Biblia Todo Logo
Bìoball air-loidhne

- Sanasan -

യോനാ 1 - സത്യവേദപുസ്തകം C.L. (BSI)


യോനാ ദൈവകല്പന നിഷേധിക്കുന്നു

1 അമിത്ഥായുടെ പുത്രൻ യോനായ്‍ക്ക് ദൈവത്തിന്റെ അരുളപ്പാടുണ്ടായി:

2 “നീ മഹാനഗരമായ നിനെവേയിൽ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”

3 എന്നാൽ യോനാ സർവേശ്വരന്റെ സന്നിധിയിൽനിന്ന് തർശ്ശീശിലേക്ക് ഓടിപ്പോകാൻ ഒരുങ്ങി. അയാൾ യോപ്പയിൽ എത്തി; അവിടെ തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രക്കൂലി കൊടുത്ത് കയറി. അങ്ങനെ സർവേശ്വരന്റെ സന്നിധിയിൽനിന്നു സഹയാത്രികരോടൊത്ത് തർശ്ശീശിലേക്കു പുറപ്പെട്ടു.

4 എന്നാൽ സർവേശ്വരൻ കടലിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു. കടൽ ക്ഷോഭിച്ചു; കപ്പൽ തകർന്നുപോകുമെന്ന നിലയായി.

5 കപ്പലിൽ ഉള്ളവർ പരിഭ്രാന്തരായി, ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാർഥിച്ചു. കേവുഭാരം കുറയ്‍ക്കാൻ കപ്പൽക്കാർ ചരക്കുകൾ കടലിലെറിഞ്ഞു. എന്നാൽ യോനാ ഈ സമയത്ത് കപ്പലിന്റെ അടിത്തട്ടിൽ സുഖമായി ഉറങ്ങുകയായിരുന്നു.

6 കപ്പിത്താൻ അടുത്തുചെന്ന് യോനായെ ഉണർത്തി ചോദിച്ചു: “ഇതെന്ത്! ഈ സമയത്ത് കിടന്നുറങ്ങുകയോ? എഴുന്നേറ്റു നിങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാർഥിക്കൂ. ഒരുവേള ദൈവം കനിവു തോന്നി നമ്മെ രക്ഷിച്ചാലോ.”

7 പിന്നീട് കപ്പലിലുണ്ടായിരുന്നവർ പരസ്പരം പറഞ്ഞു: “വരൂ, ആരു നിമിത്തമാണ് ഈ അനർഥം നമുക്ക് ഉണ്ടായിരിക്കുന്നതെന്ന് അറിയാൻ നറുക്കിട്ടു നോക്കാം.” അങ്ങനെ അവർ നറുക്കിട്ടു. നറുക്കു യോനായ്‍ക്കാണു വീണത്.

8 അവർ യോനായോടു ചോദിച്ചു: “ആരു നിമിത്തമാണ് ഈ അനർഥം ഉണ്ടായതെന്നു താങ്കൾതന്നെ പറയുക; താങ്കളുടെ തൊഴിലെന്ത്? എവിടെനിന്നു വരുന്നു? ഏതു രാജ്യക്കാരൻ? ഏതു ജനതയിൽപ്പെടുന്നു?”

9 യോനാ മറുപടി പറഞ്ഞു: “ഞാൻ ഒരു എബ്രായനാണ്. കടലും കരയും സൃഷ്‍ടിച്ച സ്വർഗസ്ഥനായ സർവേശ്വരനെ ഞാൻ ആരാധിക്കുന്നു.” ദൈവകല്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്നു താൻ ഓടിപ്പോകുകയാണെന്നു യോനാ അവരോടു പറഞ്ഞു.

10 അതു കേട്ട് അവർ അത്യന്തം ഭയപ്പെട്ടു. അവർ ചോദിച്ചു: “താങ്കൾ ഇങ്ങനെ ചെയ്തതെന്തിന്? താങ്കളോട് എന്തു ചെയ്താൽ കടൽ ശാന്തമാകും?

11 കടൽക്ഷോഭം അടിക്കടി വർധിച്ചുകൊണ്ടിരുന്നു.

12 യോനാ മറുപടി പറഞ്ഞു: “എന്നെ കടലിൽ എറിഞ്ഞുകളഞ്ഞാൽ അതു ശാന്തമാകും. ഞാൻ നിമിത്തമാണ് ഈ കടൽക്ഷോഭം നിങ്ങൾ നേരിടുന്നതെന്ന് എനിക്കറിയാം.”

13 യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്‍ക്കടുപ്പിക്കാൻ നാവികർ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അതിനു കഴിഞ്ഞില്ല.

14 എല്ലാവരും സർവേശ്വരനോടു നിലവിളിച്ചു പ്രാർഥിച്ചു: “സർവേശ്വരാ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചുപോകാൻ ഇടയാകരുതേ; നിർദോഷരക്തത്തിന്റെ അപരാധം ഞങ്ങളുടെമേൽ വരരുതേ; അവിടുന്ന് ഇച്ഛിച്ചത് അങ്ങു ചെയ്തിരിക്കുന്നു.”

15 പിന്നീട് അവർ യോനായെ എടുത്ത് കടലിൽ എറിഞ്ഞു. ഉടനെ കടൽ ശാന്തമായി, അതുകണ്ട് അവർ സർവേശ്വരനെ അത്യന്തം ഭയപ്പെട്ടു.

16 അവിടുത്തേക്ക് ഒരു യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.

17 യോനായെ വിഴുങ്ങാൻ ഒരു വലിയ മത്സ്യത്തെ സർവേശ്വരൻ നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്റെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan