Biblia Todo Logo
Bìoball air-loidhne

- Sanasan -

യോശുവ 14 - സത്യവേദപുസ്തകം C.L. (BSI)


യോർദ്ദാനു പടിഞ്ഞാറുള്ള പ്രദേശം

1 പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേൽഗോത്രങ്ങളിലെ നേതാക്കന്മാരും ചേർന്ന് കനാൻദേശത്ത് ഇസ്രായേല്യർക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങൾ ജനത്തിനു വിഭജിച്ചുകൊടുത്തു.

2 സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ ഒൻപതര ഗോത്രക്കാർക്ക് നറുക്കിട്ട് അവരുടെ അവകാശം വിഭജിച്ചു കൊടുത്തു.

3 രണ്ടര ഗോത്രക്കാർക്ക് മോശ യോർദ്ദാനു കിഴക്കുള്ള ഭൂമി അവകാശമായി നല്‌കിയിരുന്നു. എന്നാൽ ലേവ്യർക്ക് അവരുടെ ഇടയിൽ ഒരവകാശവും നല്‌കിയിരുന്നില്ല.

4 യോസേഫിന്റെ പിൻതലമുറക്കാർ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ലേവ്യർക്ക് പാർക്കുന്നതിനുള്ള പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മറ്റു മൃഗങ്ങൾക്കും മേയുന്നതിനുള്ള പുല്പുറങ്ങളുമല്ലാതെ വേറെ ഓഹരി ഒന്നും നല്‌കപ്പെട്ടിരുന്നില്ല.

5 സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അവർ ഇസ്രായേൽജനത്തിന് ദേശം വിഭജിച്ചുകൊടുത്തു.


ഹെബ്രോൻ കാലേബിന്

6 ഒരു ദിവസം യെഹൂദാഗോത്രക്കാരിൽ ചിലർ ഗില്ഗാലിൽ വച്ച് യോശുവയെ സമീപിച്ചു. കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹം യോശുവയോടു പറഞ്ഞു: “കാദേശ്-ബർന്നേയയിൽവച്ചു സർവേശ്വരൻ നമ്മെ ഇരുവരെയും കുറിച്ചു ദൈവപുരുഷനായ മോശയോടു പറഞ്ഞ കാര്യങ്ങൾ അങ്ങ് ഓർക്കുന്നുണ്ടായിരിക്കുമല്ലോ.

7 സർവേശ്വരന്റെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്റെ വ്യക്തമായ അഭിപ്രായം ഞാൻ അദ്ദേഹത്തെ അറിയിച്ചു.

8 എന്നാൽ എന്റെകൂടെ ഉണ്ടായിരുന്നവർ തങ്ങളുടെ വാക്കുകളാൽ ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്തത്. ഞാനാകട്ടെ എന്റെ ദൈവമായ സർവേശ്വരനെ പൂർണമായി പിന്തുടർന്നു.

9 ഞാൻ അങ്ങനെ ചെയ്തതുകൊണ്ട് നിന്റെ കാൽ പതിഞ്ഞ ദേശമെല്ലാം നിനക്കും നിന്റെ മക്കൾക്കും ശാശ്വതാവകാശമായി ലഭിക്കുമെന്നു മോശ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു.

10 മരുഭൂമിയിൽ സഞ്ചരിച്ചിരുന്നപ്പോഴായിരുന്നു സർവേശ്വരൻ ഇതു മോശയിലൂടെ അരുളിച്ചെയ്തത്. അതിനുശേഷം നാല്പത്തിയഞ്ചു വർഷം കഴിഞ്ഞു. അവിടുന്നു പ്രതിജ്ഞ ചെയ്തിരുന്നതുപോലെതന്നെ എന്നെ ഇതുവരെയും കാത്തുസൂക്ഷിച്ചു. ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി. മോശ എന്നെ അയച്ച സമയത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോഴും എനിക്ക് ഉണ്ട്.

11 യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും.

12 അതുകൊണ്ട് സർവേശ്വരൻ അന്നു കല്പിച്ച പ്രകാരം ഈ പർവതപ്രദേശം എനിക്ക് ഇപ്പോൾ തരിക. അനാക്യരും കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും അവിടെ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. സർവേശ്വരൻ എന്റെകൂടെ ഉണ്ടെങ്കിൽ അവിടുന്നു കല്പിച്ചതുപോലെതന്നെ ഞാൻ അവരെ ഓടിക്കും.”

13 യെഫുന്നെയുടെ പുത്രനായ കാലേബിനെ യോശുവ അനുഗ്രഹിക്കുകയും ഹെബ്രോൻ പ്രദേശം അവകാശമായി കൊടുക്കുകയും ചെയ്തു.

14 കെനിസ്യനായ യെഫുന്നെയുടെ മകനായ കാലേബ് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു പൂർണമായി വിശ്വസ്തത പുലർത്തിയിരുന്നതുകൊണ്ട് ഹെബ്രോൻ ഇന്നും കാലേബിന്റെ പിൻതലമുറക്കാർക്ക് അവകാശപ്പെട്ടതായിരിക്കുന്നു.

15 ഹെബ്രോന്റെ ആദ്യത്തെ പേര് കിര്യത്ത്-അർബ എന്നായിരുന്നു; അനാക്യരിൽ ഏറ്റവും പ്രബലനായിരുന്നു അർബ. യുദ്ധം അവസാനിച്ചു; നാട്ടിൽ സമാധാനം ഉണ്ടായി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan