Biblia Todo Logo
Bìoball air-loidhne

- Sanasan -

യോനാ 3 - സത്യവേദപുസ്തകം C.L. (BSI)


യോനാ ദൈവത്തെ അനുസരിക്കുന്നു

1 സർവേശ്വരൻ വീണ്ടും യോനായോട് അരുളിച്ചെയ്തു:

2 “നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാൻ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.”

3 അങ്ങനെ ദൈവകല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോയി. ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് എത്താൻ മൂന്നുദിവസം നടക്കേണ്ടത്ര വലിയ നഗരമാണ് നിനെവേ.

4 യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോൾ നിനെവേയ്‍ക്ക് ഉന്മൂലനാശം സംഭവിക്കും.”

5 നിനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവർതൊട്ടു ചെറിയവർവരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു.

6 ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂർവം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.

7 തുടർന്ന് നിനെവേയിൽ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.

8 മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തിൽ ദൈവത്തെ വിളിച്ചു പ്രാർഥിക്കണം; എല്ലാവരും ദുർമാർഗങ്ങളിൽനിന്നും അധർമങ്ങളിൽനിന്നും പിന്തിരിയട്ടെ.”

9 ദൈവം തന്റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു?

10 ദൈവം അവരുടെ ഈ പ്രവൃത്തികളും ദുർവൃത്തികളിൽനിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ച അനർഥങ്ങൾ അയച്ചില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan