Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 18 - സത്യവേദപുസ്തകം C.L. (BSI)


സ്‍ത്രീപുരുഷബന്ധങ്ങളിൽ വിശുദ്ധി

1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:

2 ഇസ്രായേൽജനത്തോടു പറയുക. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ ആകുന്നു.

3 നിങ്ങൾ വസിച്ചിരുന്ന ഈജിപ്തിലെ ജനങ്ങളെപ്പോലെയോ, ഞാൻ നിങ്ങളെ ആനയിക്കുന്ന കനാനിലെ ജനങ്ങളെപ്പോലെയോ നിങ്ങൾ പ്രവർത്തിക്കരുത്. അവരുടെ പ്രമാണങ്ങൾക്കൊത്ത് ജീവിക്കയുമരുത്.

4 എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിച്ച് നിങ്ങൾ ജീവിക്കണം. ഞാനാകുന്നു നിങ്ങളുടെ ദൈവമായ സർവേശ്വരൻ.

5 നിങ്ങൾ എന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. അങ്ങനെ പ്രവർത്തിക്കുന്നവർ അവയാൽ ജീവിക്കും. ഞാൻ സർവേശ്വരനാകുന്നു.

6 നിങ്ങളിൽ ആരും രക്തബന്ധമുള്ളവരോടൊത്ത് ശയിക്കരുത്.

7 ആരും പിതാവിനെ പ്രാപിക്കരുത്. അത് മാതാവിനെ അപമാനിക്കലാണ്. നിങ്ങളിൽ ആരും മാതാവിനെ പ്രാപിക്കരുത്; അവൾ മാതാവാണല്ലോ.

8 പിതാവിന്റെ ഭാര്യയെ പ്രാപിക്കരുത്. അതു പിതാവിനെ അപമാനിക്കലാണ്.

9 സ്വന്തസഹോദരിയെയോ, പിതൃവഴിക്കോ, മാതൃവഴിക്കോ ഉള്ള സഹോദരിയെയോ പ്രാപിക്കരുത്; അവൾ സ്വന്തകുടുംബത്തിലോ, അന്യകുടുംബത്തിലോ ജനിച്ചതായാലും അരുത്.

10 നിങ്ങളുടെ പുത്രന്റെയോ, പുത്രിയുടെയോ മകളെ പ്രാപിക്കരുത്. അതു നിങ്ങളെത്തന്നെ അപമാനിക്കലാണ്.

11 പിതാവിന് നിന്റെ രണ്ടാനമ്മയിൽ ജനിച്ച മകളുമായും ബന്ധം അരുത്. അവൾ നിന്റെ സഹോദരി തന്നെ.

12 പിതൃസഹോദരിയെ പ്രാപിക്കരുത്. അവൾ നിന്റെ പിതാവിന്റെ അടുത്ത ബന്ധു ആകുന്നു.

13 അമ്മയുടെ സഹോദരിയുമായും പാടില്ല, അവൾ നിന്റെ അമ്മയുടെ ഉറ്റ ബന്ധുവാകുന്നു.

14 പിതൃസഹോദരന്റെ ഭാര്യയെ പ്രാപിച്ച് അയാൾക്ക് അപമാനം വരുത്തരുത്, അവൾ നിന്റെ ഇളയമ്മയാകുന്നു.

15 നിന്റെ പുത്രഭാര്യയുമായി ബന്ധം അരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ. അവളെ അപമാനിക്കരുത്.

16 നിന്റെ സഹോദരന്റെ ഭാര്യയെ പ്രാപിക്കരുത്. അതു നിന്റെ സഹോദരനെ അപമാനിക്കലാണ്.

17 ഒരു സ്‍ത്രീയെയും അവളുടെ മകളെയും നീ പ്രാപിക്കരുത്. അവളുടെ ദൗഹിത്രിയും നിനക്ക് അഭിഗമ്യയല്ല; അത് അധർമമാകുന്നു. അവർ അടുത്ത ചാർച്ചക്കാരാണ്.

18 ഭാര്യ ജീവിച്ചിരിക്കെ അവളുടെ സഹോദരിയെ പത്നിയായി സ്വീകരിക്കരുത്. അത് അവളെ വേദനിപ്പിക്കും.

19 മാസമുറയാൽ അശുദ്ധയായിരിക്കുന്ന സ്‍ത്രീയെ പ്രാപിക്കരുത്.

20 അയൽക്കാരന്റെ ഭാര്യയെ പ്രാപിച്ച് സ്വയം അശുദ്ധി വരുത്തരുത്.

21 നിന്റെ സന്തതികളിൽ ആരെയെങ്കിലും മോലെക്കിനു യാഗമായി അർപ്പിച്ച് നിന്റെ ദൈവത്തിന്റെ നാമത്തെ നിന്ദിക്കരുത്. ഞാൻ സർവേശ്വരനാകുന്നു.

22 സ്‍ത്രീയുടെകൂടെ എന്നപോലെ പുരുഷനോടൊത്തു ശയിക്കരുത്. അത് മ്ലേച്ഛമാകുന്നു.

23 മൃഗത്തെ പ്രാപിച്ച് സ്വയം അശുദ്ധനാകരുത്. മൃഗവേഴ്ച സ്‍ത്രീക്കും നിഷിദ്ധമാണ്. അതു രതിവൈകൃതമാണ്.

24 ഇവയിൽ ഒന്നിനാലും സ്വയം അശുദ്ധി വരുത്തരുത്. നിങ്ങളുടെ മുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇവയാൽ അശുദ്ധരായിത്തീർന്നവരാണ്.

25 ആ ദേശവും അശുദ്ധമാണ്. അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിച്ചു. ആ നാട് അതിലെ നിവാസികളെ പുറന്തള്ളി.

26 നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളും എന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. ഇത്തരം മ്ലേച്ഛതകൾ പ്രവർത്തിക്കരുത്.

27 ഈ സ്ഥലത്തു നിങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നവർ ഈവക പ്രവൃത്തികൾ ചെയ്തതിന്റെ ഫലമായി ദേശം അശുദ്ധമായിത്തീർന്നു.

28 നിങ്ങളും അങ്ങനെ ചെയ്ത് മുമ്പു ജീവിച്ചിരുന്ന ജനതകൾ തിരസ്കരിക്കപ്പെട്ടതുപോലെ തിരസ്കരിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.

29 ഈ മ്ലേച്ഛതകളിൽ ഏതെങ്കിലും പ്രവർത്തിക്കുന്നവരെ നിങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം.

30 നിങ്ങൾക്കു മുമ്പു ജീവിച്ചിരുന്നവർ ചെയ്ത മ്ലേച്ഛതകൾ പ്രവർത്തിച്ച് അശുദ്ധരാകാതിരിക്കാൻ എന്റെ കല്പനകൾ പാലിക്കുക; ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan