Biblia Todo Logo
Bìoball air-loidhne

- Sanasan -

യോശുവ 5 - സത്യവേദപുസ്തകം C.L. (BSI)

1 ഇസ്രായേൽജനം കടന്നുപോകാൻ യോർദ്ദാൻനദിയിലെ വെള്ളം സർവേശ്വരൻ വറ്റിച്ചുകളഞ്ഞ വിവരം യോർദ്ദാനു പടിഞ്ഞാറുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ വല്ലാതെ പരിഭ്രമിച്ചു. ഇസ്രായേല്യർ നിമിത്തം അവരുടെ ധൈര്യം ക്ഷയിച്ചു.


ഗില്ഗാലിലെ പരിച്ഛേദനം

2 “കല്‌ക്കത്തിയുണ്ടാക്കി ഇസ്രായേൽജനത്തെ വീണ്ടും പരിച്ഛേദനം ചെയ്യണം” എന്ന് സർവേശ്വരൻ യോശുവയോട് കല്പിച്ചു.

3 അതനുസരിച്ചു യോശുവ കല്‌ക്കത്തിയുണ്ടാക്കി ഗിബയാത്ത് ഹാർലോത്തിൽ ഇസ്രായേൽജനത്തെ പരിച്ഛേദനം നടത്തി.

4 യോശുവ അങ്ങനെ ചെയ്തതിനു കാരണം ഇതായിരുന്നു: ഈജിപ്തിൽനിന്നു പുറപ്പെട്ടശേഷം യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരെല്ലാവരും മരിച്ചുപോയിരുന്നു.

5 യാത്ര പുറപ്പെട്ടപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏറ്റവരായിരുന്നു. എന്നാൽ ഈജിപ്തിൽനിന്നുള്ള യാത്രാമധ്യേ മരുഭൂമിയിൽവച്ചു ജനിച്ചവരാരും പരിച്ഛേദനം ഏറ്റിരുന്നില്ല.

6 സർവേശ്വരന്റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ട് ഈജിപ്തിൽനിന്നു പുറപ്പെട്ടവരിൽ യോദ്ധാക്കളായ പുരുഷന്മാരെല്ലാം മരിച്ചൊടുങ്ങുന്നതുവരെ ഇസ്രായേൽജനം നാല്പതു വർഷക്കാലം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശം കാണാൻ അവർക്ക് ഇടയാകുകയില്ലെന്നു സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരുന്നു.

7 അവർക്കു പകരം അവരുടെ പുത്രന്മാരെ സർവേശ്വരൻ ഉയർത്തി; അവരെയായിരുന്നു യോശുവ പരിച്ഛേദനം ചെയ്തത്. യാത്രാമധ്യേ അവരുടെ പരിച്ഛേദനം നടന്നിരുന്നില്ല.

8 പരിച്ഛേദനം കഴിഞ്ഞ് എല്ലാവരും സൗഖ്യം പ്രാപിക്കുന്നതുവരെ പാളയത്തിൽതന്നെ പാർത്തു.

9 സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഈജിപ്തിൽ അടിമകളായിരുന്നതിന്റെ അപമാനം ഇന്നു ഞാൻ നിങ്ങളിൽനിന്നു നീക്കിയിരിക്കുന്നു; അതുകൊണ്ട് ആ സ്ഥലം ‘ഗില്ഗാൽ’ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.”

10 ഇസ്രായേൽജനം യെരീഹോ സമതലത്തിലെ ഗില്ഗാലിൽ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു.

11 ആ പ്രദേശത്തു വിളഞ്ഞ ധാന്യംകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത കോതമ്പും അവർ പിറ്റേദിവസം ഭക്ഷിച്ചു.

12 അന്നു മുതൽ മന്ന വർഷിക്കാതെയായി. അതിനുശേഷം ഇസ്രായേല്യർക്ക് മന്ന ലഭിച്ചില്ല; ആ വർഷംമുതൽ കനാൻദേശത്തെ ഫലം അവർ ഭക്ഷിച്ചു.


സർവേശ്വരന്റെ സൈന്യാധിപൻ

13 യോശുവ യെരീഹോവിനു സമീപത്തു വച്ച് ഊരിയ വാളുമായി നില്‌ക്കുന്ന ഒരാളിനെ കണ്ടു; യോശുവ അയാളെ സമീപിച്ചു ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷത്തുള്ളവനോ അതോ ശത്രുപക്ഷത്തുള്ളവനോ?”

14 “രണ്ടുമല്ല; സർവേശ്വരന്റെ സേനാനായകനായി ഞാൻ ഇപ്പോൾ വന്നിരിക്കുന്നു” എന്നയാൾ മറുപടി നല്‌കി. യോശുവ സാഷ്ടാംഗപ്രണാമം ചെയ്തതിനുശേഷം ചോദിച്ചു: “ഈ ദാസനോട് അവിടുത്തേക്ക് എന്താണ് കല്പിക്കാനുള്ളത്?”

15 സർവേശ്വരന്റെ സേനാനായകൻ യോശുവയോടു പറഞ്ഞു: “നിന്റെ കാലിലെ ചെരുപ്പ് അഴിച്ചുകളക; വിശുദ്ധസ്ഥലത്താണ് നീ നില്‌ക്കുന്നത്.” യോശുവ അങ്ങനെ ചെയ്തു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan