Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 12 - സത്യവേദപുസ്തകം C.L. (BSI)


പ്രസവാനന്തര ശുദ്ധീകരണം

1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:

2 “ഇസ്രായേൽജനത്തോടു പറയുക, ആൺകുട്ടിയെ പ്രസവിക്കുന്ന സ്‍ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.

3 എട്ടാം ദിവസം പുത്രന്റെ പരിച്ഛേദനകർമം നടത്തണം.

4 തുടർന്നു മുപ്പത്തിമൂന്നു ദിവസം രക്തശുദ്ധീകരണത്തിനുള്ള കാലമായി ആചരിക്കണം. അക്കാലത്തിനിടയിൽ അവൾ വിശുദ്ധവസ്തു സ്പർശിക്കുകയോ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുകയോ അരുത്.

5 പ്രസവിക്കുന്നതു പെൺകുട്ടിയെ ആണെങ്കിൽ രണ്ടാഴ്ചത്തേക്കു ഋതുകാലത്തേതുപോലെ അവൾ അശുദ്ധയായിരിക്കും. തുടർന്നു രക്തസ്രവത്തിൽനിന്നുള്ള ശുദ്ധീകരണത്തിനുള്ള കാലമായി അറുപത്താറു ദിവസം ആചരിക്കണം.

6 കുഞ്ഞ് ആണായാലും പെണ്ണായാലും പ്രസവാനന്തര ശുദ്ധീകരണകാലം പൂർത്തിയാകുമ്പോൾ ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു ചെങ്ങാലിയെയോ പാപപരിഹാരയാഗത്തിനായും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം.

7 പുരോഹിതൻ സർവേശ്വരനു വഴിപാട് അർപ്പിച്ചശേഷം അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോൾ രക്തസ്രവത്തിൽനിന്ന് അവൾ ശുദ്ധയായിത്തീരും. ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്‍ത്രീകൾ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു.

8 ആട്ടിൻകുട്ടിയെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ രണ്ടു മാടപ്രാക്കളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനുമായി അർപ്പിക്കാവുന്നതാണ്. പുരോഹിതൻ അവ സ്വീകരിച്ച് അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവൾ ശുദ്ധയായിത്തീരും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan