ലേവ്യപുസ്തകം 3 - സത്യവേദപുസ്തകം C.L. (BSI)സമാധാനയാഗം 1 ആരെങ്കിലും സർവേശ്വരനു സമാധാനയാഗമായി കാളയെയോ പശുവിനെയോ സമർപ്പിക്കുകയാണെങ്കിൽ അതു കുറ്റമറ്റതായിരിക്കണം. 2 അവൻ അതിന്റെ തലയിൽ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽവച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാർ അതിന്റെ രക്തമെടുത്തു യാഗപീഠത്തിനു ചുറ്റും തളിക്കണം. 3 യാഗമൃഗത്തിന്റെ കുടലും അതിനെ പൊതിഞ്ഞിരിക്കുന്ന മേദസ്സും, 4 വൃക്കകളും, അവയോടു ചേർന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേർന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം എടുത്തു സർവേശ്വരനു ദഹനയാഗമായി അർപ്പിക്കണം. 5 അഹരോന്യപുരോഹിതന്മാർ അവ യാഗപീഠത്തിൽ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേൽ വച്ചിരിക്കുന്ന മറ്റു യാഗവസ്തുക്കളോടൊപ്പം ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്. 6 സമാധാനയാഗമായി അർപ്പിക്കുന്നത് ആണാടോ പെണ്ണാടോ ആണെങ്കിൽ അത് ഊനമറ്റതായിരിക്കണം. 7 ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ അതിനെ സർവേശ്വരന്റെ സന്നിധിയിൽ സമർപ്പിക്കണം. 8 അവൻ അതിന്റെ തലയിൽ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്റെ ചുറ്റും തളിക്കണം. 9 അതിനുശേഷം ആ സമാധാനയാഗദ്രവ്യത്തിൽനിന്ന് അതിന്റെ മേദസ്സും നട്ടെല്ലിനോടു ചേർത്തു മുറിച്ചെടുത്ത തടിച്ച വാലും കുടലിനെ പൊതിഞ്ഞുള്ള മേദസ്സും, 10 വൃക്കകളും അവയോടു ചേർന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേർന്നുള്ള നെയ്‍വലയും, വൃക്കകളോടൊപ്പം ദഹനയാഗമായി അർപ്പിക്കണം. 11 പുരോഹിതൻ അവ സർവേശ്വരനു ഭോജനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. 12 കോലാടിനെയാണ് അർപ്പിക്കുന്നതെങ്കിൽ അതിനെ സർവേശ്വരന്റെ സന്നിധിയിൽ സമർപ്പിക്കണം. 13 അതിന്റെ തലയിൽ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാർ അതിന്റെ രക്തമെടുത്തു യാഗപീഠത്തിനു ചുറ്റും തളിക്കണം. 14 പിന്നെ അതിൽനിന്നു കുടലിനെ പൊതിഞ്ഞുള്ള മേദസ്സും, വൃക്കകളും, 15 അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിനോടു ചേർന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം സർവേശ്വരനു ദഹനയാഗമായി അർപ്പിക്കണം. 16 സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായി അഗ്നിയിൽ അർപ്പിക്കുന്ന ഭോജനയാഗമാണത്. മേദസ്സ് മുഴുവൻ സർവേശ്വരനുള്ളതാണ്. 17 മേദസ്സും രക്തവും ഭക്ഷിക്കരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറയായി പാലിക്കേണ്ട ശാശ്വതനിയമമാണിത്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India