ലൂക്കൊസ് 22 - സത്യവേദപുസ്തകം C.L. (BSI)യേശുവിന് എതിരെ ഗൂഢാലോചന ( മത്താ. 26:1-5 ; മർക്കോ. 14:1-2 ; യോഹ. 11:45-53 ) 1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം സമീപിച്ചു. 2 മുഖ്യ പുരോഹിതന്മാരും മതപണ്ഡിതന്മാരും പൊതുജനങ്ങളെ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിന്റെ കഥകഴിക്കേണ്ടത് എങ്ങനെയെന്ന് ആരാഞ്ഞുകൊണ്ടിരുന്നു. ഒറ്റിക്കൊടുക്കുവാൻ സമ്മതിക്കുന്നു ( മത്താ. 26:14-16 ; മർക്കോ. 14:10-11 ) 3 പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്തിൽ സാത്താൻ പ്രവേശിച്ചു. 4 അയാൾ പോയി പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ പടത്തലവന്മാരോടും യേശുവിനെ അവർക്ക് ഒറ്റിക്കൊടുക്കുവാനുള്ള ഉപായത്തെക്കുറിച്ച് കൂടിയാലോചന നടത്തി. 5 അവർ സന്തോഷഭരിതരായി, അയാൾക്കു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. 6 യൂദാസ് അവർക്കു വാക്കുകൊടുക്കുകയും ചെയ്തു. ആളുകൾ കൂടെയില്ലാത്ത അവസരത്തിൽ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ അയാൾ തക്കം അന്വേഷിച്ചുകൊണ്ടിരുന്നു. അവസാനത്തെ അത്താഴം 7 പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വന്നുചേർന്നു. 8 “നിങ്ങൾ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു. 9 “ഞങ്ങൾ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവർ ചോദിച്ചു. 10 യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ ഒരു കുടത്തിൽ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാൾ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാൾ പ്രവേശിക്കുന്ന വീട്ടിൽ ചെന്ന് 11 ‘എന്റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം. 12 വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാൾ കാണിച്ചുതരും; അവിടെ നിങ്ങൾ ഒരുക്കുക.” 13 അവർ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി. തിരുവത്താഴം ( മത്താ. 26:26-30 ; മർക്കോ. 14:22-26 ; 1 കൊരി. 11:23-25 ) 14 സമയമായപ്പോൾ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു. 15 അവിടുന്ന് അവരോട് അരുൾചെയ്തു: “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. 16 ദൈവരാജ്യത്തിൽ ഇതിന്റെ പൂർത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേൽ ഞാൻ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.” 17 അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങൾ അന്യോന്യം പങ്കിടുക; 18 ദൈവരാജ്യം വരുന്നതുവരെ ഇനിമേൽ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു. 19 പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നല്‌കപ്പെടുന്ന എന്റെ ശരീരം; എന്റെ ഓർമയ്‍ക്കായി ഇത് അനുഷ്ഠിക്കുക!” 20 അങ്ങനെതന്നെ അത്താഴം കഴിഞ്ഞു പാനപാത്രം എടുത്തു കൊടുത്തുകൊണ്ട് അരുൾചെയ്തു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്താൽ ഉറപ്പിക്കപ്പെടുന്ന ദൈവത്തിന്റെ പുതിയ ഉടമ്പടിയാകുന്നു.” 21 “എന്നാൽ എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്നോടുകൂടി ഈ മേശയ്‍ക്കരികിൽത്തന്നെ ഉണ്ട്. 22 ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.” 23 അപ്പോൾ തങ്ങളിൽ ആരായിരിക്കും ഇതു ചെയ്യുവാൻ പോകുന്നതെന്ന് അവർ അന്യോന്യം ചോദിച്ചുതുടങ്ങി. ആരാണ് വലിയവൻ? 24 തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയിൽ ഒരു തർക്കമുണ്ടായി; യേശു അവരോടു പറഞ്ഞു: 25 “വിജാതീയരുടെ രാജാക്കന്മാർ അവരുടെമേൽ ആധിപത്യം പുലർത്തുന്നു; അധികാരികൾ ‘അന്നദാതാക്കൾ’ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു; നിങ്ങളാകട്ടെ അങ്ങനെ അല്ല; 26 നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ. 27 ഭക്ഷണത്തിനിരിക്കുന്നവനോ, പരിചാരകനോ, ആരാണു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാൻ നിങ്ങളുടെ ഇടയിൽ ഒരു പരിചാരകനെപ്പോലെയാണല്ലോ വർത്തിച്ചിട്ടുള്ളത്. 28 എനിക്കുണ്ടായ പരിശോധനകളിൽ എന്നോടുകൂടി സുസ്ഥിരമായി നിന്നവരാണു നിങ്ങൾ; 29 എന്റെ പിതാവു രാജ്യത്തിന്റെ അധികാരം നല്‌കി എന്നെ നിയമിച്ചതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു. 30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊന്നിച്ചു ഭക്ഷിക്കുകയും പാനം ചെയ്യുകയും പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങളുടെ ന്യായാധിപന്മാരായി സിംഹാസനങ്ങളിൽ ഇരിക്കുകയും ചെയ്യും. തള്ളിപ്പറയുമെന്ന് മുന്നറിയിപ്പ് ( മത്താ. 26:31-35 ; മർക്കോ. 14:27-31 ; യോഹ. 13:36-38 ) 31 “ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാൻ സാത്താൻ അനുവാദം ചോദിച്ചു. 32 എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.” 33 പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കർത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തിൽ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാൻ സന്നദ്ധനാണ്.” 34 അപ്പോൾ യേശു അരുൾചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാൻ പറയുന്നു.” 35 പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാൻ നിങ്ങളെ അയച്ചിട്ടു നിങ്ങൾക്കു വല്ല കുറവുമുണ്ടായോ? “ഇല്ല,” എന്ന് അവർ പറഞ്ഞു. 36 “എന്നാൽ ഇപ്പോൾ പണസഞ്ചിയുള്ളവൻ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാൾ ഇല്ലാത്തവൻ തന്റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ. 37 ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടുന്നു.” 38 “കർത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവർ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു. യേശു ഒലിവുമലയിൽ ( മത്താ. 26:36-46 ; മർക്കോ. 14:32-42 ) 39 പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു, 40 അവിടെ എത്തിയപ്പോൾ യേശു അവരോട് അരുൾചെയ്തു: “പരീക്ഷണത്തിൽ വീണു പോകാതിരിക്കുവാൻ പ്രാർഥിക്കുക.” 41 പിന്നീട് അവരിൽനിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു: 42 “പിതാവേ, തിരുവിഷ്ടമെങ്കിൽ എന്നിൽനിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂർത്തിയാവട്ടെ.” 43 തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. 44 യേശു പ്രാണവേദനയിലായി; കൂടുതൽ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാർഥിച്ചു. അവിടുത്തെ വിയർപ്പു കനത്ത രക്തത്തുള്ളികൾ കണക്കേ നിലത്ത് ഇറ്റിറ്റു വീണു. 45 പ്രാർഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാർ ദുഃഖംകൊണ്ടു തളർന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു. 46 യേശു അവരോട്’: “നിങ്ങൾ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തിൽ വീണുപോകാതിരിക്കുവാൻ ഉണർന്നെഴുന്നേറ്റു പ്രാർഥിക്കുക” എന്നു പറഞ്ഞു. ബന്ധനസ്ഥനാകുന്നു ( മത്താ. 26:47-56 ; മർക്കോ. 14:43-50 ; യോഹ. 18:3-11 ) 47 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്. 48 യൂദാസ് യേശുവിനെ ചുംബിക്കുവാൻ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” 49 എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ മനസ്സിലാക്കിക്കൊണ്ട്: “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു. 50 അവരിലൊരാൾ മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു. 51 ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി. 52 തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവൽപ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങൾ വാളും വടിയുമായി എന്റെ അടുക്കൽ വന്നിരിക്കുകയാണോ? 53 നിങ്ങളോടുകൂടി ദിനംതോറും ഞാൻ ദേവാലയത്തിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. ഇരുളിന്റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങൾക്കു പ്രവർത്തിക്കുവാനുള്ള അവസരമാണ്.” പത്രോസ് തള്ളിപ്പറയുന്നു ( മത്താ. 26:57-58 , 69-75 ; മർക്കോ. 14:53-54 , 66-72 ; യോഹ. 18:12-18 , 25-27 ) 54 അവർ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു. 55 കുറെപേർ നടുമുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്നു. പത്രോസും ചെന്ന് അവരുടെ ഇടയിൽ ഇരുന്നു. 56 അദ്ദേഹം ഇരിക്കുന്നത് തീയുടെ വെളിച്ചത്തിൽ ഒരു പരിചാരിക കണ്ടു. അവൾ പത്രോസിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് “ഇയാളും യേശുവിന്റെ കൂടെയുണ്ടായിരുന്ന ആളാണല്ലോ” എന്നു പറഞ്ഞു. 57 “ഹേ, സ്‍ത്രീയേ; എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ” എന്നു പത്രോസ് തള്ളിപ്പറഞ്ഞു. 58 കുറെ കഴിഞ്ഞു മറ്റൊരാൾ പത്രോസിനെ കണ്ടു. “നിങ്ങളും യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാളാണല്ലോ” എന്നു പറഞ്ഞു. 59 “ഹേ, മനുഷ്യാ; അതു ഞാനല്ല” എന്നു പത്രോസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരാൾ തറപ്പിച്ചു പറഞ്ഞു: “ഈ മനുഷ്യൻ തീർച്ചയായും അയാളുടെ ശിഷ്യന്മാരിൽ ഒരാൾ തന്നേ! ഇയാളും ഗലീലക്കാരനാണല്ലോ.” 60 അപ്പോൾ പത്രോസ്, “ഹേ മനുഷ്യാ, താങ്കൾ പറയുന്നത് എന്തെന്നു എനിക്കു മനസ്സിലാകുന്നില്ല!” എന്നു പറഞ്ഞു. 61-62 ഇങ്ങനെ പറയുമ്പോൾത്തന്നെ കോഴി കൂകി. അപ്പോൾ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകൾ ഓർത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു. പരിഹാസവും പ്രഹരവും ( മത്താ. 26:67-68 ; മർക്കോ. 14:65 ) 63-65 യേശുവിനെ ബന്ധനസ്ഥനാക്കിയവർ അവിടുത്തെ കണ്ണുകൾ മൂടിക്കെട്ടി. അവർ അവിടുത്തെ അടിക്കുകയും പരിഹസിക്കുകയും ചെയ്തു. “നിന്നെ അടിച്ചതു ആരെന്നു പറയുക; നീ പ്രവാചകനാണല്ലോ” എന്നും മറ്റും പറഞ്ഞ് അവർ യേശുവിനെ അവഹേളിച്ചുകൊണ്ടിരുന്നു. ന്യായാധിപസംഘത്തിന്റെ മുമ്പിൽ ( മത്താ. 26:59-66 ; മർക്കോ. 14:55-64 ; യോഹ. 18:19-24 ) 66 പുലർച്ചയായപ്പോൾ ജനപ്രമാണിമാരും പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഒരുമിച്ചുകൂടി; യേശുവിനെ സന്നദ്രിം എന്ന ന്യായാധിപസംഘത്തിന്റെ മുമ്പിൽ ഹാജരാക്കി. അവർ യേശുവിനോടു: 67 “താങ്കൾ ക്രിസ്തു ആണെങ്കിൽ അതു ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. എന്നാൽ യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല; 68 ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾ ഉത്തരം പറയുകയുമില്ല. 69 ഇനിമേൽ മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും.” 70 അപ്പോൾ അവരെല്ലാവരും ചോദിച്ചു: “താങ്കൾ ദൈവപുത്രനാകുന്നു എന്നാണോ അതിന്റെ അർഥം?” യേശു പ്രതിവചിച്ചു: “ഞാനാകുന്നു എന്ന് നിങ്ങൾ പറയുന്നു.” 71 ഉടനെ അവർ “ഇനി സാക്ഷ്യമൊന്നും നമുക്കാവശ്യമില്ലല്ലോ! ഇവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടു കഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India