Biblia Todo Logo
Bìoball air-loidhne

- Sanasan -

യോശുവ 23 - സത്യവേദപുസ്തകം C.L. (BSI)


യോശുവയുടെ വിടവാങ്ങൽ

1 ദീർഘനാളുകൾക്കുശേഷം സർവേശ്വരൻ ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് ഇസ്രായേൽജനത്തിനു വീണ്ടും സ്വസ്ഥത നല്‌കി. അപ്പോൾ യോശുവ വൃദ്ധനായിക്കഴിഞ്ഞിരുന്നു.

2 അദ്ദേഹം ഇസ്രായേൽജനത്തെയും അവരുടെ നേതാക്കന്മാരെയും ന്യായാധിപന്മാരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി പറഞ്ഞു:

3 “ഞാൻ വൃദ്ധനായിരിക്കുന്നു; നിങ്ങൾ നേരിടേണ്ടിവന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ സർവേശ്വരൻ ചെയ്തതെന്തെന്നു നിങ്ങൾ കണ്ടല്ലോ! അവിടുന്നുതന്നെ ആയിരുന്നു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്.

4 യോർദ്ദാൻനദിമുതൽ മെഡിറ്ററേനിയൻ സമുദ്രംവരെയുള്ള പ്രദേശത്ത് ഞാൻ പിടിച്ചടക്കിയതും ഇനിയും അവശേഷിച്ചിരിക്കുന്നതുമായ ദേശം മുഴുവൻ ഞാൻ നിങ്ങൾക്ക് അവകാശമായി വിഭജിച്ചുതന്നിരിക്കുന്നു.

5 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും. അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കും.

6 അതുകൊണ്ട് മോശയുടെ ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കുന്ന കാര്യത്തിൽ ജാഗ്രതയുള്ളവരായിരിക്കണം. അതിൽനിന്നു വ്യതിചലിക്കരുത്.

7 നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന വിജാതീയരുമായി നിങ്ങൾ സംസർഗം പുലർത്തരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കരുത്. അതു ചൊല്ലി സത്യം ചെയ്യരുത്; അവരെ നമസ്കരിക്കുകയോ ആരാധിക്കുകയോ അരുത്.

8 നിങ്ങളുടെ ദൈവമായ സർവേശ്വരനോടു നിങ്ങൾ ഇന്നുവരെ വിശ്വസ്തരായിരുന്നതുപോലെ മേലിലും ആയിരിക്കുക.

9 ബലിഷ്ഠരായ അസംഖ്യം ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് അവിടുന്നു നീക്കിക്കളഞ്ഞു; അവരിൽ ഒരുവനും നിങ്ങളോട് എതിർത്തുനില്‌ക്കാൻ കഴിഞ്ഞില്ല.

10 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നുതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തു; നിങ്ങളിൽ ഓരോരുത്തർക്കും ആയിരം പേരെ വീതം തുരത്താൻ കഴിഞ്ഞു.

11 അതുകൊണ്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുന്നതിൽ നിങ്ങൾ അത്യുത്സുകരായിരിക്കണം.

12 നേരേമറിച്ച് നിങ്ങൾ പിന്തിരിയുകയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന അന്യജാതിക്കാരുമായി ഇടകലരുകയും അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ,

13 നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ അന്യജാതിക്കാരെ നിങ്ങളുടെ ഇടയിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. മാത്രമല്ല അവിടുന്ന് നിങ്ങൾക്കു നല്‌കിയിരിക്കുന്ന ഈ നല്ല ദേശത്തുനിന്നും നിങ്ങൾ നിർമ്മാർജനം ചെയ്യപ്പെടുന്നതുവരെ അവർ നിങ്ങൾക്കു കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളുമായിരിക്കുമെന്നും അറിഞ്ഞുകൊള്ളുക.

14 എല്ലാ മനുഷ്യരെയുംപോലെ എനിക്കും ഈ ലോകത്തോടു യാത്രപറയാൻ സമയം ആയിരിക്കുന്നു. നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്ത സകല നന്മകളും അവിടുന്നു നല്‌കിയിരിക്കുന്നു. ഇത് നിങ്ങൾക്കു പൂർണമായി അറിയാമല്ലോ.

15 എല്ലാ വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി; അതുപോലെതന്നെ അവിടുത്തെ ഉടമ്പടി ലംഘിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾ നിശ്ശേഷം നശിക്കുന്നതുവരെ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.

16 നിങ്ങളുടെ ദൈവമായ സർവേശ്വരനോടുള്ള ഉടമ്പടി ലംഘിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താൽ അവിടുത്തെ കോപം നിങ്ങളുടെമേൽ ജ്വലിക്കും. അങ്ങനെ അവിടുന്നു നിങ്ങൾക്കു നല്‌കിയ ഈ വിശിഷ്ടമായ ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നിർമ്മാർജനം ചെയ്യപ്പെടും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan