Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 1 - സത്യവേദപുസ്തകം C.L. (BSI)


സമ്പൂർണ ഹോമയാഗം

1 സർവേശ്വരൻ മോശയെ വിളിച്ചു തിരുസാന്നിധ്യകൂടാരത്തിൽവച്ച് അരുളിച്ചെയ്തു:

2 “ഇസ്രായേൽജനത്തോടു പറയുക, സർവേശ്വരനു യാഗം അർപ്പിക്കാൻ കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ഒന്നിനെ കൊണ്ടുവരാം.

3 ഹോമയാഗത്തിനുള്ള മൃഗം കന്നുകാലികളിലൊന്നാണെങ്കിൽ അത് കുറ്റമറ്റ കാളയായിരിക്കണം. അതു സർവേശ്വരനു സ്വീകാര്യമാകാൻ അതിനെ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ അർപ്പിക്കണം.

4 അർപ്പിക്കുന്നവൻ അതിന്റെ തലയിൽ കൈ വയ്‍ക്കണം. അത് അവന്റെ പാപത്തിനു പരിഹാരമായി അംഗീകരിക്കപ്പെടും.

5 അതിനുശേഷം അവൻ കാളക്കുട്ടിയെ സർവേശ്വരസന്നിധിയിൽവച്ചു കൊല്ലണം. അഹരോന്യപുരോഹിതന്മാർ അതിന്റെ രക്തമെടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കലുള്ള യാഗപീഠത്തിനു ചുറ്റും തളിക്കണം.

6 പിന്നെ അതിന്റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം.

7 അഹരോന്യപുരോഹിതന്മാർ യാഗപീഠത്തിൽ തീകൂട്ടി വിറക് അടുക്കണം.

8 യാഗപീഠത്തിൽ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേൽ പുരോഹിതന്മാർ മൃഗത്തിന്റെ തലയും മേദസ്സും ഉൾപ്പെടെയുള്ള കഷണങ്ങൾ അടുക്കിവയ്‍ക്കണം.

9 അതിന്റെ കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവൻ യാഗപീഠത്തിൽ വച്ചു സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കണം.

10 ഹോമയാഗമായി അർപ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കിൽ അത് ഊനമറ്റ ആണായിരിക്കണം.

11 യാഗപീഠത്തിന്റെ വടക്കുവശത്തു സർവേശ്വരസന്നിധിയിൽവച്ചുതന്നെ അവൻ അതിനെ കൊല്ലണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം.

12 പുരോഹിതൻ അതിനെ തലയും മേദസ്സും ഉൾപ്പെടെ കഷണങ്ങളായി മുറിച്ചു യാഗപീഠത്തിൽ കത്തുന്ന വിറകിന്മേൽ അടുക്കിവയ്‍ക്കണം.

13 കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമാണ് അത്.

14 ഹോമയാഗമായി അർപ്പിക്കുന്നതു പക്ഷിയെയാണെങ്കിൽ അത് ഒരു ചെങ്ങാലിയോ, പ്രാവിൻകുഞ്ഞോ ആയിരിക്കണം.

15 പുരോഹിതൻ അതിനെ യാഗപീഠത്തിങ്കൽ കൊണ്ടുവന്ന് അതിന്റെ തല പിരിച്ചു വേർപെടുത്തി യാഗപീഠത്തിൽ ദഹിപ്പിക്കുകയും അതിന്റെ രക്തം യാഗപീഠത്തിന്റെ വശങ്ങളിലൂടെ ഒഴുക്കുകയും ചെയ്യണം.

16 അതിന്റെ തീൻപണ്ടവും തൂവലുകളും യാഗപീഠത്തിന്റെ കിഴക്കുവശത്ത് ചാരം ഇടുന്ന സ്ഥലത്തു ഇടണം.

17 അവൻ അതിനെ ചിറകുകളിൽ പിടിച്ചു വലിച്ചു കീറണം. എന്നാൽ രണ്ടായി വേർപെടുത്തരുത്. അതു മുഴുവൻ യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan