യോശുവ 17 - സത്യവേദപുസ്തകം C.L. (BSI)മനശ്ശെയുടെ ഓഹരി 1 യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനു പിന്നീട് അവകാശം നല്‌കി. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ പിതാവുമായിരുന്ന മാഖീർ യുദ്ധവീരൻ ആയിരുന്നതുകൊണ്ട് ഗിലെയാദും ബാശാനും അയാൾക്കു ലഭിച്ചു. 2 മനശ്ശെയുടെ മറ്റു പുത്രന്മാരായ അബീയേസെർ, ഹേലെക്ക്, അസ്രീയേൽ, ശെഖേം, ഹേഫെർ, ശെമിദെ എന്നിവർക്കും കുടുംബം കുടുംബമായി അവകാശം ലഭിച്ചു. ഇവർ യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരും കുടുംബത്തലവന്മാരും ആയിരുന്നു. 3 മനശ്ശെയുടെ പുത്രൻ മാഖീർ; മാഖീരിന്റെ പുത്രൻ ഗിലെയാദ്; ഗിലെയാദിന്റെ പുത്രൻ ഹേഫെർ; ഹേഫെരിന്റെ പുത്രൻ സെലോഫഹാദ്; സെലോഫഹാദിനു പുത്രന്മാർ ഉണ്ടായിരുന്നില്ല; അയാൾക്ക് മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ, എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 4 അവർ പുരോഹിതനായ എലെയാസാരിന്റെയും നൂനിന്റെ പുത്രനായ യോശുവയുടെയും മറ്റു നേതാക്കന്മാരുടെയും അടുത്തു ചെന്നു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങൾക്കും അവകാശം നല്‌കാൻ സർവേശ്വരൻ മോശയോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ സർവേശ്വരന്റെ കല്പനപ്രകാരം സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്കും അവകാശം ലഭിച്ചു. 5 മനശ്ശെയുടെ പുത്രിമാർക്കും സഹോദരന്മാരോടൊപ്പം ഓഹരി ലഭിച്ചതുകൊണ്ട് 6 മനശ്ശെഗോത്രക്കാർക്കു യോർദ്ദാനക്കരെയുള്ള ഗിലെയാദും ബാശാനും ലഭിച്ചതു കൂടാതെ പത്ത് ഓഹരികൾ കൂടി ലഭിച്ചു; മനശ്ശെയുടെ മറ്റു പുത്രന്മാർക്കു ഗിലെയാദുദേശവും ലഭിച്ചു. 7 മനശ്ശെക്കു ലഭിച്ച ദേശത്തിന്റെ അതിര് ആശേരിൽനിന്ന് ആരംഭിച്ച് ശെഖേമിനു കിഴക്കുള്ള മിഖ്മെദാത്തിലേക്കു കടന്നു പോകുന്നു. പിന്നീട് ഏൻ-തപ്പൂഹായിലെ നിവാസികളെ ഉൾക്കൊള്ളത്തക്കവിധം തെക്കോട്ടു തിരിയുന്നു. 8 തപ്പൂഹായ്‍ക്കു ചുറ്റുമുള്ള ദേശം മനശ്ശെക്ക് അവകാശപ്പെട്ടിരുന്നു. എന്നാൽ അവരുടെ അവകാശഭൂമിയുടെ അതിർത്തിയിലുള്ള തപ്പൂഹാ പട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു. 9 പിന്നീട് മനശ്ശെക്ക് ലഭിച്ച ദേശത്തിന്റെ അതിര് കാനാതോട്ടിലേക്കു പോകുന്നു. ആ പ്രദേശമെല്ലാം മനശ്ശെക്ക് അവകാശമായി ലഭിച്ചതാണെങ്കിലും തോടിനു തെക്കുള്ള പട്ടണങ്ങൾ എഫ്രയീമ്യർക്ക് അവകാശപ്പെട്ടവ ആയിരുന്നു. മനശ്ശെക്ക് അവകാശമായി ലഭിച്ച ദേശത്തിന്റെ അതിര് തോടിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ ചെന്ന് അവസാനിക്കുന്നു. 10 എഫ്രയീംദേശം തെക്കും മനശ്ശെക്കു ലഭിച്ച ദേശം അതിനു വടക്കും ആയിരുന്നു; ഇവയുടെ പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ സമുദ്രമായിരുന്നു; ഇവ വടക്ക് ആശേരിന്റെയും കിഴക്ക് ഇസ്സാഖാരിന്റെയും അവകാശഭൂമിയോടു ചേർന്നു കിടക്കുന്നു. 11 ഇസ്സാഖാരിന്റെയും ആശേരിന്റെയും അവകാശഭൂമികൾക്കുള്ളിലുള്ള ബേത്ത്-ശെയാൻ, യിബ്ലെയാം എന്നീ ദേശങ്ങളും അവയുടെ പട്ടണങ്ങളും ദോർ, ഏൻ-ദോർ, താനാക്, മെഗിദ്ദോ എന്നീ ദേശങ്ങളിലെ ജനവും അവരുടെ പട്ടണങ്ങളും മനശ്ശെക്ക് അവകാശപ്പെട്ടവ ആയിരുന്നു. 12 എന്നാൽ മനശ്ശെഗോത്രക്കാർക്ക് ആ പ്രദേശങ്ങളിലുള്ള ജനത്തെ ഓടിച്ച് ആ പട്ടണങ്ങൾ കൈവശപ്പെടുത്താൻ കഴിഞ്ഞില്ല. 13 പിന്നീട് ഇസ്രായേല്യർ ശക്തിപ്രാപിച്ചപ്പോഴും അവരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. എഫ്രയീമും മനശ്ശെയും കൂടുതൽ ആവശ്യപ്പെടുന്നു 14 യോസേഫിന്റെ വംശജർ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങൾക്ക് ഒരു ഓഹരി മാത്രം നല്‌കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താൽ ഞങ്ങൾ ഒരു വലിയ ജനസമൂഹം ആയിത്തീർന്നിരിക്കുന്നുവല്ലോ.” 15 യോശുവ പ്രതിവചിച്ചു: “നിങ്ങൾ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പർവതപ്രദേശം നിങ്ങൾക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കിൽ പെരിസ്യർക്കും രെഫായീമ്യർക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.” 16 അപ്പോൾ അവർ പറഞ്ഞു: “ആ പ്രദേശം ഞങ്ങൾക്ക് മതിയാകുകയില്ല; മാത്രമല്ല ബേത്ത്-ശെയാനിലും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളിലും ജെസ്രീൽ താഴ്‌വരയിലും നിവസിക്കുന്ന കനാന്യർ ഇരുമ്പു രഥങ്ങൾ ഉള്ളവരാണ്.” 17 യോശുവ എഫ്രയീമിന്റെയും മനശ്ശെയുടെയും ഗോത്രങ്ങൾ ഉൾപ്പെടുന്ന യോസേഫ് വംശജരോട് പറഞ്ഞു: “നിങ്ങൾ ഒരു വലിയ ജനസമൂഹവും അതിശക്തന്മാരുമാണ്; അതുകൊണ്ട് നിങ്ങൾക്ക് ഒരു ഓഹരിമാത്രം ലഭിച്ചാൽ പോരാ. 18 പർവതപ്രദേശം നിങ്ങൾക്കുള്ളതുതന്നെയാണ്; അതു വനപ്രദേശമാണെങ്കിലും അതിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വെട്ടിത്തെളിച്ചു നിങ്ങൾ അത് അവകാശമാക്കുക; കനാന്യർ കരുത്തരും ഇരുമ്പു രഥങ്ങൾ ഉള്ളവരും ആണെങ്കിലും നിങ്ങൾക്ക് അവരെ ഓടിച്ചുകളയാൻ കഴിയും.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India