യോശുവ 15 - സത്യവേദപുസ്തകം C.L. (BSI)യെഹൂദായുടെ ഓഹരി 1 യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്റെ അതിർത്തിയിലുള്ള സീൻമരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു. 2 അവരുടെ ദേശത്തിന്റെ തെക്കേ അതിര്, ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽനിന്ന് ആരംഭിച്ചു. 3 അക്രബ്ബീം മലയിടുക്കിലൂടെ സീൻമരുഭൂമിയിൽ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേർന്ന് വളഞ്ഞ് കാർക്കവരെയും 4 പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലിൽ അവസാനിക്കുന്നു. 5 കിഴക്കേ അതിര് യോർദ്ദാൻനദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോർദ്ദാൻനദീമുഖത്തുള്ള ഉൾക്കടലിൽ ആരംഭിച്ച്, 6 ബേത്ത്-ഹൊഗ്‍ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലുവരെയും 7 അവിടെനിന്ന് ആഖോർ താഴ്‌വരമുതൽ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്റെ തെക്ക് അദുമ്മീമിന് എതിർവശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. 8 അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്റെ-തെക്കേ അറ്റത്തു ബെൻ-ഹിന്നോം താഴ്‌വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്‌വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്‌വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു. 9 അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്, 10 ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീർമല കടന്നു കെസാലോൻ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശിൽ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു. 11 പിന്നീട് ആ അതിര് എക്രോന്റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലിൽ വച്ചു കടലിൽ അവസാനിക്കുന്നു. 12 പടിഞ്ഞാറേ അതിരു മെഡിറ്ററേനിയൻ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകൾ ഇവയാണ്. ഹെബ്രോനും ദെബീരും ആക്രമിക്കുന്നു ( ന്യായാ. 1:11-15 ) 13 സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്റെ അവകാശഭൂമിയിൽ കിര്യത്ത്-അർബ്ബ (ഹെബ്രോൻ പട്ടണം) നല്‌കി. അനാക്കിന്റെ പിതാവായിരുന്നു അർബ്ബ. 14 അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി. 15 പിന്നീട് ദെബീർനിവാസികളെ ആക്രമിക്കാൻ പുറപ്പെട്ടു. കിര്യത്ത്-സേഫെർ എന്ന പേരിലായിരുന്നു ദെബീർ മുൻപ് അറിയപ്പെട്ടിരുന്നത്; 16 കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്‌കുമെന്നു കാലേബ് പറഞ്ഞിരുന്നു. 17 കാലേബിന്റെ സഹോദരനായ കെനസിന്റെ പുത്രൻ ഒത്നീയേൽ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്റെ മകൾ അക്സായെ അവനു ഭാര്യയായി നല്‌കുകയും ചെയ്തു. 18 അവൾ ഭർത്താവിന്റെ അടുക്കൽ വന്നപ്പോൾ തന്റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാൻ അവൻ അവളെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു. 19 അവൾ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരൾച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‌കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകൾ കൂടി നല്‌കിയാലും.” അവൾ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്‌വരയിലുമുള്ള നീരുറവുകൾ കാലേബ് അവൾക്ക് വിട്ടുകൊടുത്തു. യെഹൂദാപട്ടണങ്ങൾ 20 യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങൾ താഴെപ്പറയുന്നതാണ്. 21 തെക്കേ ദേശത്ത് എദോമിന്റെ അതിർത്തിയിലുള്ള യെഹൂദാപട്ടണങ്ങൾ ഇവയാണ്: 22 കെബ്സെയേൽ, ഏദെർ, യാഗുർ, കീനാ, ദിമോനാ, 23 അദാദാ, കേദെശ്, ഹാസോർ, യിത്നാൻ, 24 സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, 25 കെരിയോത്ത്-ഹെസ്രോൻ (ഹാസോർ), 26-27 അമാം, ശെമ, മോലാദാ, ഹസർ- ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, 28 ഹസർ- ശൂവാൽ, ബേർ-ശേബ, 29 ബിസോത്യ, ബാലാ, ഇയ്യീം, ഏസെം, 30 എൽ-തോലദ്, കെസീൽ, ഹോർമ്മാ, 31 സിക്ലാഗ്, മദ്മന്നാ, സൻസന്നാ, ലെബായോത്ത്, ശിൽഹിം, 32 ആയീൻ, രിമ്മോൻ എന്നീ ഇരുപത്തൊൻപതു പട്ടണങ്ങളും അവയോടു ചേർന്ന ഗ്രാമങ്ങളും. 33 താഴ്‌വരയിൽ എസ്തായോൽ, സൊരാ, 34 അശ്നാ, സനോഹാ, ഏൻ-ഗന്നീം, തപ്പൂഹാ, എനാം, 35 യർമൂത്ത്, അദുല്ലാം, സോഖോ, 36 അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 37-38 സെനാൻ, ഹദാശാ, മിഗ്ദൽ-ഗാദ്, ദിലാൻ, 39 മിസ്പെ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, 40 എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, 41 ബേത്ത്-ദാഗോൻ, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 42 ലിബ്നാ, ഏഥെർ, 43 ആശാൻ, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ, 44 അക്ലീബ്, മാരേശാ എന്നീ ഒൻപതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 45 എക്രോനും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; 46 എക്രോൻമുതൽ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും. 47 അസ്തോദും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്റെ ഭാഗംതന്നെ. 48 മലമ്പ്രദേശത്ത്: ശാമീർ, യത്ഥീർ, സോഖോ, 49 ദന്നാ, ദെബീർ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-സന്നാ, 50 അനാബ്, എസ്തെമോ, ആനീം, 51 ഗോശെൻ, ഹോലോൻ, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 52 അരാബ്, ദൂമാ, എശാൻ, യാനീം, 53 ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ, 54 ഹെബ്രോൻ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-അർബ, സീയോർ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 55-56 മാവോൻ, കർമ്മേൽ, സീഫ്, യൂതാ, ജെസ്രീൽ, 57 യോക്ക്ദെയാം, സാനോഹാ, കയീൻ, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 58 ഹൽഹൂൽ, ബേത്ത്-സൂർ, 59 ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽ-തെക്കോൻ എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 60 കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാൽ, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 61 മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീൻ, സെഖാഖാ, 62 നിബ്ശാൻ, ഈർ-ഹമേലഹ്, എൻ-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. 63 യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാൻ യെഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യർ യെഹൂദാഗോത്രക്കാരോടു ചേർന്ന് യെരൂശലേമിൽ ഇന്നും പാർക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India