Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 2 - സത്യവേദപുസ്തകം C.L. (BSI)


ധാന്യയാഗം

1 ആരെങ്കിലും സർവേശ്വരനു ധാന്യയാഗം അർപ്പിക്കുന്നെങ്കിൽ യാഗവസ്തു നേരിയ മാവായിരിക്കണം. അതിൽ എണ്ണയും കുന്തുരുക്കവും ചേർക്കണം.

2 അത് അഹരോന്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അതിൽനിന്ന് ഒരു പിടി മാവും എണ്ണയും കുന്തുരുക്കം മുഴുവനും ഉൾപ്പെടെ എടുത്തു സ്മരണാംശമായി യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കണം. അത് സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണ്.

3 ധാന്യവഴിപാടിൽ ശേഷിക്കുന്നത് അഹരോന്യപുരോഹിതന്മാരുടെ ഓഹരിയാണ്. സർവേശ്വരനർപ്പിച്ച ദഹനയാഗത്തിന്റെ ഭാഗമാകയാൽ അത് അതിവിശുദ്ധമാകുന്നു.

4 ധാന്യയാഗവസ്തു ചുട്ടെടുത്ത അപ്പമാണെങ്കിൽ പുളിപ്പിക്കാത്ത നേരിയ മാവും എണ്ണയും ചേർത്തുണ്ടാക്കിയ അപ്പമോ എണ്ണ പുരട്ടി ഉണ്ടാക്കിയ അടയോ ആയിരിക്കണം.

5 യാഗവസ്തു കല്ലിന്മേൽ ചുട്ടെടുത്ത അപ്പമാണെങ്കിൽ അതു പുളിപ്പിക്കാത്ത നേരിയ മാവിൽ എണ്ണ ചേർത്തുണ്ടാക്കിയതായിരിക്കണം.

6 അതു കഷണങ്ങളായി നുറുക്കിയ ശേഷം അവയിൽ എണ്ണ ഒഴിക്കണം. ഇതാണു ധാന്യയാഗം.

7 ഉരുളിയിൽ പാകം ചെയ്ത വസ്തുവാണ് ധാന്യയാഗമായി അർപ്പിക്കുന്നതെങ്കിൽ അതു നേരിയ മാവും എണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം.

8 ഇവ ധാന്യയാഗത്തിന് സർവേശ്വരസന്നിധിയിൽ കൊണ്ടുവരുമ്പോൾ പുരോഹിതനെ ഏല്പിക്കണം.

9 പുരോഹിതൻ അതു യാഗപീഠത്തിൽ സമർപ്പിക്കും. അതിൽ ഒരു ഭാഗം പുരോഹിതൻ സ്മരണാംശമായി യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കണം. അതു സർവേശ്വരനു പ്രസാദമുള്ള സൗരഭ്യയാഗമായിരിക്കണം.

10 ധാന്യവഴിപാടിൽ ശേഷിച്ചത് അഹരോന്യപുരോഹിതന്മാർക്കുള്ളതാണ്. സർവേശ്വരനു സമർപ്പിച്ച ദഹനയാഗത്തിന്റെ അംശമായതുകൊണ്ട് അത് അതിവിശുദ്ധമാകുന്നു.

11 സർവേശ്വരനു ധാന്യയാഗമായി അർപ്പിക്കാനുള്ള വസ്തു പുളിച്ച മാവുകൊണ്ട് ഉണ്ടാക്കരുത്. പുളിച്ച മാവോ തേനോ ദഹനയാഗമായി അവിടുത്തേക്ക് അർപ്പിക്കരുത്.

12 അവ ആദ്യഫലവഴിപാടായി സർവേശ്വരനു സമർപ്പിക്കാം. എന്നാൽ അവ സൗരഭ്യയാഗമായി യാഗപീഠത്തിൽ അർപ്പിക്കരുത്.

13 എല്ലാ ധാന്യവഴിപാടിലും ഉപ്പു ചേർത്തിരിക്കണം. നിന്റെ ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായ ഉപ്പ് വഴിപാടുകളിൽ ചേർക്കാൻ വിട്ടുപോകരുത്.

14 നിങ്ങളുടെ ആദ്യഫലം ധാന്യയാഗമായി സർവേശ്വരന് അർപ്പിക്കുന്നെങ്കിൽ യാഗവസ്തു വിളഞ്ഞ കതിരിൽനിന്ന് എടുത്ത മണികൾ തീയിൽ പൊരിച്ചുണ്ടാക്കിയ മലരോ മലർപ്പൊടിയോ ആയിരിക്കണം.

15 അതിൽ എണ്ണ പകർന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം.

16 പുരോഹിതൻ എണ്ണ ചേർത്ത മലരിന്റെ ഒരു ഭാഗവും കുന്തുരുക്കം മുഴുവനും സ്മരണാംശമായി ദഹിപ്പിക്കണം. ഇതു സർവേശ്വരനുള്ള ദഹനയാഗമാണ്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan