Biblia Todo Logo
Bìoball air-loidhne

- Sanasan -

യോശുവ 12 - സത്യവേദപുസ്തകം C.L. (BSI)


കീഴടക്കിയ രാജാക്കന്മാർ

1 യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വരമുതൽ ഹെർമ്മോൻ മലവരെയുള്ള പ്രദേശം ഇസ്രായേൽജനം ആക്രമിച്ച് കൈവശപ്പെടുത്തി. ആ പ്രദേശങ്ങളിലെ രാജാക്കന്മാരെ തോല്പിക്കുകയും ചെയ്തു.

2 അവരിൽ ഒരാളാണ് ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ. അർന്നോൻ താഴ്‌വരയുടെ അതിരിലുള്ള അരോവേർ കേന്ദ്രമാക്കി അദ്ദേഹം ഭരിച്ചു; ആ താഴ്‌വരയുടെ മധ്യഭാഗം മുതൽ യബ്ബോക്ക് നദിവരെയുള്ള ഗിലെയാദിന്റെ പകുതിഭാഗം-അമ്മോന്യരുടെ അതിർത്തിവരെ-സീഹോൻ ഭരിച്ചിരുന്നു.

3 കിന്നെരോത്ത് കടൽ മുതൽ അരാബാക്കടൽവരെയും ബേത്ത്-യെശീമോത്തുവരെയും ഉള്ള കിഴക്കൻ അരാബായും പിസ്ഗാ മലഞ്ചരിവിന്റെ തെക്കുഭാഗവും അതിൽ ഉൾപ്പെട്ടിരുന്നു.

4 രെഫായീമ്യരുടെ കൂട്ടത്തിൽ ശേഷിച്ചിരുന്നവരിൽ ഒരാളായ ബാശാനിലെ ഓഗ്‍രാജാവിനെയും അവർ പരാജയപ്പെടുത്തി. രെഫായീമ്യർ അസ്താരോത്തിലും എദ്രെയിലും പാർത്തിരുന്നു.

5 ഹെർമ്മോൻ പർവതവും സൽക്കയും ബാശാൻദേശം മുഴുവനും ഗെശൂര്യർ, മാഖാത്യർ എന്നിവരുടെ ദേശവും ഗിലെയാദിന്റെ പകുതിഭാഗവും ഹെശ്ബോനിലെ സീഹോൻരാജാവിന്റെ രാജ്യത്തിന്റെ അതിർവരെയുള്ള സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശം ഓഗിന്റെ ഭരണത്തിൻ കീഴിലായിരുന്നു.

6 സർവേശ്വരന്റെ ദാസനായ മോശയും ഇസ്രായേൽജനവും കൂടി അവരെ പരാജയപ്പെടുത്തി; അവരുടെ ദേശമെല്ലാം രൂബേൻ, ഗാദ് ഗോത്രക്കാർക്കും മനശ്ശെയുടെ പകുതിഗോത്രക്കാർക്കും അവകാശമായി മോശ നല്‌കിയിരുന്നു.

7 യോശുവയും ഇസ്രായേൽജനവും ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ്മുതൽ സേയീർ കയറ്റത്തിലെ ഹാലാക്മലവരെയുള്ള പ്രദേശം പിടിച്ചടക്കി. ആ പ്രദേശം ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി യോശുവ വിഭജിച്ചു കൊടുത്തു.

8 മലനാട്, പടിഞ്ഞാറൻ താഴ്‌വര, യോർദ്ദാൻ താഴ്‌വര, കിഴക്കേ ചരിവ്, നെഗെബ് എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും കൂടി പരാജയപ്പെടുത്തി.

9 യെരീഹോ, ബേഥേലിനു സമീപമുള്ള ഹായി,

10 യെരൂശലേം, ഹെബ്രോൻ, യർമൂത്ത്,

11-12 ലാഖീശ്, എഗ്ലോൻ, ഗേസെർ, ദെബീർ,

13-14 ഗേദെർ, ഹോർമ്മാ, ആരാദ്, ലിബ്നാ, അദുല്ലാം,

15-16 മക്കേദാ, ബേഥേൽ, തപ്പൂഹാ, ഹേഫെർ,

17-18 അഫേക്, ലാശറോൻ, മാദോൻ, ഹാസോർ,

19-20 ശിമ്രോൻ-മെരോൻ, ആക്ശാഫ്, താനാക്,

21-22 മെഗിദ്ദോ, കാദേശ്, കർമ്മേലിലെ യോക്നെയാം,

23 കടൽത്തീരത്തുള്ള ദോർ, ഗില്ഗാൽ (ഗോയീം രാജാവ്),

24 തിർസാ, എന്നീ മുപ്പത്തൊന്നു പട്ടണങ്ങളിലെ രാജാക്കന്മാരെയും ഇസ്രായേൽജനം കീഴടക്കി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan