകൂടി എടുത്തുകളയും.”


അമ്മയും സഹോദരന്മാരും
( മത്താ. 12:46-50 ; മർക്കോ. 3:31-35 )

19 യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാൻ വന്നു. പക്ഷേ, ആൾത്തിരക്കുമൂലം അവിടുത്തെ അടുക്കൽ ചെല്ലാൻ കഴിഞ്ഞില്ല.

20 “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ പുറത്തു നില്‌ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു.

21 അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.”


കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു
( മത്താ. 8:23-27 ; മർക്കോ. 4:35-41 )

22 ഒരു ദിവസം യേശു ശിഷ്യന്മാരോടുകൂടി വഞ്ചിയിൽ കയറി, “നമുക്കു തടാകത്തിന്റെ മറുകരയിലേക്കു പോകാം” എന്നു പറഞ്ഞു.

23 അവർ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോൾ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോൾ തടാകത്തിൽ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി.

24 ശിഷ്യന്മാർ യേശുവിനെ വിളിച്ചുണർത്തി: “ഗുരോ, ഗുരോ ഞങ്ങൾ നശിക്കുവാൻ പോകുന്നു” എന്നു പറഞ്ഞു. യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി.

25 യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?” അവർക്കു ഭയവും വിസ്മയവുമുണ്ടായി. “ഇദ്ദേഹം ആരാണ്? കാറ്റിനോടും കടലിനോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ അന്യോന്യം പറഞ്ഞു.


ഭൂതാവിഷ്ടനെ സുഖപ്പെടുത്തുന്നു
( മത്താ. 8:28-34 ; മർക്കോ. 5:1-20 )

26 അവർ ഗലീലയുടെ മറുകരെയുള്ള ഗരസേന്യദേശത്ത് എത്തി.

27 യേശു കരയ്‍ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്നു വന്ന ഭൂതാവിഷ്ടനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ നാളുകളായി അയാൾ വസ്ത്രം ധരിച്ചിരുന്നില്ല; വീട്ടിൽ താമസിക്കാതെ കല്ലറകൾക്കിടയിൽ പാർത്തിരുന്നു.

28 യേശുവിനെ കണ്ടപ്പോൾ അയാൾ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണ് അത്യുച്ചത്തിൽ “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്തിന് ഇയ്യുള്ളവന്റെ കാര്യത്തിൽ ഇടപെടുന്നു? ദയചെയ്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു.

29 ആ മനുഷ്യനെ വിട്ടുപോകുവാൻ ദുഷ്ടാത്മാവിനോട് യേശു ആജ്ഞാപിച്ചതുകൊണ്ടാണ് ഭൂതാവിഷ്ടൻ ഇപ്രകാരം പറഞ്ഞത്. ഭൂതം പലപ്പോഴും ആ മനുഷ്യനെ കൈയടക്കിയിരുന്നു. ചങ്ങലയും വിലങ്ങുംകൊണ്ട് അയാളെ ബന്ധിച്ചു സൂക്ഷിച്ചിരുന്നെങ്കിലും അയാൾ അവ തകർക്കുകയും ഭൂതം അയാളെ വിജനസ്ഥലത്തേക്ക് ഓടിക്കുകയും ചെയ്തു.

30 യേശു ചോദിച്ചു: “നിന്റെ പേരെന്താണ്?” അനേകം ഭൂതങ്ങൾ ആ മനുഷ്യനിൽ കടന്നുകൂടിയിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ മറുപടി പറഞ്ഞു.

31 പാതാളത്തിലേക്കു പോകുവാൻ തങ്ങളോടു കല്പിക്കരുതേ എന്നു ഭൂതങ്ങൾ യേശുവിനോട് അപേക്ഷിച്ചു.

32 അവിടെ കുന്നിന്റെ ചരിവിൽ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളിൽ പ്രവേശിക്കുവാൻ ഞങ്ങളെ അനുവദിച്ചാലും” എന്നു ഭൂതങ്ങൾ അഭ്യർഥിച്ചു. യേശു അവയെ അനുവദിക്കുകയും ചെയ്തു.

33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നുകൂടി. അവ കടുംതൂക്കായ കുന്നിൻചരിവിൽക്കൂടി തടാകത്തിലേക്കു കുതിച്ചുപാഞ്ഞു മുങ്ങിച്ചത്തു.

34 പന്നികളെ മേയിക്കുന്നവർ ഇതുകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും ഈ വാർത്ത അറിയിച്ചു.

35 എന്താണു സംഭവിച്ചതെന്നു കാണാൻ ജനം യേശുവിന്റെ അടുത്തെത്തി. ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചു സുബോധമുള്ളവനായി യേശുവിന്റെ പാദാന്തികത്തിലിരിക്കുന്നതു കണ്ട് അവർ അദ്ഭുതപ്പെട്ടു.

36 ഭൂതാവിഷ്ടൻ എങ്ങനെയാണു സുഖപ്പെട്ടതെന്ന് ആ സംഭവം കണ്ടവർ വന്നുകൂടിയ ജനങ്ങളോടു പറഞ്ഞു.

37 തങ്ങളെ വിട്ടുപോകണമെന്ന് ഗരസേന്യയിൽനിന്നും പ്രാന്തപ്രദേശങ്ങളിൽനിന്നും വന്നുകൂടിയവരെല്ലാം യേശുവിനോടപേക്ഷിച്ചു. അവർ അത്രയ്‍ക്കു ഭയപരവശരായിത്തീർന്നിരുന്നു. അതുകൊണ്ട് യേശു വഞ്ചിയിൽ കയറി തിരിച്ചുപോയി.

38 ഭൂതങ്ങൾ വിട്ടുമാറിയ മനുഷ്യൻ “ഞാൻകൂടി വരട്ടെയോ?” എന്നു ചോദിച്ചു.

39 “നീ തിരിച്ചു വീട്ടിൽ പോയി ദൈവം നിനക്കു ചെയ്ത ഉപകാരത്തെപ്പറ്റി എല്ലാവരെയും അറിയിക്കുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം പട്ടണത്തിലെങ്ങും അറിയിച്ചു.


യായിറോസിന്റെ മകൾ
( മത്താ. 9:18-19 ; മർക്കോ. 5:21-23 )

40 യേശു തിരിച്ചുവന്നപ്പോൾ ജനങ്ങൾ ആഹ്ലാദപൂർവം അവിടുത്തെ വരവേറ്റു. അവരെല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു.

41 ആ സമയത്ത് അവിടത്തെ സുനഗോഗിന്റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു തന്റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു.

42 അയാൾക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെൺകുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു. യേശു പോകുമ്പോൾ ജനങ്ങൾ തന്റെ ചുറ്റും തിങ്ങിക്കൂടി.


രക്തസ്രാവമുള്ള സ്‍ത്രീ
( മത്താ. 9:20-22 ; മർക്കോ. 5:24-34 )

43 തനിക്കുള്ള സർവസ്വവും വൈദ്യന്മാർക്കു കൊടുത്തിട്ടും പന്ത്രണ്ടു വർഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാൻ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ

44 ഈ സമയത്തു യേശുവിന്റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തിൽ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു.

45 ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോൾ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങൾ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?”

46 അപ്പോൾ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നിൽനിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.”

47 തനിക്ക് ഒളിക്കുവാൻ സാധ്യമല്ലെന്നു കണ്ടപ്പോൾ ആ സ്‍ത്രീ വിറച്ചുകൊണ്ട് യേശുവിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് അവിടുത്തെ സ്പർശിച്ചതിന്റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു.

48 യേശു ആ സ്‍ത്രീയോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുൾചെയ്തു.


യായിറോസിന്റെ മകളെ ഉയിർപ്പിക്കുന്നു
( മത്താ. 9:23-26 ; മർക്കോ. 5:35-43 )

49 ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ സുനഗോഗിന്റെ മേധാവിയുടെ വീട്ടിൽനിന്ന് ഒരാൾ വന്ന് “അങ്ങയുടെ പുത്രി മരിച്ചുപോയി; ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടതില്ല” എന്നു പറഞ്ഞു.

50 അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക; അവൾ സുഖം പ്രാപിക്കും.”

51 വീട്ടിലെത്തിയപ്പോൾ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ആ കുട്ടിയുടെ മാതാപിതാക്കളെയുമല്ലാതെ മറ്റാരെയും തന്നോടൊപ്പം അകത്തു കടക്കുവാൻ യേശു അനുവദിച്ചില്ല.

52 എല്ലാവരും ആ പെൺകുട്ടിയെച്ചൊല്ലി കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. യേശു അവരോട്: “ആരും കരയേണ്ടാ; അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.

53 അവൾ മരിച്ചുപോയി എന്ന് അറിയാമായിരുന്നതിനാൽ അവർ അവിടുത്തെ പരിഹസിച്ചു.

54 എന്നാൽ അവിടുന്ന് ആ പെൺകുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ട്: “മകളേ എഴുന്നേല്‌ക്കുക” എന്ന് ഉച്ചത്തിൽ ആജ്ഞാപിച്ചു.

55 ഉടനെ കുട്ടിയുടെ പ്രാണൻ തിരിച്ചുവന്നു. അവൾ പെട്ടെന്ന് എഴുന്നേറ്റു. “അവൾക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക” എന്ന് യേശു പറഞ്ഞു.

56 ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ആനന്ദനിർവൃതിയടഞ്ഞു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan